ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തുന്ന നുഴഞ്ഞുകയറ്റത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന നുഴഞ്ഞുകയറ്റത്തില്‍ ഖത്തര്‍ ഭരണകൂടം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. വളരെ അപകടകരമായ ഒരു സംഭവവികാസമാണിതെന്നും അത് മുനമ്പിലെ സുരക്ഷ തകര്‍ക്കുകയും പ്രത്യേകിച്ച് സാധാരണക്കാരുടെയും ബന്ദികളുടെയും സുരക്ഷയ്ക്ക് ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് ഖത്തര്‍ അഭിപ്രായപ്പെട്ടു. മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലും മാത്രമല്ല മധ്യസ്ഥതയിലും സമാധാന ശ്രമങ്ങളിലും അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സഹായം എത്തിക്കുന്നതിനും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുമായി യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തിന്റെ നഗ്‌നമായ ലംഘനമാണ് ഈ നുഴഞ്ഞുകയറ്റമെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. ഈ സാഹചര്യത്തില്‍, ഗാസ മുനമ്പിലെ മാനുഷിക ഉടമ്പടി അംഗീകരിച്ചുകൊണ്ട് പ്രമേയത്തോട് പ്രതികരിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടിയെടുക്കണമെന്ന് അത് ആവശ്യപ്പെട്ടു.
ഗാസ മുനമ്പിലേക്കുള്ള വിനാശകരമായ ഇസ്രായേല്‍ നുഴഞ്ഞുകയറ്റം കൂട്ടായ ശിക്ഷയുടെ നയത്തിന്റെ ഭാഗമാണെന്ന് മന്ത്രാലയം പറഞ്ഞു. സഹോദരങ്ങളായ ഫലസ്തീന്‍ ജനതയെ ഗാസ മുനമ്പില്‍ നിന്ന് ബലമായി പുറത്താക്കാനും സിവിലിയന്‍മാരെ പലായനം ചെയ്യാനോ അയല്‍രാജ്യങ്ങളില്‍ പ്രാപിക്കാനോ നിര്‍ബന്ധിക്കുന്ന ഇസ്രായേലി നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക വ്യവസ്ഥകളുടെയും ലംഘനമാണ്
ഫലസ്തീനികളുടെ രക്തച്ചൊരിച്ചിലിന് തടയിടാനുള്ള മാര്‍ഗം കണ്ടെത്താനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് ഖത്തര്‍ ഫലപ്രദമായ സംഭാവന നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.