ഖത്തറും ഇന്ത്യയും വിവിധ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ത്യയും ഖത്തറും വളരെ പ്രധാനപ്പെട്ട വ്യാപാര പങ്കാളികളാണെന്നും ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി മേഖലകള്‍ പ്രാധാന്യമര്‍ഹിക്കുന്നതും കൂടുതല്‍ ശക്തമാവുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അഭിപ്രായപ്പെട്ടു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വ്യാപാര പങ്കാളിത്തം, നിക്ഷേപ സഹകരണം, ഊര്‍ജ പങ്കാളിത്തം, പ്രാദേശിക സുരക്ഷ, സാംസ്‌കാരിക ബന്ധം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും ചര്‍ച്ച ചെയ്തു. ഊര്‍ജ, സാങ്കേതിക മേഖലയില്‍ തന്ത്രപരമായ നിക്ഷേപത്തിന്റെയും പങ്കാളിത്തത്തിന്റെയും ആവശ്യകതയെക്കുറിച്ചും ഈ മേഖലയില്‍ വാങ്ങല്‍ വില്‍പ്പന ബന്ധത്തിനപ്പുറം മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു,” ക്വാത്ര കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ച് സംസാരിച്ച വിദേശകാര്യ സെക്രട്ടറി, ഉഭയകക്ഷി വ്യാപാരം ഏകദേശം 20 ബില്യണ്‍ ഡോളറിന് അടുത്താണെന്നും ശക്തമായ നിക്ഷേപ സഹകരണമുണ്ടെന്നും ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മോദിയുടെ ഖത്തര്‍ സന്ദര്‍ശനം വളരെ വിജയകരമായിരുന്നു. ഈ സന്ദര്‍ശനം ഇന്ത്യ-ഖത്തര്‍ ബന്ധത്തെ മുഴുവന്‍ സഹകരണ മേഖലയിലുടനീളം വളരെ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള വേദിയൊരുക്കുകയും ബഹിരാകാശം, സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുന്ന പുതിയ ചില മേഖലകളില്‍ പങ്കാളിത്തം പര്യവേക്ഷണം ചെയ്യുന്നതിനുള്ള അടിത്തറ പാകുകയും ചെയ്തു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം സാമ്പത്തിക സഹകരണത്തിന്റെ വിവിധ മേഖലകളില്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള വിശാലമായ പങ്കാളിത്തം ഏകീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാങ്കേതികവിദ്യ, നിക്ഷേപം, ഊര്‍ജം, വ്യാപാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍; വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് വിഭാഗത്തിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി അസീം ആര്‍ മഹാജന്‍, ജോയിന്റ് സെക്രട്ടറിയും (എക്സ്പി), ഔദ്യോഗിക വക്താവുമായ രണ്‍ധീര്‍ ജയ്സ്വാള്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.