IM SpecialUncategorized

കടലാസ് പൂക്കളില്‍ വിരിയുന്ന ഇണ്ണിയുടെ കരവിരുത്

അമാനുല്ല വടക്കാങ്ങര

കടലാസ് പൂക്കളില്‍ വിസ്മയം തീര്‍ക്കുന്ന ഇണ്ണിയുടെ കരവിരുത് ശ്രദ്ധേയയാകുന്നു. പ്രായത്തെ വെല്ലുന്ന ഇച്ഛാശക്തിയും ആവേശവുമായി നിത്യവും ആകര്‍ഷകങ്ങളായ പൂക്കള്‍ നിര്‍മിച്ച് സായൂജ്യമടയുന്നതോടൊപ്പം കര്‍മ നൈരന്തര്യത്തിലൂടെ ജീവിതം കൂടുതല്‍ മനോഹരമാക്കാമെന്ന് തെളിയിക്കുകയാണ് വീട്ടുകാരും നാട്ടുകാരുമൊക്കെ സ്നേഹത്തോടെ ഇണ്ണി എന്ന് വിളിക്കുന്ന പി.എന്‍.റുഖിയ്യ എന്ന വീട്ടമ്മ.


പ്രായം എണ്‍പത്തിയഞ്ചോടടുക്കുമ്പോഴും കലാസപര്യയില്‍ സജീവമായി സുന്ദരമായ പൂക്കള്‍ നിര്‍മിച്ച് മക്കള്‍ക്കും പേരമക്കള്‍ക്കുമൊക്കെ സമ്മാനിച്ച് സന്തോഷം കണ്ടെത്തുകയാണവര്‍.

കലാപരമായ കഴിവുകളാല്‍ അനുഗ്രഹീതമായ ഇണ്ണിക്ക് കുട്ടികളും പേരക്കുട്ടികളുമൊക്കെയായി തിരക്കിലായതിനാല്‍ വളരെ വൈകിയാണ് തന്റെ ഹോബി തിരിച്ചറിയാനും അതിന് സമയം ചിലവഴിക്കാനുമൊക്കെ അവസരം ലഭിച്ചത്. കേരളത്തിലെ ഇസ് ലാമിക വിദ്യാഭ്യാസ രംഗത്തെ വിഷനറിയും മുന്നണിപ്പോരാളിയുമായിരുന്ന പരേതനായ മുഹമ്മദ് അബുല്‍ ജലാല്‍ മൗലവിയുടെ സഹധര്‍മിണിയാണ് ലേഖകന്റെ ഭാര്യാ മാതാവ് കൂടിയായ റുഖിയ്യ.

പതിനൊന്ന് മക്കളും പതിനൊന്ന് മരുമക്കളും 46 പേരക്കുട്ടികളുമടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ ഗൃഹ നായികയായി എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി നിറവേറ്റിയ ശേഷമാണ് പെരുമ്പിലാവിലെ ദാറുല്‍ അമാനിലിരുന്ന് സൗന്ദര്യത്തിന്റേയും ഭാവനയുടേയും മേമ്പൊടികള്‍ ചേര്‍ത്ത് നിത്യവും പുതിയ പൂക്കളൊരുക്കി ഇണ്ണി കലാസ്വാദകരെ വിസ്മയിപ്പിക്കുന്നത്. കലാരംഗത്തെ വിദഗ്ധരെപ്പോലും വെല്ലുന്ന ഇണ്ണിയുടെ സൃഷ്ടികള്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. ഇണ്ണി പൂക്കളില്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍ വിദ്യാഭ്യാസ കലാ സാംസ്‌കാരിക കൂട്ടായ്മകളുടെ ശ്രദ്ധയാകര്‍ഷിച്ചതോടെ പല വേദികളിലും അതിഥിയായി ക്ഷണിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയുമൊക്കെ ചെയ്യുന്നത് കലാപ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവമാക്കുകയാണ്.

യു ട്യൂബില്‍ നോക്കിയാണ് ഇണ്ണി പുതുപുത്തന്‍ പൂക്കള്‍ നിര്‍മിക്കുന്നത്. ചെറിയ പൂക്കളും വലിയ പൂക്കളുമൊക്കെ പരിപൂര്‍ണതയില്‍ നിര്‍മിക്കുന്ന കരവിരുത് പ്രശംസനീയമാണ് . വീട്ടിലെത്തുന്ന മക്കള്‍ക്കും മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊക്കെ ഇണ്ണിയുടെ സവിശേഷ സമ്മാനം വര്‍ണ കടലാസില്‍ ഇണ്ണി തീര്‍ത്ത മനോഹരങ്ങളായ പൂക്കളാണ്. മക്കളും മരുമക്കളുമൊക്കെ പ്രവാസ ലോകത്ത് സജീവമായതിനാല്‍ ഖത്തറിലും ഷാര്‍ജയിലുമൊക്കെ ഇണ്ണിയുടെ പൂക്കള്‍ പ്രശസ്തമാണ്.

കരവിരുതും ഹോബിയും ഒഴിവുസമയവും ഒത്തുവന്നപ്പോള്‍ ഇണ്ണിയുടെ സൗന്ദര്യസങ്കല്‍പങ്ങള്‍ വിടര്‍ന്ന് പന്തലിക്കുകയായിരുന്നുവെന്നു വേണം കരുതാന്‍. ചറിയ പൂക്കളാണ് ആദ്യമൊക്കെ ഉണ്ടാക്കിയത്. പലര്‍ക്കും സമ്മാനിച്ചും വീട്ടില്‍ അലങ്കരിച്ചും തന്റെ കലാനിര്‍വഹണത്തില്‍ സായൂജ്യമടഞ്ഞ ഇണ്ണിയുടെ സൃഷ്ടികള്‍ മരുമക്കളും പേരക്കുട്ടികളുമൊക്കെ കുടുംബ ഗ്രൂപ്പുകളില്‍ പങ്ക് വെക്കുകയും എല്ലാവരും ആസ്വദിക്കുകയും ചെയ്യാന്‍ തുടങ്ങിയത് പൂക്കള്‍ നിര്‍മാണത്തിന് കരുത്ത് പകര്‍ന്നു.

ഭാവനയും സങ്കല്‍പവും കരവിരുതും സമ്മേളിക്കുന്ന ക്രിയാത്മക മനസ്സും ചിന്തയും ജീവിതത്തെ നിറം പിടിപ്പിക്കുമ്പോള്‍ വിസ്മയങ്ങള്‍ സംഭവിക്കുകയായിരുന്നു.ഒരു പക്ഷേ കുടുംബ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍, കുട്ടികളേയും കുടുംബത്തേയും പരിചരിക്കുന്നതിന് മുന്‍ഗണന നല്‍കിയതിനാല്‍ ചെറുപ്പകാലത്ത് തന്റെ കലാപ്രവര്‍ത്തനങ്ങള്‍ വേണ്ട പോലെ തുടരാനായില്ലെങ്കിലും കുട്ടികളൊക്കെ വളര്‍ന്ന് വലുതാവുകയും ആവശ്യത്തിന് ഒഴിവ് സമയം ലഭിക്കുകയും ചെയ്തതോടെ ഇണ്ണിയിലെ കലാകാരി പൂര്‍വാധികം ശക്തിയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നുവെന്നു വേണം കരുതാന്‍. എണ്‍പതുകളുടെ വല്ലായ്മകളിലും യൗവ്വനത്തിന്റെ പ്രസരിപ്പോടെ തന്റെ മാറ്റിവെച്ചിരുന്ന സര്‍ഗസിദ്ധികളും കലാവാസനകളും പൊടിതട്ടിയെടുക്കുകയും യു ട്യൂബില്‍ നിന്നും മറ്റും ലഭിച്ച പുതിയ ആശയങ്ങളെ സംയോജിപ്പിച്ച് മനോഹരമായ പൂക്കള്‍ നിര്‍മിക്കുകയും ചെയ്യുന്ന ഇണ്ണിയുടെ കരവിരുതും ജീവിതവും സന്ദേശ പ്രധാനമാണ്.

വ്യത്യസ്ത തരം പൂക്കളെ സൂക്ഷ്മമായി നിരീക്ഷിച്ച് കുറ്റമറ്റ രീതിയില്‍ നിര്‍മിക്കുന്നുവെന്നതാണ് ഇണ്ണിയുടെ വര്‍ക്കുകളുടെ പ്രത്യേകത. പൂക്കള്‍ നിര്‍മിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും പൂര്‍ണത തേടുന്ന ഒരു കലാകാരിയെയാണ് ഇണ്ണിയില്‍ നമുക്ക് കാണാനാവുക. പരിപൂര്‍ണതയും സൗന്ദര്യ തികവും മനോഹരമാക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ഒറിജിനലിനെ വെല്ലുന്നവയാണ് ഇണ്ണിയുടെ കൃത്രിമ പൂക്കളെന്ന് കാണാനാകും.

ഓരോ പൂക്കളും സൂക്ഷ്മമായി നിരീക്ഷിച്ച് മനോഹരമായ പൂക്കള്‍ നിര്‍മിക്കുന്ന ഇണ്ണി ഫ്‌ളവര്‍ മേക്കിംഗ് സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. വര്‍ണക്കടലാസുകളാണ് മിക്കപ്പോഴും പൂക്കള്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

അക്ഷരങ്ങളുടേയും സാഹിത്യത്തിന്റേയും പരിസരത്താണ് ഇണ്ണി ജനിച്ചുവളര്‍ന്നത്. ജമാഅത്തെ ഇസ് ലാമിയുടെ കേരളത്തിലെ ആദ്യ നേതാവ് ഹാജി സാഹിബിന്റെ സഹോദരി പുത്രിയായ ഇണ്ണിയുടെ പൂക്കാട്ടിരിയിലുള്ള വീട്ടിലായിരുന്നു പ്രബോധനം പ്രസാധനം നടന്നിരുന്നത്. ചെറുപ്പത്തിലേ വായന ശീലവും ചിന്താശീലവും വളരുവാന്‍ ഈ പരിസരം സഹായകമായി. ഇപ്പോഴും കൃത്യമായി സമകാലിക സംഭവ വികാസങ്ങള്‍ മനസ്സിലാക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്ന ഇണ്ണി ഗൗരവത്തോടെ പത്രം വായിക്കുകയും ടെലിവിഷന്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാറുണ്ട്. ടൂറുകളാണ് ഇണ്ണിയുടെ മറ്റൊരു ഇഷ്ടവിനോദം.

ഒഴിവ് സമയം ക്രിയാത്മകമായി പ്രയോജനപ്പെടുത്തി ജീവിതം മനോഹരമാക്കുന്ന ഈ വീട്ടമ്മയുടെ കരവിരുതും സൗന്ദര്യ സങ്കല്‍പങ്ങളും ബഹുമുഖ തലങ്ങളില്‍ സ്ത്രീകളെ പ്രചോദിപ്പിക്കുകയാണ്. ചൂറ്റും പരിമളം പരത്തുന്ന പൂക്കളുടെ സൗന്ദര്യം വീടകങ്ങളെ അലങ്കരിക്കുമ്പോള്‍ കാണുന്നവരിലും അത് കൗതുകമുണര്‍ത്തുമെന്നതില്‍ സംശയമില്ല. ഓരോ വീട്ടമ്മമാരും വീട്ടിലെ തിരക്കുകള്‍ക്കിടയിലും അവരുടെ പാഷനും ഹോബിയും പിന്തുടരുകയും മനസിന് കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുകയും വേണമെന്നാണ് എണ്‍പത്തിയഞ്ചിന്റെ നിറവിലും കലാസപര്യയില്‍ സായൂജ്യം കണ്ടെത്തുന്ന ഈ വീട്ടമ്മക്ക് സമൂഹത്തോട് പറയാനുള്ളത്.

Related Articles

Back to top button
error: Content is protected !!