Uncategorized

ഇന്ത്യന്‍ എംബസി – ഐ.സി.ബി.എഫ്, അല്‍ഖോര്‍ കോണ്‍സുലര്‍ ക്യാമ്പിന് വന്‍ പ്രതികരണം

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസ്സി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ഐ.സി.ബി.എഫ്) സഹകരിച്ച് ഒക്ടോബര്‍ 13 വെള്ളിയാഴ്ച അല്‍ഖോറില്‍ സംഘടിപ്പിച്ച പ്രത്യേക കോണ്‍സുലര്‍ ക്യാമ്പിന്റെ സേവനങ്ങള്‍ പ്രദേശവാസികളായ 160 ഓളം പേര്‍ പ്രയോജനപ്പെടുത്തി. രാവിലെ 8 ന് തുടങ്ങി, ഉച്ചക്ക് 12.30 വരെ നീണ്ട ക്യാമ്പില്‍, പാസ്പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) തുടങ്ങിയ സേവനങ്ങള്‍ ലഭ്യമായിരുന്നു.

അല്‍ഖോറിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യാക്കാര്‍ക്ക്, ഇത്രയും ദൂരം സഞ്ചരിച്ച് ദോഹയിലെത്തി എംബസ്സി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പലപ്പോഴും ബുദ്ധിമുട്ട് ആയിരുന്നു. മാത്രവുമല്ല, വെള്ളിയാഴ്ചകളില്‍ മാത്രം അവധിയുള്ളവര്‍ക്ക്, ഒരു പ്രവൃത്തി ദിവസം ദോഹയില്‍ വന്ന് കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പരിമിതികള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം ഒരു പരിഹാരമായിരുന്നു അവധി ദിനമായ വെള്ളിയാഴ്ച സംഘടിപ്പിച്ച ക്യാമ്പ്. മാത്രവുമല്ല, താരതമ്യേന താഴ്ന്ന വരുമാനക്കാരും, ഗതാഗത സൗകര്യങ്ങള്‍ ഇല്ലാത്തതുമായ സഹോദരങ്ങള്‍ക്ക്, എംബസ്സി സേവനങ്ങള്‍ക്കായി ദോഹയിലെത്തുന്നത് ഒഴിവാക്കുവാനും ഇത്തരം ക്യാമ്പുകള്‍ സഹായകരമാവുന്നുണ്ട്.

ക്യാമ്പില്‍ പ്രാഥമിക സേവനങ്ങള്‍ക്കൊപ്പം, വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനും, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും ഉള്ള സൗകര്യവും ഒരുക്കിയിരുന്നു.

ആളുകളുടെ പ്രതികരണത്തിലും ക്യാമ്പിന്റെ വിജയത്തിലും സന്തോഷം പ്രകടിപ്പിച്ച ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഇത്തരം ക്യാമ്പുകള്‍ ദോഹയുടെ വിദൂരസ്ഥലങ്ങളില്‍, തുടര്‍ച്ചയായി സംഘടിപ്പിക്കുവാന്‍ ഐ.സി.ബി എഫ് പ്രതിഞ്ജാബന്ധമാണെന്നും അറിയിച്ചു.
ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി, എംബസ്സി ഉദ്യോഗസ്ഥര്‍ക്കൊപ്പം, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ കുല്‍ദീപ് കൗര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, ശങ്കര്‍ ഗൗഡ് തുടങ്ങിയവരും, ഐ.സി.ബി.എഫ് സ്റ്റാഫംഗങ്ങളും, വിവിധ സംഘടനാ വോളണ്ടിയര്‍മാരും, ക്യാമ്പിന് വേദിയായ കോര്‍ ബേ റസിഡന്‍സിയിലെ മാനേജര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരും സജീവമായിത്തന്നെ, ആദ്യാവസാനം രംഗത്തുണ്ടായിരുന്നു.

ക്യാമ്പില്‍ സ്വീകരിച്ച അപേക്ഷകള്‍ പ്രകാരമുള്ള പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍, ഒക്ടോബര്‍ 20 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 11 വരെയുള്ള സമയത്ത്, അതേ വേദിയില്‍ തന്നെ എത്തിച്ച് വിതരണം ചെയ്യുമെന്നും ഐ.സി.ബി.എഫ് വൃത്തങ്ങള്‍ അറിയിച്ചു. ഒറിജിനല്‍ രശീതിയുമായി വന്ന് കൈപ്പറ്റാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!