ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ യാഥാര്‍ഥ്യമായേക്കും. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് കഴിഞ്ഞ ദിവസം ഒമാനിലെ മസ്‌കറ്റില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കി.ആഭ്യന്തര മന്ത്രിമാര്‍ അംഗീകരിച്ച പുതിയ ഏകീകൃത ടൂറിസ്റ്റ് വിസ, ജിസിസിയുടെ പ്രധാന നേട്ടത്തെ പ്രതിനിധീകരിക്കുന്നുവെന്ന് സെക്രട്ടറി ജനറല്‍ അഭിപ്രായപ്പെട്ടു.
ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഇന്‍ട്രാ ഗള്‍ഫ് ടൂറിസം രംഗത്തും വ്യാപാര രംഗത്തും വമ്പിച്ച കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗമാണ് മസ്‌കറ്റില്‍ നടന്നത്. ഗള്‍ഫ് സഹകരണവും ഏകോപനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ഊന്നല്‍ നല്‍കിയത്. കൂട്ടായ സഹകരണത്തിലൂടെ കൈവരിച്ച പുരോഗതി, സുരക്ഷാ പ്രകടനം മെച്ചപ്പെടുത്തല്‍, പ്രാദേശികവും അന്തര്‍ദേശീയവുമായ സന്ദര്‍ഭങ്ങളില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുക എന്നിവയും ചര്‍ച്ചയുടെ ഭാഗമായി.