IM SpecialUncategorized

ഖത്തറില്‍ നിന്നും ലേഡീസ് ഓണ്‍ലി ട്രിപ്പുമായി ഫ്‌ളൈയിംഗ് ഫെതേഴ്സ്


അമാനുല്ല വടക്കാങ്ങര

യാത്ര അനുഭവങ്ങളുടെ നിധി പേടകമാണെന്നാണ് പറയുക. സുരക്ഷിതമായ യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ പുതുമകള്‍ തേടിയുള്ള യാത്രകള്‍ വര്‍ദ്ധിക്കുകയാണ്. മനസിനും ശരീരത്തിനും ഉല്ലാസവും ഊര്‍ജവും നല്‍കുന്ന നല്ലൊരു വിനോദമായാണ് യാത്രകളെ വിലയിരുത്തപ്പെടുന്നത്. സോളോ യാത്രകളും കൂട്ടായ യാത്രകളുമൊക്കെ വിശാലമായടിസ്ഥാനത്തില്‍ തന്നെ നടക്കുന്നുണ്ട്.  മുമ്പൊക്കെ പാശ്ചാത്യരാണ് യാത്രകളില്‍ കാര്യമായും ശ്രദ്ധചെലുത്തിയിരുന്നതെങ്കില്‍ ഇന്ന് മലയാളികളിലും കലശലായ യാത്രാകമ്പമുണ്ടെന്നാണ് പറയപ്പെടുന്നത്.

ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുന്ന സര്‍ഗ പ്രക്രിയയാണ് യാത്ര. വിവിധ പ്രദേശങ്ങളും സമൂഹങ്ങളുമൊക്കെ വൈവിധ്യങ്ങളുടെ സൗന്ദര്യമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ഭാഷയും ഭാവനയും മാത്രമല്ല കാഴ്ചയും കാഴ്ചപ്പാടുകളും വിശാലമാക്കുന്ന സര്‍ഗസഞ്ചാരം മനുഷ്യനെ കൂടുതല്‍ കര്‍മോല്‍സുകനും നല്ലവനുമാക്കുവാനാണ് സാധ്യത.

വാട്‌സ് ഗ്രൂപ്പുകളും സാമൂഹ്യ മാധ്യമങ്ങളും സജീവമായതോടെ സ്‌കൂള്‍, കോളേജ് ഗ്രൂപ്പുകള്‍, കുടുംബ ഗ്രൂപ്പുകള്‍, പ്രൊഫഷണല്‍ കൂട്ടായ്മകള്‍ തുടങ്ങി പല രൂപത്തിലാണ് ടൂര്‍ ഗ്രൂപ്പുകള്‍ നടക്കാറുള്ളത്. ഖത്തറില്‍ നിന്നും ലേഡീസ് ഓണ്‍ലി ട്രിപ്പ് സംഘടിപ്പിച്ച  ഫ്‌ളൈയിംഗ് ഫെതേഴ്സ് എന്ന കൂട്ടായ്മയെക്കുറിച്ച് ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്.
ഗള്‍ഫില്‍ നിന്നും ലേഡീസ് ഓണ്‍ലി ടൂറോ. സംശയം വേണ്ട ഖത്തറില്‍ നിന്നും ഇരുപത്തിനാലംഗ വനിത സംഘം അത് പ്രായോഗികമായി സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ചരിത്രവും സംസ്‌കാരവും പ്രധാനമായ തുര്‍ക്കിലേക്കുള്ള കന്നിയാത്ര ഗംഭീരമാക്കി ദോഹയില്‍ തിരിച്ചെത്തിയ ഖത്തറില്‍ നിന്നുളള  ലേഡീസ് ഓണ്‍ലി ട്രിപ്പ് സംഘമായ ഫ്‌ളൈയിംഗ് ഫെതേഴ്സ് തങ്ങളുടെ യാത്രയെക്കുറിച്ച് വാചാലരാകുന്നു.

സാമൂഹ്യ സാംസ്‌കാരിക കലാ രംഗങ്ങളിലൊക്കെ സജീവമായ ഷഹാന ഇല്‍യാസ് തങ്ങളുടെ ട്രിപ്പിനെക്കുറിച്ചും ഫ്‌ളൈയിംഗ് ഫെതേഴ്സ് എന്ന കൂട്ടായ്മയെക്കുറിച്ചുമൊക്കെ പറഞ്ഞതിങ്ങനെ.

സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാ കുറിപ്പുകള്‍ അച്ചടിച്ച് വരുന്ന ലേബര്‍ ഇന്‍ഡ്യ വായിക്കുന്ന കുട്ടിക്കാലം മുതലേ  യാത്രകളോട് വല്ലാത്ത ഇഷ്ടം ഉണ്ട്.വലുതാവുമ്പോള്‍ ആരാവാന്‍ ആണ് ആഗ്രഹം എന്ന് ടീച്ചര്‍മാര്‍ ചോദിക്കുമ്പോള്‍ പുറമെ പലതും പറഞ്ഞാലും ഉള്ളില്‍ കുറെ യാത്ര ചെയ്യാന്‍ പൈസ ഉണ്ടാക്കാന്‍ പറ്റിയ എന്തേലും ഒരു നല്ല ജോലി കിട്ടിയാല്‍  മതിയായിരുന്നു എന്നായിരുന്നു ചിന്തിച്ചിരുന്നത്. ഒരുപാട് യാത്രകള്‍ക്ക് ഭാഗ്യം കിട്ടിയ സമയത്തും സ്ത്രീകള്‍ മാത്രം ഉള്ള വിദേശയാത്ര എന്നത് സ്വപ്നങ്ങളില്‍ പോലും ഇല്ലായിരുന്നു.

യാത്രകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ പ്രേരണയും നിര്‍ബന്ധവുമാണ് ഒരു ലേഡീസ്  ഓണ്‍ലി ട്രിപ്പ് സംഘടിപ്പിക്കുന്നതിലേക്ക് എത്തിച്ചത്. 4-5 മാസങ്ങള്‍ക്ക് മുന്നേ മലബാര്‍ അടുക്കളയുടെ ലേഡീസ് വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ട്രിപ്പ് പോകാന്‍ താല്‍പര്യമുഉള്ള 50 ന് മേലെ ലേഡീസിനെ  കൂട്ടി ഫ്‌ളൈയിംഗ് ഫെതേഴ്സ് എന്ന പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.

വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഗ്രൂപ്പില്‍ ഒരുപാട് രാജ്യങ്ങളില്‍ പോയിട്ടുള്ളവരും, ഇതുവരെ ഒരു ഇന്റര്‍നാഷണല്‍ ട്രിപ്പും പോകാത്തവരും ഉണ്ടായിരുന്നു. ജോര്‍ജിയ, അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങി പല രാജ്യങ്ങളും ആലോചനയില്‍ വന്നെങ്കിലും  വൈവിധ്യമാര്‍ന്ന കാഴ്ചകളും, പ്രകൃതി ഭംഗിയും, ചരിത്രവും, സംസ്‌ക്കാരവും ഉള്ള തുര്‍ക്കിയാണ് ഗ്രൂപ്പിന്റെ കന്നിയാത്രക്ക് തെരഞ്ഞെടുത്തത്.

യാത്ര പോകാന്‍ ഒരുപാട് ഇഷ്ടം ഉണ്ടായിട്ടും പോകാന്‍ കഴിയാത്തവര്‍ക്ക് ഏറ്റവും ചിലവ് കുറച്ച് എങ്ങനെ പോകാന്‍ കഴിയും എന്ന അന്വേഷണം ആയിരുന്നു പിന്നീട്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും ക്വട്ടേഷനുകളും പ്രൊപ്പോസലുകളും ശേഖരിച്ച് ഫ്‌ളൈയിംഗ് ഫെതേഴ്സ് സ്വപ്‌നയാത്ര സാക്ഷാല്‍ക്കരിച്ചു.

അങ്ങനെ ഖത്തറില്‍ നിന്നുള്ള പ്രവാസി മലയാളികളായ 24 പെണ്ണുങ്ങളുടെ സ്വപ്ന സാഫല്യ ദിവസം ഡിസംബര്‍ ഒന്നിന് ഇസ്താംബുളിലേക്ക് വിമാനം കയറി. സബിഹ ഗോചന്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങുമ്പോള്‍ ചെറിയ തണുപ്പുള്ള ശാന്തമായ കാലാവസ്ഥ ആയിരുന്നു ഞങ്ങളെ വരവേറ്റത്. റൂമില്‍ പോയി വിശ്രമിച്ച ശേഷം ലോകത്തിന്റെ തന്നെ സാംസ്‌കാരിക തലസ്ഥാനങ്ങളില്‍ ഒന്നായ ഇസ്തംബുള്‍ നഗരത്തിന്റെ മായ ക്കാഴ്ചകളിലേക്ക് ഞങള്‍ ഇറങ്ങി. ഏഷ്യന്‍ വന്‍കരയെയും, യൂറോപ്യന്‍ വന്‍കരയെയും വേര്‍തിരിക്കുന്ന ബോസ്ഫറസ് കടലിടുക്കിലൂടെ ഉള്ള ഡിന്നര്‍ ക്രൂസ് ആയിരുന്നു ഞങ്ങളുടെ ട്രിപ്പിലെ ആദ്യത്തെ ആകര്‍ഷണം. സൂഫി നൃത്തവും, പരമ്പരാഗത തുര്‍ക്കി കലാരൂപങ്ങളും സന്ദര്‍ശകര്‍ക്കയി അവര്‍ ഒരുക്കിയിരുന്നു.

അടുത്ത ദിവസം മര്‍മറ കടലിലൂടെ പ്രിന്‍സസ് ഐലന്‍ഡ് ലേക്കുള്ള ഫെറി യാത്ര ആയിരുന്നു. ഇസ്താം ബുള്‍ നഗരത്തിന്റെ മനോഹരമായ ദൂര കാഴ്ച ആസ്വദിക്കാന്‍ പറ്റിയ ഒരു യാത്ര ആയിരുന്നു അത്  ശക്തമായ കാറ്റ് കൊണ്ട് കടല്‍ പ്രക്ഷുബ്ധം  ആയത് കൊണ്ട് തന്നെ ആഞ്ഞടിക്കുന്ന തിരമാലകളും, ആടിയുലയുന്ന ഫെറിയും ഞ്ങ്ങള്‍ക്ക് ഒരു സാഹസിക യാത്രയുടെ പ്രതീതി നല്‍കി. ശാന്ത സുന്ദരമായ, നിറയെ സീഫുഡ് റെസ്റ്റോറന്റ് കള്‍ ഉള്ള, കടലിന്റെ നീലിമയും, കരയുടെ ഹരിതാഭയും ഒരുമിച്ച് ചേര്‍ന്ന സുന്ദര ഫ്രെയ്മുകള്‍ ഉള്ള 7 ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ് സമൂഹം  ആണ് പ്രിന്‍സസ് ഐലന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്.

തുര്‍ക്കിയിലെ പ്രകൃതി മനോഹരമായ പ്രദേശങ്ങളില്‍ ഒന്നായ ബുര്‍സയിലേക്ക് ആയിരുന്നു അടുത്ത് ദിവസത്തെ യാത്ര. സില്‍ക്കിനും, ലെതറിനും, തുര്‍ക്കിഷ് മധുര പലഹാരങ്ങള്‍ക്കും പേര് കേട്ട ബുര്‍സ നഗരത്തിന് നമ്മുടെ കാശ്മീരിന്റെ ഒരു സാമ്യം എവിടെക്കെയോ ഉണ്ട്. ബുര്‍സയിലെ ലോക പ്രശസ്തം ആയ ഇസ്‌കന്ദര്‍ കബാബ് ആയിരുന്നു അന്നത്തെ ഉച്ചഭക്ഷണം. അതിന് ശേഷം മഞ്ഞ് മൂടിയ ഉലുദാഗ് പര്‍വതത്തിന്റെ മേലെക്ക് ബസിലും. കേബിള്‍ കാറിലുമായി യാത്ര .കൊച്ചു കുട്ടികളെ പോലെ പരസ്പരം മഞ്ഞ് വാരി എറിഞ്ഞും, മഞ്ഞില്‍ രൂപങ്ങള്‍ ഉണ്ടാക്കിയും തിമിര്‍ത്ത് കളിക്കുന്നവരെ കണ്ടാല്‍ എന്നോ നഷ്ടപ്പെട്ട ബാല്യം തിരിച്ച് കിട്ടിയ പ്രതീതി തോന്നുമായിരുന്നു.

നാലാം ദിവസം ഓള്‍ഡ് സിറ്റി ടൂര്‍ ആയിരുന്നു. തുര്‍ക്കി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടി വരുന്ന ബ്ലൂ മോസ്‌ക്, ഹാഗിയ സോഫിയ, ടോപ്കാപി പാലസ് തുടങ്ങിയ ഒരുപാട് ചരിത്രങ്ങളും, സംസ്‌കാരങ്ങളും ഉറങ്ങി കിടക്കുന്ന ഓള്‍ഡ് സിറ്റിയുടെ തെരുവുകളിലൂടെയുള്ള നടത്തം നമ്മളെ മറ്റൊരു ലോകത്തില്‍ എത്തിക്കും.
തുര്‍ക്കിയിലെ തന്നെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ഗ്രാന്‍ഡ് ബസാറില്‍ നിന്ന് ഷോപ്പിങ്ങും കഴിഞ്ഞതോടെ ഞങ്ങളുടെ ഇസ്താംബുള്‍  കാഴ്ചകള്‍ അവസാനിച്ചു.

പിറ്റേന്ന് വെളുപ്പിന് ഫെയറി ചിമ്മിനികളുടെ നാടായ കപഡോക്കിയക്കുള്ള ഫ്‌ളൈറ്റ്. നടോടിക്കഥകളിലെ ഒരിടം പോലെ ലോകത്ത് മറ്റെവിടെയും കാണാന്‍ കഴിയാത്ത ഭൂപ്രകൃതി ഉള്ള ഒരു അല്‍ഭുത ലോകം ആണ് കാപഡോക്കിയ.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അഗ്‌നി പര്‍വതങ്ങള്‍ പൊട്ടി ഒഴുകിയ ലാവ മലനിരകള്‍ ആയി രൂപാന്തരം പ്രാപിച്ച ഈ പ്രദേശം മറ്റേതോ ഗ്രഹത്തില്‍ നിന്ന് കൊണ്ട് വെച്ചത് എന്ന് തോന്നിപ്പിക്കും വിധം വിചിത്രവും മനോഹരവുമാണ് . ഈ മലകള്‍ തുരന്ന് ഉണ്ടാക്കിയ ഗുഹകളില്‍ അവര്‍ വീടുകളും, റെസ്റ്റോറന്റ്കളും, ഷോപ്പിംഗ് മാളുകള്‍ വരെ ഉണ്ടാക്കിയിരിക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്.

പിറ്റേന്ന് രാവിലെ മഴവില്‍ അഴകുള്ള കപ്പഡോക്കിയന്‍ മലനിരക്കള്‍ക് മേലെ ഉള്ള ഹോട്ട് എയര്‍ ബലൂണ്‍ റൈഡ്. ഞങ്ങളുടെ തുര്‍ക്കി യാത്രയിലെ ഏറ്റവും മനോഹരമായ അനുഭവം ആയിരുന്നു അത്. എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നുപോയത്. ചരിത്രവും സംസ്‌കാരവും കാഴ്ചകളും ജനസമൂഹങ്ങളുമൊക്കെ പലതും പകര്‍ന്ന് നല്‍കി.

അന്ന് ഉച്ചയോട് കൂടി ഞങ്ങളുടെ മടക്കയാത്ര ആരംഭിച്ചു. കപ്പഡോക്കിയയിലെ കെയ്‌സെരി എയര്‍പോര്‍ട്ടില്‍ നിന്ന് ഇസ്താംബുളിലെ സബിഹ എയര്‍പോര്‍ട്ടിലേക്ക്. അവിടുന്ന് ഖത്തറിലേക്ക്.

ഈ യാത്രയിലെ ഏറ്റവും എടുത്ത് പറയേണ്ട കാര്യം  ടീമിന്റെ ഒത്തൊരുമയും, സ്‌നേഹവും, സഹകരണവുമായിരുന്നുവെന്ന് ഷഹാന ഇല്‍യാസ് പറയുമ്പോള്‍, വനിതകളുടെ ശാക്തീകരണവും മുന്നേറ്റവും മാത്രമല്ല നേതൃപാഠവവും തന്റേടവും നാം വിലമതിക്കണം. പെണ്ണുങ്ങള്‍ തമ്മില്‍ ചേരില്ല എന്ന പൊതുധാരണയെ പാടെ മാറ്റി എഴുതിയ ഒരു പെണ്‍ കൂട്ടം ആയിരുന്നു ഫ്‌ളൈയിംഗ് ഫെതേഴ്സ് . ട്രിപ്പ് അവസാനിക്കാന്‍ നേരം പരസ്പരം പിരിഞ്ഞു പോകാന്‍ മടിച്ച് കെട്ടിപ്പിടിച്ച് കരയാന്‍ മാത്രം ഉള്ള ഒരു സ്‌നേഹബന്ധം ഉണ്ടായി എന്നതാണ് ഈ ട്രിപ്പ് കൊണ്ട് ഉണ്ടായ ഏറ്റവും വലിയ നേട്ടം

ഈ ടൂറുമായി മുന്നോട്ട് ഇറങ്ങുമ്പോള്‍ ഒരിക്കലും നടക്കാത്ത കാര്യം എന്നു പറഞ്ഞവരുണ്ട്. നിനക്ക് വട്ടുണ്ടോ  എന്ന് ചോദിച്ചവരുണ്ട്.. 24 പെണ്ണുങ്ങളെ ഒരുമിച്ച് ഇത്ര ദിവസം   കൊണ്ട് പോകാന്‍ കഴിയില്ല പറഞ്ഞ് വേവലാതിപ്പെട്ടവര്‍ ഉണ്ട്…
എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സഹകരണത്തിന്റെ കൂട്ടായ്മയുടേയും സൗന്ദര്യമടയാളപ്പെടുത്തിയ ഈ യാത്ര പങ്കെടുത്ത  24 പേരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ച് ദിവസങ്ങളായി മാറുകയായിരുന്നു.

അടുത്ത ട്രിപ്പ് പ്ലാന്‍ ചെയ്യാന്‍ ഇപ്പോള്‍ തന്നെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വരുന്നുണ്ട്.

ഈ യാത്ര ഫ്‌ലൈയിങ് ഫെതേഴ്സിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇനിയും  ഒരുപാട് പുതിയ കാഴ്ചകളിലേക്കും രാജ്യങ്ങളിലേക്കും പറക്കാന്‍ കഴിയും എന്നാണ് ഓരോ അംഗവും പ്രത്യാശിക്കുന്നത്.

Related Articles

Back to top button
error: Content is protected !!