വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കേരള ഫെസ്റ്റ് അവിസ്മരണീയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഘടകം ബെഞ്ച് മാര്‍ക് ഈവന്റ്‌സ്, അത്ലന്‍ സ്പോര്‍ട്സ് എന്നിവയുമായി സഹകരിച്ച് അല്‍ അറബി ക്‌ളബ്ബില്‍ സംഘടിപ്പിച്ച കേരള ഫെസ്റ്റ് വേദിയിലേക്കൊഴുകിയെത്തിയ ആയിരങ്ങള്‍ക്ക് അവിസ്മരണിയമായി.
രാവിലെ മുതല്‍ ആരംഭിച്ച കേരളീയ രീതിയിലുള്ള ആഘോഷപരിപാടികള്‍ പലര്‍ക്കും ഗൃഹാതുര ഓര്‍മകള്‍ സമ്മാനിച്ചു. പൂക്കളമല്‍സരത്തോടെയാണ് പരിപാടിയാരംഭിച്ചത്. ഖത്തറിലെ നിരവധി സ്‌കൂളുകള്‍ പങ്കെടുത്ത പൂക്കള മല്‍സരം ഏറെ മനോഹരമായ വിരുന്നാണ് കാഴ്ചക്കാര്‍ക്ക് നല്‍കിയത്. ഓഡിറ്റോറിയത്തിന്റെ പ്രവേശന കവാടത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഖത്തര്‍ പ്രൊവിന്‍സ് ഒരുക്കിയ മനോഹരമായ പൂക്കളും മുഴുവന്‍ സന്ദര്‍ശകരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നതായിരുന്നു.
കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷത്തിന് നിറം പകര്‍ന്നു.
കേരള ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ വൈസ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. ഷാഹുല്‍ ഹമീദിനൊപ്പം മിഡില്‍ ഈസ്റ്റ് റീജ്യന്‍ പ്രസിഡണ്ട് വിനീത് മോഹന്‍, ഇന്ത്യന്‍ അപെക്‌സ് ബോഡി ഭാരവാഹികള്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഘടകം ഉപദേശക സമിതി അംഗങ്ങളായ സിയാദ് ഉസ് മാന്‍, അഡ്വ. സില്‍കുമാര്‍, യൂത്ത് വിംഗ് പ്രസിഡണ്ട് ഫാസില്‍, വനിത വിഭാഗം പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ് തുടങ്ങിയവരും സംബന്ധിച്ചു.
പായസ മല്‍സരം, നൃത്തം, സംഗീതം, പഞ്ചാരിമേളം തുടങ്ങി കേരളത്തിന്റെ തനത് കലാപരിപാടികളും ദൃശ്യാവിഷ്‌കാരവും സഹൃദയരുടെ മനം കവര്‍ന്നു. വൈകുന്നേരം നടന്ന ഘോഷയാത്ര താളമേളങ്ങളുടെ അകമ്പടിയോടെ മനോഹരമായ ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. നാടന്‍ പാട്ടുകളും മഹാബലിയുടെ എഴുന്നള്ളത്തുമായപ്പോള്‍ കേരള ഫെസ്റ്റ് വ്യത്യസ്തമായ കലാസാംസ്‌കാരിക അനുഭവമാണ് ഒരുക്കിയത്.