പ്രൊഫഷണലിസവും പാഷനും ചേരുമ്പോഴാണ് മികവുണ്ടാകുന്നത് : രാജേശ്വര്‍ ഗോവിന്ദന്‍
അമാനുല്ല വടക്കാങ്ങര
ഏത് രംഗത്തും പ്രൊഫഷണലിസവും പാഷനും ചേരുമ്പോഴാണ് മികവുണ്ടാകുന്നതെന്നും ഓരോരുത്തരും അവനവന്റെ പ്രൊഫഷണല്‍ യോഗ്യതയും പാഷനുമനുസരിച്ച ജോലിക്ക് പരിശ്രമിക്കണമെന്നും ഖത്തറിലെ പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ജി ഡബ്‌ളിയുസി ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ രാജേശ്വര്‍ ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
പ്രവാസ ലോകത്തായാലും നാട്ടിലായാലും യോഗ്യതയും പാഷനും തമ്മില്‍ ചേരുന്ന ജോലിയിലാണ് മികച്ച പ്രകടനങ്ങളുണ്ടാവുക. അതിനാല്‍ അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നാലും അനുയോജ്യമായ മേഖലയില്‍ ജോലി കണ്ടെത്താന്‍ പരിശ്രമിക്കുകയാണ് വേണ്ടത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ലോജിസ്റ്റിക് രംഗത്തെ നൂതന സേവനങ്ങളുമായി ജി ഡബ്‌ളിയുസി എന്ന മുന്‍ നിര കമ്പനിയുടെ പ്രധാന ഉത്തരവാദിത്തം വഹിക്കുന്ന രാജേശ്വര്‍ ഗോവിന്ദന് ജോലി തേടുന്ന യുവാക്കള്‍ക്ക് നല്‍കാനുള്ള ഉപദേശമിതാണ്.
ഖത്തര്‍ ആതിഥ്യം വഹിച്ച ഫിഫ 2022 ലോകകപ്പിന്റെ ലോജിസ്റ്റിക് പാര്‍ട്ണര്‍ എന്ന നിലയില്‍ മികച്ച സേവനം കാഴ്ചവെച്ച ജി ഡബ്‌ളിയുസി ഫിഫയുടെ പ്രത്യേകം പ്രശംസ പിടിച്ചുപറ്റുകയും കഴിഞ്ഞ 25 ലോകകപ്പില്‍ ഏറ്റവും മികച്ച സേവനമാണ് 2022 ലോകകപ്പില്‍ ലഭിച്ചതെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുമ്പോള്‍ കമ്പനിയുടെ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ എന്ന നിലയില്‍ രാജേശ്വറിനും അഭിമാനിക്കാം.
നാട്ടില്‍ വിവിധ ടെലികോം കമ്പനികളിലായി പന്ത്രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമായി 2008 ലാണ് രാജേശ്വര്‍ പ്രവാസമാരംഭിക്കുന്നത്. 250 ജീവനക്കാരുണ്ടായിരുന്ന അജിലിറ്റി എന്ന ലോജിസ്റ്റിക് കമ്പനിയുടെ ഫിനാന്‍സ് മാനേജറായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഇന്ന് മൂവായിരത്തി അറുനൂറോളം ജീവനക്കാരും പത്തൊമ്പത് ഫെസിലിറ്റികളുമുള്ള ജി ഡബ്‌ളിയുസി എന്ന മുന്‍ നിര ലോജിസ്റ്റിക് കമ്പനിയുടെ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ പദവിയിലെത്തിയത് സമര്‍പ്പിത സേവനവും പ്രൊഫഷണലിസവും കൈമുതലാക്കിയാണ്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്ത് ശ്രീ മൂല നഗരം ഗോവിന്ദ മേേേനാന്റേയും രത്‌ന മണിയുടേയും ഇളയ മകനായാണ് രാജേശ്വര്‍ ജനിച്ചത്. ഐസിഡബ്‌ളിയു പഠിച്ച അച്ഛന്‍ ഗവണ്‍മെന്റ് ടെലിഗ്രാഫ് ഓഫീസ് ഉദ്യോഗസ്ഥനായിരുന്നു. തന്റെ റോള്‍ മോഡലായ അച്ഛന്റെ പാത പിന്തുടരാനാണ് രാജേശ്വര്‍ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ പത്താം ക്‌ളാസ് പാസായ ശേഷം ശ്രീശങ്കരയില്‍ ഫോര്‍ത്് ഗ്രൂപ്പെടുത്താണ് പ്‌ളസ് ടു പഠിച്ചത്. ബികോമിന് ചേര്‍ന്നപ്പോള്‍ തന്നെ ഐസിഡബ്‌ളിയുവിനുള്ള പരിശീലനവും ആരംഭിച്ചാണ് രാജേശ്വര്‍ തന്റെ കരിയറിനെ ആസൂത്രണം ചെയ്തത്. ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ രാജേശ്വര്‍ ഐസിഡബ്‌ളിയു ഫൈനല്‍ പാസായി തന്റെ കരിയര്‍ ഭദ്രമാക്കി.
ബികോമും ഇന്റര്‍മീഡിയറ്റും കഴിഞ്ഞപ്പോള്‍ തന്നെ ചെറിയ ജോലികള്‍ ആരംഭിച്ചു. വീടിനടുത്തുള്ള തൃപ്തി റൈസ് മില്ലില്‍ എക്കൗണ്ടന്റായാണ് ആദ്യം ജോലി ചെയ്തത്. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ അപ്രന്റീഷിപ്പ്, ശ്രീ റാം ഫിനാന്‍സില്‍ എക്കൗണ്ട് ഓഫീസര്‍ എന്നിവക്ക് ശേഷം 1998 ലാണ് എസ്‌കോട്ടിലിന്റെ ആലപ്പുഴ ഓഫീസില്‍ ജോലിയാരംഭിച്ചത്. 1999 മാര്‍ച്ചായപ്പോഴേക്കും എറണാംകുളം റീജ്യംല്‍ ഓഫീസിലേക്ക് പ്രമോഷന്‍ ലഭിച്ചു. 2002 ല്‍ റിലയന്‍സിലും 2006 ല്‍ ഹച്ചിലും സേവനം ചെയ്ത ശേഷമാണ് പ്രവാസ ലോകത്തേക്ക് തിരിയുന്നത്.
12 വര്‍ഷത്തോളം നാട്ടിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത പരിചയം പ്രവാസ ലോകത്ത് ഏറെ പ്രയോജനം ചെയ്തതായി രാജേശ്വര്‍ പറയുന്നു.
2003 ലാണ് ജീവിത സഖിയായി രഞ്ജി കടന്നുവന്നത്. കുടുംബസമേതം ദോഹയില്‍ താമസിക്കുന്ന രഞ്ജി രാജേശ്വര്‍ ദമ്പതികളുടെ മക്കളാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ ആസ്‌ട്രോ ഫിസിക്‌സിന് പഠിക്കുന്ന മാധവ് രാജേശ്വറും ദോഹയിലെ ജെംസ് വില്ലിംഗ്ടണ്‍ സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ഥി ദേവ് രാജേശ്വറും.
തിരിക്ക് പിടിച്ച പ്രൊഫഷണല്‍ ജീവിതത്തിനിടയില്‍ സിനിമ കാണാനും ബാറ്റ്മിന്റണ്‍ കളിക്കാനുമൊക്കെ സമയം കണ്ടെത്താറുള്ള രാജേശ്വര്‍ മലയാളി സമാജം ഉപദേശക സമിതി അംഗമാണ്. എല്‍മര്‍ എന്ന മലയാള സിനിമയുടെ നിര്‍മാതാവ് കൂടിയാണ് രാജേശ്വര്‍ . എല്‍മറില്‍ ടൈറ്റില്‍ കാരക്ടര്‍ ചെയ്തത് രാജേശ്വറിന്റെ ഇളയ മകന്‍ ദേവ് രാജേശ്വറായിരുന്നു.