മഴക്കെടുതിയില്‍ വലഞ്ഞ് ജനം, ഇന്നും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്നലെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴ ഗതാഗത തടസ്സവും മറ്റു പ്രയാസങ്ങളും സൃഷ്ടിച്ചു. പല റോഡുകളിലും മണിക്കൂറുകളാണ് യാത്രക്കാര്‍ കുടുങ്ങിയത്. സല്‍വ റോഡ്, സബാഹ് അല്‍-അഹമ്മദ് ഇടനാഴി, ഫെബ്രുവരി 22 റോഡ് എന്നിവിടങ്ങളില്‍ അപ്രതീക്ഷിതമായി വെള്ളം ഒഴുകുന്നതിനാല്‍ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് വാഹനമോടിക്കുന്നവരോട് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ ഒരു ഉപദേശം പോസ്റ്റ് ചെയ്തിരുന്നെങ്കിലും വാഹനമോടിക്കുന്നതിനിടെ സോഷ്യല്‍ മീഡിയ നോക്കാത്തതിനാലാണ് പലരും കുടുങ്ങിയത്.
വെള്ളം കവിഞ്ഞൊഴുകിയതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. ഗതാഗതം നിയന്ത്രിക്കുന്നതിനും വെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അധികൃതര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചെങ്കിലും മഴ തുടര്‍ന്നതിനാല്‍ ജനം മണിക്കൂറുകളോളം വലഞ്ഞു.
ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.
മഴക്കെടുതികളുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളില്‍ പൊതുമരാമത്ത് അതോറിറ്റിയുടെ സംയുക്ത സമിതിയുമായി 184, 18 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അശ് ഗാല്‍ അറിയിച്ചു.