
സി.ഐ.സി മദീന ഖലീഫ സോണ്‍ റമദാന്‍ സംഗമം സംഘടിപ്പിച്ചു
ദോഹ: ‘തഖ് വയും സ്വബ്‌റുമാണ് റമദാന്‍’ എന്ന തലക്കെട്ടില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോണ്‍ റമദാന്‍ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു.
പ്രപഞ്ചനാഥന്‍ മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിച്ച ഖുര്‍ആനിന്റെ വസന്തത്തെ ഹൃദയത്തിലേക്ക് ആവാഹിച്ച് ജീവിതത്തിന്റെ സമരമുഖത്തേക്കിറങ്ങുകയാണ് വിശ്വാസികളുടെ ദൗത്യമെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച എം.എം ശംസുദ്ദീന്‍ നദ്വി അഭിപ്രായപ്പെട്ടു. ആ ദൗത്യനിര്‍വഹണത്തിനാവശ്യമായ ജീവിതസൂക്ഷ്മതയും വിശുദ്ധിയും ക്ഷമയും സ്ഥൈര്യവും നേടിയെടുക്കാനുള്ള പരിശീലനമാണ് റമദാന്‍ മാസമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഴത്തിലുള്ള പഠനവും മനനവും ആവശ്യപ്പെടുന്നതാണ് ഖുര്‍ആനിന്റെ പ്രമേയങ്ങളും ശൈലിയുമെന്ന് സി.ഐ.സി വക്‌റ സോണ്‍ പ്രസിഡന്റ് ഷാനവാസ് ഖാലിദ് പറഞ്ഞു.
സി.ഐ.സി മദീന ഖലീഫ സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വി.എന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്‍ കബീര്‍ ഇ.കെ സ്വാഗതം പറഞ്ഞു. സി.ഐ.സി വൈസ് പ്രസിഡന്റ് അര്‍ഷദ് ഇ.സമാപനം നിര്‍വഹിച്ചു.
സംഗമത്തിന്റെ ഭാഗമായി മലര്‍വാടി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.