പൊതു തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ വിഭാഗീയതക്ക് കൂട്ടു നില്‍ക്കരുത് : പി സി സി
ദോഹ : വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതും നിര്‍ണായകവുമാണെന്ന കാര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ വിസ്മരിക്കരുതെന്ന് പ്രവാസി കോഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2024 ലെ തെരഞ്ഞെടുപ്പ് നമ്മുടെ ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചും രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന മൂല്യങ്ങളെ സംബന്ധിച്ചും ഏറെ പ്രധാനമാണ്. ജനാധിപത്യത്തിലും മതേതരത്തത്തിലും വിശ്വസിക്കുന്ന രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം പാര്‍ട്ടി താല്‍പര്യങ്ങളെക്കാള്‍ ഇന്ത്യന്‍ ജനാധിപത്യം കാത്ത് സൂക്ഷിക്കാനുള്ള തെരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .
പൗരത്വ ഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ് ഇലക്ഷന്‍ മുന്‍പില്‍ കണ്ട് കൊണ്ടുള്ളതാണ് . വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നത്. ഇതിനെതിരില്‍ മുഴുവന്‍ ജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു .
നീറ്റ് പരീക്ഷക്ക് പ്രവാസ ലോകത്ത് സെന്റര്‍ അനുവദിക്കില്ല എന്ന തീരുമാനം അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസി വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തില്‍ പരിഹാരം കാണുന്നതിന് ഇന്ത്യന്‍ എംബസി ഇടപെടണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു..
യോഗത്തില്‍ ചെയമാന്‍ അഡ്വ.നിസാര്‍ കോച്ചേരി ആമുഖ ഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ കെ സി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് വിവിധ സംഘടനാ പ്രതിനിധികളായ ശ്രീജിത്ത് എസ് നായര്‍, റുഖ്‌നുദ്ദീന്‍ അബദുല്ല, ഷംന ആസ്മി, അഷ്‌റഫ് മടിയേരി, ഷാജി ഫ്രാന്‍സിസ് , അഡ്വക്കറ്റ് ജാഫര്‍ഖാന്‍, സക്കരിയ മാണിയൂര്‍, സാദിഖലി ചെന്നാടന്‍, പ്രദോഷ് , ജാബിര്‍ പിഎന്‍എം, അബ്ദുറഹീം പി പി, പി പി സുബൈര്‍ , സഫീര്‍ സലാം, മുഹമ്മദ് ഷബീര്‍ , കെ.ടി ഫൈസല്‍ , മുഹമ്മദ് റാഫി, അന്‍സാര്‍ അരിമ്പ്ര , അബ്ദുല്‍ കരീം , റഹീം ഓമശ്ശേരി, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖലീല്‍ എ പി, മൊയ്തീന്‍ ഷാ , ഡോ റസീല്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ മഷ്ഹൂദ് തിരുത്തിയാട് സ്വാഗതവും അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.