അല്‍ഖോറില്‍ നടന്ന ഐ.സി.ബി.എഫ് 46-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 400 ഓളം പേര് പ്രയോജനപ്പെടുത്തി

ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), അല്‍ഖോറിലും, പരിസര പ്രദേശത്തുമുള്ള താഴ്ന്ന വരുമാനക്കാര്‍ക്കായി സംഘടിപ്പിച്ച 46-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒട്ടനവധി പേര്‍ക്ക് സഹായമായി. സമൂഹത്തിന്റെ എല്ലാ മേഖലകളിലും, വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും, ആവശ്യമായ സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള ഐ.സി.ബി.എഫിന്റെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതായിരുന്നു ഒക്ടോബര്‍ 20 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ അല്‍ഖോറിലെ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പ്.
ഏതാണ്ട് 400 ല്‍ അധികം പേര്, വിവിധ രക്തപരിശോധനകള്‍, രക്തസമ്മര്‍ദ്ദ പരിശോധന, ഡോക്ടര്‍ കണ്സല്ട്ടേഷന് അടക്കമുള്ള സുപ്രധാന സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.
തെലുങ്ക് കലാ സമിതി, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം, ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്, ക്യൂ ലൈഫ് ഫാര്‍മ എന്നിവയുടെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍, പങ്കെടുത്തവര്‍ക്ക് സൗജന്യമായി മരുന്നുകളും, ഫിസിയോതെറാപ്പി സെഷനുകളും ലഭ്യമാക്കിയിരുന്നു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ നിര്‍വ്വഹിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ ഒരു കുടക്കീഴില് കൊണ്ടുവരുന്നതിലും, ആവശ്യക്കാരായവര്‍ക്ക് സഹായമെത്തിക്കുന്നതിലുമുള്ള ഐ.സി.ബി.എഫിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു. അംബാസഡര്‍ ക്യാമ്പിലെ സൗകര്യങ്ങള്‍ സന്ദര്‍ശിക്കുകയും, പങ്കെടുത്തവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പിലെ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തത്തിന് അദ്ദേഹം എവര്‍ക്കും നന്ദിയും അഭിനന്ദനവും അറിയിച്ചു. രാവിലെ 8 മണിക്കാണ് ക്യാമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും, 7:00 മണിക്ക് തന്നെ ആളുകള്‍ എത്തിത്തുടങ്ങിയത്, ഇത്തരം സംരംഭങ്ങളോടുള്ള താത്പര്യവും ആവശ്യകതയുമാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംസാരിച്ച, തെലുങ്ക് കലാസമിതി പ്രസിഡന്റ് ഹരീഷ് റെഡ്ഡി, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, സജിത്ത് വിക്രമന് പിള്ള, ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് രക്ഷാധികാരി അഷറഫ്, മുന്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എന്‍. ബാബുരാജന് തുടങ്ങിയവര്‍ ഐ.സി.ബി.എഫുമായുള്ള സഹകരണത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും, തുടര്‍ച്ചയായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.സി.ബി.എഫിനെ അഭിനന്ദിക്കുകയും ചെയ്തു.
ഐ.സി.ബി.എഫ് സെക്രട്ടറിയും മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്ററുമായ മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
തെലുങ്ക് കലാ സമിതി, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, ഇന്ത്യന്‍ ഫിസിയോ തെറാപ്പി ഫോറം, ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്, ക്യൂ ലൈഫ് ഫാര്‍മ എന്നിവര്‍ക്കുള്ള
സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ അംബാസഡറും, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും വിതരണം ചെയ്തു.
ഐ. സി.ബി. എഫ് മത്സ്യതൊഴിലാളി ക്ഷേമ മേധാവി ശങ്കര്‍ ഗൗഡ്, ട്രഷറര്‍ കുല്‍ദീപ് കൗര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സമീര്‍ അഹമ്മദ്, കുല്‍വീന്ദര്‍ സിംഗ് ഹണി തുടങ്ങിയവരും, വിവിധ സംഘടനാ വോളണ്ടിയേഴ്സും ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ചു.