താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കായി കായിക ദിനം സംഘടിപ്പിച്ച് ഐ.സി.ബി.എഫ് ഖത്തര്‍
ദോഹ. ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ്, 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററുമായി (ഐ.എസ്.സി) സഹകരിച്ച്, താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ തൊഴിലിളികള്‍ക്കായി കായിക ദിനം സംഘടിപ്പിച്ചു. ഫെബ്രുവരി 16-ന് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള 200-ലധികം പേര്‍ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുത്തു.
കായിക ക്ഷമതയുടെയും, പരസ്പര സൗഹൃദത്തിന്റെയും അന്തസത്ത ഉള്‍ക്കൊണ്ടുള്ള കായിക സംഗമത്തിലേക്ക്, വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് പങ്കെടുത്തവരെ, ഗതാഗത സൗകര്യങ്ങള്‍ ഒരുക്കി വേദിയിലേക്ക് എത്തിച്ചിരുന്നു. വടംവലി, പഞ്ചഗുസ്തി, പെനാല്‍റ്റി ഷൂട്ടൗട്ട് തുടങ്ങിയ കായിക ഇനങ്ങളില്‍, അംഗങ്ങള്‍ കൊമ്പുകോര്‍ത്തപ്പോള്‍, തുടക്കം മുതല്‍ തന്നെ കായികാവേശത്തിന്റെ അന്തരീക്ഷം വേദിയില്‍ നിറഞ്ഞിരുന്നു. പങ്കെടുത്ത പലര്‍ക്കും, ഇത് ആദ്യമായിട്ടായിരുന്നു ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.
വിജയികള്‍ക്ക് മെഡലുകളും, ട്രോഫികളും, സര്‍ട്ടിഫിക്കറ്റുകളും നല്കി ആദരിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, മുന്‍ പ്രസിഡന്റുമാരായ നിലാംഗ്ഷു ഡേ, പി എന്‍ ബാബുരാജന്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കളായ ഹരീന്ദര്‍പാല്‍ സിംഗ് ഭുള്ളര്‍, കെ എസ് പ്രസാദ്, ഐ.എസ്.സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ദീപേഷ് ജി കെ, സുജാത ഫെര്‍ണാണ്ടസ്, ദീപക് ചുക്കാല, പുരുഷ് പ്രബു, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സജീവ് സത്യശീലന്‍, സത്യനാരായണ മാലിറെഡ്ഡി, ഉപദേശക സമിതി അംഗം നന്ദിനി അബ്ബഗൗണി, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗങ്ങളായ ടി രാമസെല്‍വം, ശശിധര്‍ ഹെബ്ബാള്‍ എന്നിവരും, വിവിധ കമ്മ്യൂണിറ്റി നേതാക്കളും, അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളും സന്നിഹിതരായിരുന്നു.
ഐ.സി. ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി, ട്രഷറര്‍ കുല്‍ദീപ് കൗര്‍ ബഹല്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, ശങ്കര്‍ ഗൗഡ്, സമീര്‍ അഹമ്മദ്, അബ്ദുള്‍ റൗഫ് തുടങ്ങിയവരും, വിവിധ കമ്മ്യൂണിറ്റി വോളണ്ടിയര്‍മാരും പരിപാടികള്‍ നിയന്ത്രിച്ചു.
പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടതുപോലെ, അവര്‍ക്ക് ആദ്യമായിട്ടാണ് ഇത്തരം ഒരവസരം ലഭിച്ചതെന്നും, അതിന്റെ സന്തോഷം പങ്കുവെക്കാനും അവര്‍ മടിച്ചില്ല. അവരുടെ മനസ്സുനിറഞ്ഞ സന്തോഷവും, മുഖത്ത് വിരിഞ്ഞ പുഞ്ചിരിയും തന്നെ ആയിരുന്നു തങ്ങള്‍ക്ക് ഏറ്റവും സംതൃപ്തി നല്‍കുന്നതെന്ന് സംഘാടകരും അഭിപ്രായപ്പെട്ടു.