ലോകമാനവികതയുടെ സന്ദേശമുയര്‍ത്തി ഇതിഹാസം രചിച്ച ഖത്തര്‍ ലോകകപ്പിന്റെ ഒന്നാം വാര്‍ഷികം
അമാനുല്ല വടക്കാങ്ങര
ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ഫിഫ ലോകകപ്പിന് വിസിലുയര്‍ന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. കളിയിലും കാര്യമുണ്ടെന്നും കായികമായ എല്ലാ ആവേശങ്ങള്‍ക്കുമപ്പുറം മാനവികതയും സൗഹൃദവും പ്രസക്തമാണെന്നും ബോധ്യപ്പെടുത്തിയ ആഘോഷമെന്ന നിലക്ക് ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. വര്‍ഗവര്‍ണ ഭാഷാ വൈജാത്യങ്ങള്‍ക്കപ്പുറം സ്വഭാവ മഹിമയാണ് മനുഷ്യനെ ഉല്‍കൃഷ്ടനാക്കുന്നതെന്നും എല്ലാവരും ഏകോദര സഹോദരന്മാണെന്നുമുള്ള മഹത്തായ സന്ദേശം പ്രഖ്യാപിച്ചാണ് അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നിറഞ്ഞ സദസ്സില്‍ , ലോകത്തിന്റെ ഭാഗങ്ങളില്‍ നിന്നായി കാല്‍പന്തുകളിയുടെ മഹോല്‍സവം വീക്ഷിക്കാനെത്തിയ ജനകോടികളെ സാക്ഷി നിര്‍ത്തി ഖത്തര്‍ ലോകകപ്പിന് തുടക്കം കുറിച്ചത്.
ഫിഫ ലോകകപ്പ് ഉദ്ഘാടന വേദിയിലെ താരമായെത്തിയ ഖത്തറിന്റെ അല്‍ഭുത ബാലന്‍, ഗാനിം അല്‍ മുഫ്തയും ലോകപ്രശസ്ത നടന്‍ മോര്‍ഗന്‍ ഫ്രീമാനും ഉജ്വലമായ സന്ദേശമാണ് ലോകജനതക്ക് നല്‍കിയത്.
പ്രസക്തമായ വാചകങ്ങളും പ്രചോദനാത്മകമായ ജീവിതവും കൊണ്ട് ലോകത്തിന് ഐക്യത്തിന്റേയും സഹിഷ്ണുതയുടേയും സാഹോദര്യത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശങ്ങള്‍ നല്‍കിയ ഗാനിം അല്‍ മുസ്തഫയെക്കുറിച്ചാണ് ഇന്നും പലരും ഗൂഗിളില്‍ അന്വേഷിക്കുന്നത്. ഗാനിം അല്‍ മുഫ്തയും ജനനവും വളര്‍ച്ചയും ചരിത്രവും വിശദമായി പരാമര്‍ശിക്കുന്ന ലേഖനങ്ങളാണ് വിവിധ ഭാഷകളിലുള്ള മാധ്യമങ്ങളില്‍ സ്ഥലം പിടിച്ചത്. വാസ്തവത്തില്‍ എന്താകാം ഭിന്നശേഷിക്കാരനായ ഈ ഖത്തരീ യുവാവിനെ ഇത്രയും ശ്രദ്ധേയനാക്കിയത്.
ലോകകപ്പ് ഉദ്ഘാടന വേദിയില്‍ വിഖ്യാത ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാനൊപ്പം വിശ്വ മാനവികതയുടെയും ഏക സാഹോദര്യത്തിന്റെയും ഭാഷണം പങ്കിടാന്‍ ഗാനിം അല്‍ മുഫ്തായ്ക്ക് അവസരം നല്‍കിയതിലൂടെ ഖത്തര്‍ ലോകകപ്പ് വലിയൊരു സന്ദേശവും പ്രചോദനവുമാണ് ലോകത്തിന് നല്‍കിയത്
ഖത്തറിനകത്തും പുറത്തുമുള്ള നിരവധി ചെറുപ്പക്കാരെ നിരന്തരായയി പ്രചോദിപ്പിക്കുന്ന , വൈകല്യങ്ങളെ സാധ്യതകളാക്കി യുവതലമുറയെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ഗാനിം അല്‍-മുഫ്ത. യുട്യൂബില്‍ 816,000 സബ്‌സ്‌ക്രൈബര്‍മാരും ഇന്‍സ്റ്റാഗ്രാമില്‍ 30 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഖത്തരി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ഗാനിം അല്‍ മുഫ്ത യൂണിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമൊക്കെ നിരവധി മോട്ടിവേഷണല്‍ ക്ളാസുകളെടുക്കാറുണ്ട്. എന്നാല്‍ ഇന്നലെ അദ്ദേഹം ലോകത്തിന് മുഴുവന്‍ സ്റ്റഡി ക്ളാസെടുത്തുകൊണ്ടാണ് ശ്രദ്ധേയനായത്.
ലോകപ്രശസ്ത നടന്‍ മോര്‍ഗന്‍ ഫ്രീമാനും ഫിഫ ലോകകപ്പ് അംബാസഡര്‍ ഗാനിം അല്‍-മുഫ്തായും ഏറെ നാടകീയമായാണ് ഫിഫ ലോകകപ്പ് ഖത്തറിന്റെ 2022 ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കിയത്. സഹിഷ്ണുതയും സാഹോദര്യവുമാണ് മാനവകുലത്തിന്റെ മുഖമുദ്രയെന്നും വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ നന്മയുടേയും സൂക്ഷ്മതയുടേയുമടിസ്ഥാനത്തില്‍ മാത്രമാണ് മനുഷ്യ ഔന്നത്യമെന്നുള്ള പ്രസക്തമായ ആശയമാണ് അവര്‍ അടയാളപ്പെടുത്തിയത്.
ബോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനും എന്ന ചെറുപ്പക്കാരനും രണ്ട് വ്യത്യസ്ത പാലങ്ങള്‍ക്കു മുകളില്‍ നിന്ന് സംഭാഷണമാരംഭിക്കുന്നു. മനുഷ്യര്‍ക്കിടയിലെ അഭിപ്രായാന്തരങ്ങളും വീക്ഷണവൈവിധ്യവും അന്യായ വിവേചനങ്ങളുമാണ് സംഭാഷണവിഷയം. ഭാഷയിലും വര്‍ണ്ണത്തിലും ദേശത്തിലും ശാരീരഘടനയിലുമുള്ള വൈവിധ്യത്തെ ജാതിനിര്‍മ്മാണത്തിനും ഉച്ചനീചത്വത്തിനും വിവേചനത്തിനും ആധാരമാക്കുന്ന സംസ്‌കൃതികളെ.. മനുഷ്യബോധങ്ങളെ… ഉദാത്ത ശൈലിയില്‍ പൊളിച്ചടുക്കിയ ഗാനിം അല്‍ മുഫ്്ത പാരായണം ചെയ്ത വിശ്രുത ഖുര്‍ആന്‍ വചനം ഇന്നും കാതുകളില്‍ പ്രതിധ്വനി സൃഷ്ടിക്കുന്നു.
ഗാനിമിന്റെ വിവരണം ഫ്രീമാന്‍ യഥോചിതം ഉള്‍ക്കൊള്ളുന്നു. വൈകാതെ ഇരുവരും നിലയുറപ്പിച്ച പാലങ്ങള്‍ ഏകപാലമായി പരിവര്‍ത്തിതമാവുന്നു.സംഭാഷണം പൂര്‍ത്തിയാവുന്ന മുറക്ക് വ്യത്യസ്ത സംസ്‌കൃതികള്‍ കൈകോര്‍ക്കുന്ന മോഹനചിത്രം കലാവിഷ്‌ക്കാരമായി അരങ്ങേറുന്നു.സമാപനത്തിലേക്കെത്തുമ്പോള്‍ കിഴക്കു – പടിഞ്ഞാറുകളുടെ പ്രതിനിധാനങ്ങളായ രണ്ട് ഗായകര്‍ പാടിത്തിമര്‍ത്ത് പാലത്തിന്റെ രണ്ടറ്റങ്ങളിലൂടെ കേറിവന്ന് മധ്യത്തില്‍ സംഗമിക്കുന്ന മനോഹര കാഴ്ച. മനുഷ്യ സമത്വവും സാഹോദര്യവും ഐക്യവും സഹകരണവും ഇതിലും ഭംഗിയായി അവതരിപ്പിക്കാനാവില്ല. വംശീയ ദേശീയ അസമത്വങ്ങളുടേയും വിമര്‍ശങ്ങളുടേയും ശക്തികള്‍ക്ക് ഇതിലും ക്രിയാത്മകമായ മറുപടിയും കൊടുക്കാനാവില്ല.