വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് : രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു നഴ്‌സിനുമെതിരെ നിയമ നടപടി
അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തറില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ ഒരു നഴ്സിനെയും വ്യാജരേഖ ചമച്ചതിനും മെഡിക്കല്‍ പ്രൊഫഷന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായ നടപടിക്കും ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു.
നിയമനടപടികള്‍ക്കായി മൂന്ന് പേരെയും ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യാന്‍ ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. അറസ്റ്റിലായവരെക്കുറിച്ചുള്ള അന്വേഷണം ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പൂര്‍ത്തിയാക്കി.
ജുഡീഷ്യല്‍ അധികാരമുള്ള മന്ത്രാലയത്തിലെ ജീവനക്കാരാണ് കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത്. ശേഷം റിപ്പോര്‍ട്ടുകള്‍ നല്‍കുകയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു.
പണം ഈടാക്കി നിയമവിരുദ്ധമായി സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി എന്നതാണ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കുറ്റം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി വ്യക്തികള്‍ക്ക് ഓഫീസില്‍ നിന്ന് അവധി ലഭിക്കുന്നതിനായി തെറ്റായ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.സിക്ക് ലീവ് അനുവദിച്ച വ്യക്തികളുടെ മെഡിക്കല്‍ റെക്കോര്‍ഡ് ഡോക്ടര്‍മാര്‍ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി.
കുറ്റാരോപിതരായ ഡോക്ടര്‍മാരുടെ നടപടി അവരുടെ ചുമതലകളുടെയും മെഡിക്കല്‍ പ്രൊഫഷന്റെ ധാര്‍മ്മികതയുടെയും നിയമങ്ങളുടെയും ലംഘനമാണ്,” പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു