തൊഴിലാളികള്‍ക്ക് സൗജന്യ ഏഷ്യന്‍ കപ്പ് പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളുമൊരുക്കി ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ വ്യവസായിക മേഖലയില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഏഷ്യന്‍ കപ്പ് മല്‍സരങ്ങള്‍ കാണാനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും അവസരമൊരുക്കി ആഭ്യന്തര മന്ത്രാലയം . ജനുവരി 11 മുതല്‍ ഫെബ്രുവരി 10 വരെ എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും വൈകുന്നേരം 4 മണി മുതല്‍ 11 മണിവരെ അസോസിയേറ്റഡ് ആക്ടിവിറ്റീസ് ഓഫ് ഏഷ്യന്‍ കപ്പ് 2023 നടക്കും.
ഏഷ്യന്‍ കപ്പ് മാച്ചുകള്‍ വലിയ സ്‌ക്രീനില്‍ സൗജന്യമായി കാണാനുള്ള അവസരം, കമ്മ്യൂണിറ്റി ടീമുകളുടെ സംഗീത പരിപാടികള്‍, സാംസ്‌കാരികവും പരമ്പരാഗതവുമായ കലാ പ്രകടനങ്ങല്‍, സദസ്യര്‍ക്കുള്ള സാംസ്‌കാരിക മല്‍സരങ്ങള്‍, റാഫിള്‍ നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ മുതലായവയാണ് പരിപാടിയുടെ ഭാഗമായി സംവിധാനിച്ചിരിക്കുന്നത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഷ്യന്‍ സിറ്റി അക്കമൊഡേഷനടുത്തുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട്, ബര്‍വ ബറാഹയിലെ ഫുട്‌ബോള്‍ ഗ്രൗണ്ട് , അല്‍ ഖോറിലെ ബര്‍വ വര്‍ക്കേര്‍സ് റിക്രിയേഷന്‍ കോംപ്‌ളക്‌സ് എന്നിവിടങ്ങളിലാണ് വിവിധ പരിപാടികള്‍ നടക്കുക.