ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍ ബ്രിട്ടീഷ് കൗണ്‍സിലുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് സംഘടനയായ ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍ (ഫിന്‍ഖ് )ഔദ്യോഗികമായി ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റവുമായി അഫിലിയേറ്റ് പങ്കാളിത്തത്തില്‍ ഒപ്പുവച്ചു. ഫിന്‍ഖ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ബിജോയ് ചാക്കോയും ബ്രിട്ടീഷ് കൗണ്‍സില്‍ കണ്‍ട്രി ഡയറക്ടര്‍ ഡോ. വസീം കൊട്ടൂബുമാണ് കരാറില്‍ ഒപ്പുവച്ചത്.
ബ്രിട്ടീഷ് കൗണ്‍സിലില്‍ നടന്ന ഒപ്പിടല്‍ ചടങ്ങില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ റീജിയണല്‍ സീനിയര്‍ സെയില്‍സ് ആന്‍ഡ് അക്കൗണ്ട് മാനേജര്‍ അനിത ഗൗതംരാജ്; ദേബശ്രീ ബിസ്വാള്‍, ഓപ്പറേഷന്‍സ് റിസോഴ്സ് ഓഫീസര്‍ എം. മുഹമ്മദ് ഹമ്മാമി, അക്കൗണ്ട്‌സ് റിലേഷന്‍ഷിപ്പ് ഓഫീസര്‍ അക്കൗണ്ട്‌സ് റിലേഷന്‍ഷിപ്പ് മാനേജര്‍ നിമ്രോദ് ഡിസില്‍വയും ഫിന്‍ഖ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജമേഷ് ജെയിംസ്, ജനറല്‍ സെക്രട്ടറി നിഷാമോള്‍, അഡൈ്വസറി ബോര്‍ഡ് ഡയറക്ടര്‍ റീന ഫിലിപ്പ്, ഡെപ്യൂട്ടി ട്രഷറര്‍ കെന്‍സണ്‍, മാനേജിംഗ് കമ്മറ്റി അംഗം ടോണി, ആല്‍ബി അലക്‌സ് എന്നിവരും സംബന്ധിച്ചു.
ഫിന്‍ഖും ബ്രിട്ടീഷ് കൗണ്‍സിലുമായുള്ള ധാരണാ പത്രമനുസരിച്ച് ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം പരീക്ഷക്ക് ഫിന്‍ഖ് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ, ഫിന്‍ഖ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മോക്ക് ടെസ്റ്റുകളും ലളിതമാക്കിയ രജിസ്‌ട്രേഷന്‍ പ്രക്രിയയും ഉള്‍പ്പെടെയുള്ള നിരവധി സൗജന്യ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ ലഭിക്കും.