IM SpecialUncategorized

ജലച്ഛായത്തില്‍ വിസ്മയം തീര്‍ക്കുന്ന മനോജ് കുമാര്‍


അമാനുല്ല വടക്കാങ്ങര

ഖത്തറില്‍ ജലച്ഛായത്തില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരനാണ് കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശി മനോജ് കുമാര്‍ ബണ്ണാറ പുരയില്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഖത്തറിലെ കലാ രംഗത്തെ നിറ സാന്നിധ്യമായ മനോജ് കുമാര്‍ സ്വദേശികളുടെ മനം കവര്‍ന്ന കലാകാരനാണ്. രാജ്യത്തെ വിവിധ ഫൈനാര്‍ട്‌സ് ഗ്രൂപ്പുകളിലും കലാസംഘങ്ങളിലും അംഗമായ മനോജ് പുതിയ കലകള്‍ കണ്ടും പഠിച്ചും നൂതനമായ ആവിഷ്‌കാരങ്ങളാണ് നിര്‍വഹിക്കുന്നത്.

കലയും സംസ്‌കാരവും ചരിത്രവും പാരമ്പര്യവുമെല്ലാം നിഴലിക്കുന്ന ഒട്ടേറെ ചിത്രങ്ങളാണ് ഈ കലാകാരന്റെ ഏറ്റവും വലിയ കൈ മുതല്‍. ഖത്തറിലെ നിരവധി പ്രമുഖ സ്വദേശി വീടുകളിലെ സ്വീകരണ മുറികളും മജ് ലിസുകളുമൊക്കെ മനോജിന്റെ ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടവയാണ്.

ഖത്തര്‍ സയന്റിഫിക് ക്‌ളബ്ബിലെ സവിശേഷമായ ഒരു ആര്‍ട് പ്രൊജക്ടിനായി 2002 ലാണ് മനോജ് ദോഹയിലെത്തിയത്. ജീവന്റെ ഉദ്ഭവവും വളര്‍ച്ചയും പ്രമേയമാക്കി 112 മീറ്റര്‍ നീളവും 7 മീറ്റര്‍ വീതിയുമുള്ള പടുകൂറ്റന്‍ പെയിന്റിംഗ് തയ്യാറാക്കലായിരുന്നു ദൗത്യം. മനോജും മൂന്നു് കൂട്ടുകാരും ചേര്‍ന്നാണ് അതി സാഹസികമായ ആ പെയിന്റിംഗ് പൂര്‍ത്തിയാക്കിയത്.

ഖത്തര്‍ സയന്റിഫിക് ക്‌ളബ്ബിലെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച മനോജ് ഖത്തറിലെ വിവിധ എക്‌സിബിഷനുകളിലും കലാ പ്രൊജക്ടുകളിലും തന്റെ മികവ് തെളിയിക്കുകയും സ്വദേശികളായ നിരവധി കലാകാരന്മാരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഓയില്‍, അക്രിലിക്, തുടങ്ങിയ എല്ലാ മീഡിയങ്ങളും മനോജിന് വഴങ്ങുമെങ്കിലും അധികമാളുകളും കൈവെക്കാന്‍ മടിക്കുന്ന ജലച്ഛായത്തിലെ മികച്ച നിര്‍വഹണത്തിലൂടെയാണ് മനോജ് ജനഹൃദയങ്ങള്‍ കീഴടക്കുന്നത്. പാരമ്പര്യവും പ്രകൃതിയും മോഡേണ്‍ കലാരൂപങ്ങളുമൊക്കെ ഒരു പോലെ കൈകാര്യം ചെയ്യുന്ന ഈ കലാകാരന്റെ ഭാവനാവിലാസവും കലാനിര്‍വഹണത്തിലെ സൂക്ഷ്മതയും ആസ്വാദകരെ അത്ഭുതപ്പെടുത്തും. എന്നും വെല്ലുവിളി നിറഞ്ഞ പരീക്ഷണങ്ങള്‍ നടത്താനാണ് മനോജിന് താല്‍പര്യം. സമയമെടുത്താണ് വര്‍ക് പൂര്‍ത്തിയാക്കുക. ഓരോ വശത്തിന്റേയും സുക്ഷ്മമായ നിരീക്ഷണത്തിലൂടെ ഒറിജിനാലിറ്റി ഉറപ്പുവരുത്തുന്നുവെന്നതാണ് ഈ കലാകാരന്റെ ഏറ്റവും വലിയ സവിശേഷത.

ഛായവും ബ്രഷും മാത്രമല്ല കാല്‍പനിക ഭാവനയും ഈ കലാകാരന്റെ വര്‍ക്കുകളുടെ ചാരുത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഏറെ പരിപൂര്‍ണതയോടെയാണ് അദ്ദേഹം ഓരോ വര്‍ക്കും പൂര്‍ത്തിയാക്കുന്നത്. പൂര്‍ണതയില്‍ ശ്രദ്ധിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങളോടെ വരച്ചുവെക്കുമ്പോള്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ രൂപപ്പെടുകയാണ് . കത്താറയിലും ഖത്തര്‍ ഫൗണ്ടേഷനിലും സൂഖ് വാഖിഫിലുമൊക്കെ നടന്ന വിവിധ എക്‌സിബിഷനുകളുടെ ഭാഗമായ മനോജ് നിത്യവും ചിത്ര രചനയില്‍ പുതുമ നേടുന്ന കലാകാരനാണ് .

സാധാരണ ചിത്രങ്ങള്‍ ആരും വരക്കും. എളുപ്പം വരക്കാവുന്ന ചിത്രങ്ങളാണ് അധികമാളുകളും വരക്കാന്‍ ഇഷ്ടപ്പെടുക. എന്നാല്‍ വെറൈറ്റി ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന മനോജ് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ വര്‍ക്കുകള്‍ ചെയ്യാനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നത്. റിയലിസവും ഹൈപ്പര്‍ റിയലിസവും ഇഷ്ടപ്പെടുന്ന മനോജ് ഒഴിവ് സമയങ്ങളില്‍ കലാനിര്‍വഹണത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ നടത്തിയാണ് പ്രവാസ ജീവിതം ധന്യമാക്കുന്നത്. ജലച്ഛായത്തിലെ അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ ഇരുത്തം വന്ന കലാകാരന്മാരെപ്പോലും വിസ്മയിപ്പിക്കുന്നതാണ് . ചുമര്‍ ചിത്രങ്ങളിലും മിടുക്കനായ കലാകാരനാണ് മനോജ്

പ്രകൃതിയുടെ സൗന്ദര്യമൊപ്പിയെടുക്കുന്ന ആത്മസംവേദനത്തിന്റെ വേറിട്ട കുറേ ചിത്രങ്ങളിലൂടെ സ്വദേശി കലാകാരന്മാരുടെ ഹൃദയം കീഴടക്കിയ ഈ കലാകാരന്‍ ഓരോ വര്‍ക്കിലും സ്വന്തമായ ചില മുദ്രകള്‍ കോറിയിടാന്‍ ശ്രദ്ധിക്കാറുണ്ട്.പ്രകൃതിയുടെ മനോഹാരിതയും കാല്‍പനികതയുടെ വിശാലതയും സമന്വയിപ്പിക്കുന്ന മനോജിന്റെ ചിത്രങ്ങള്‍ മഹത്തായ സന്ദേശങ്ങളാണ് സഹൃദയരുമായി പങ്കുവെക്കുന്നത്. കല കേവലം സൗന്ദര്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനപ്പുറം ആശയങ്ങളുടെ ആവിഷ്‌ക്കാരവുമാണെന്നാണ് മനോജ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മനോജിന്റെ കാന്‍വാസില്‍ വിരിയുന്ന ഓരോ ചിത്രവും വിപുലമായ ആശയവും പൊരുളുകളുമുള്ളതാണ് .

കലയെ ഏറെ ഗൗരവത്തോടെ സമീപിക്കുന്ന മനോജിന് കലയാണ് ജീവിതം. വരയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയും പുതിയ സംവിധാനങ്ങള്‍ പഠിച്ചും പ്രയോഗിച്ചുമൊക്കെയാണ് സര്‍ഗസഞ്ചാരത്തിന്റെ സവിശേഷമായ വഴികളിലൂടെ മനോജ് മുന്നോട്ടുപോകുന്നത്. പല സ്വദേശികള്‍ക്കും വേണ്ടി ചിത്രങ്ങള്‍ വരക്കുക മാത്രമല്ല ആര്‍ട് ക്‌ളാസുകളും പരിശീലനങ്ങളും നല്‍കിയും മനോജ് കലാനിര്‍വഹണത്തില്‍ തന്റെ നിയോഗം നിറവേറ്റുന്നുണ്ട്.

പരമ്പരാഗത രീതിയിലുള്ള വര്‍ക്കുകള്‍ക്കൊപ്പം മോഡേണ്‍ ആര്‍ട്ടും സമന്വയിപ്പിച്ച് മനോജിന്റെ തൂലികയിലൂടെ പുറത്തുവരുന്ന ജീവനുള്ള ചിത്രങ്ങള്‍ക്ക് ഖത്തറിലെ സ്വദേശികള്‍ക്കിടയില്‍ വമ്പിച്ച സ്വീകാര്യത ലഭിക്കുന്നുവെന്നത് പ്രത്യേകപരാമര്‍ഹിക്കുന്നു. ചിത്രം വരക്കുന്നതിനും വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമായി ദോഹയിലെ സല്‍വ റോഡില്‍ സ്വന്തമായി ഓഫീസ് തുറന്നാണ് മനോജ് തന്റെ കലാസപര്യ തുടരുന്നത്.

കഴിഞ്ഞ ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് മനോജ് വരച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച് കത്താറ കള്‍ചറല്‍ ഫൗണ്ടേഷന്‍ നടത്തിയ മല്‍സരത്തില്‍ മനോജിന്റെ ചിത്രം ഒന്നാം സമ്മാന നേടി. ആഘോഷത്തിന്റെ സന്തോഷവും പാലസ്തീനിലെ ദുരന്തങ്ങളും അനാവരണം ചെയ്താണ് ശ്രദ്ധേയമായ ആ ചിത്രം മനോജ് പൂര്‍ത്തിയാക്കിയത്. കാന്‍വാസിന്റെ ഇടതു വശം ആഘോഷങ്ങളുടെ പൊലിമ പ്രതിനിദാനം ചെയ്തപ്പോള്‍ വലതുവശം പാലസ്തീനിലെ കരളയിലയിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതീകവല്‍ക്കരിച്ചത്.

ഖത്തറില്‍ നടന്നുവരുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിന്റെ ഭാഗമായി ഖത്താറ നടത്തിയ ലൈവ് പെയിന്റിംഗില്‍ പങ്കെടുത്ത മനോജ് പതിമൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് തന്റെ സൃഷ്ടി പൂര്‍ത്തിയാക്കിയത്.

ഏത് നല്ല കാഴ്ചകളും ഈ കലാകാരനെ ആകര്‍ഷിക്കുന്നു. പ്രകൃതി സൗന്ദര്യവും കാവാലസ്ഥ വ്യതിയാനങ്ങളും സാംസ്‌കാരിക വിനിമയ പരിപാടികളുമൊക്കെ തന്റെ കാന്‍വാസിനെ അലങ്കരിക്കുമ്പോള്‍ കലയുടെ സാമൂഹ്യ ധര്‍മമാണ് എടുത്ത് കാണിക്കുന്നത്.

ലോക നാഗരികതയുടെ ഈറ്റില്ലവും കേന്ദ്ര സ്ഥാനവും അവകാശപ്പെടാവുന്ന ഖത്തറിന്റെ മനോഹരമായ ചരിത്രസ്മാരകങ്ങളൊക്കെ ഈ കലാകാരന്റെ കാന്‍വാസുകളില്‍ പുനര്‍ജനിക്കുമ്പോള്‍ നാം വിസ്മയിച്ചുനിന്നുപോകും.

പ്രകൃതി അതിമനോഹരമാണ്. അതിന്റെ ഓരോ ഭാവങ്ങളും കലാഹൃദയങ്ങളെ ഉത്തേജിപ്പിക്കുന്നു. എന്നാല്‍ പ്രകൃതിയ സൗന്ദര്യം ആസ്വദിക്കപ്പടാന്‍ അവസരമില്ലാതെ നഷ്ടപ്പെടുന്ന തരത്തിലുള്ള ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ ഭീഷണികള്‍ മാനവരാശിയുടെ മുന്നില്‍ ചോദ്യ ചിഹ്നങ്ങളാകുമ്പോള്‍ മനോഹരമായ ദൃശ്യങ്ങളുടെ തന്മയത്തത്തോടെയുള്ള അവതരണത്തിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശമാണ് ഈ കലാകാരന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഭൂമിയുടെ അവകാശികളായ ഓരോ ജീവജാലത്തിനും അതിന്റെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും ഓരോരുത്തരും അതിന്റെ കാവലാളുകളാവുകയും ചെയ്യുമ്പോള്‍ മാത്രമേ ഭൂമി സുന്ദരമായി നിലനില്‍ക്കുകയുള്ളൂ എന്നും അദ്ദേഹത്തിന്റെ പെയിന്റിംഗുകള്‍ ഓര്‍മപ്പെടുത്തുന്നത്.

മരുഭൂമിയുടെ മനോഹാരിതയും അറബ് സംസ്‌കാരത്തിന്റെ ഗരിമയും കാന്‍വാസില്‍ ഒപ്പിയെടുത്ത് തന്റെ ജീവിത മാര്‍ഗം കണ്ടെത്തുന്നതോടൊപ്പം കലയുടെ മഹത്വവും അടയാളപ്പെടുത്തിയാണ് മനോജിന്റെ പ്രവാസം സവിശേഷമാകുന്നത്. സ്വദേശികള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള സന്ദേശ പ്രധാനങ്ങളായ ചിത്രങ്ങളാണ് മനോജിന്റെ അനുഗ്രഹീത തൂലികയിലൂടെ പുറത്തുവരുന്നത്.

മനോജിന്റെ പ്രിയതമ ബേബി മനോജും മക്കളായ ശ്രീ ലക്ഷ്മി , ശ്രീ പാര്‍വതി എന്നിവരും നല്ല കലാകാരികളാണ് എന്നതും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. പേപ്പര്‍ ക്രാഫ്റ്റാണ് പ്രിയതമയുടെ ഇഷ്ട മേഖല . എന്നാല്‍ മക്കള്‍ രണ്ടുപേരും വരയോടൊപ്പം സംഗീതത്തോടും ആഭിമുഖ്യമുള്ളവരാണ് എന്നത് ജന്മസുകൃതമാണ്.

Related Articles

Back to top button
error: Content is protected !!