ഖത്തറിന്റെ സൈബര്‍ സുരക്ഷാ തന്ത്രങ്ങള്‍ സുരക്ഷിതമായ സൈബര്‍ അന്തരീക്ഷം ഉറപ്പാക്കുന്നു
ദോഹ: ഖത്തറിന്റെ സൈബര്‍ സുരക്ഷാ തന്ത്രങ്ങള്‍ സുരക്ഷിതമായ സൈബര്‍ അന്തരീക്ഷം ഉറപ്പാക്കുന്നതായി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയിലെ (എന്‍സിഎസ്എ) നാഷണല്‍ സൈബര്‍ പ്രോഗ്രാം ഡെലിവറി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മന്നായ് അഭിപ്രായപ്പെട്ടു. ഖത്തര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന്റെ സൈബര്‍ സുരക്ഷാ തന്ത്രങ്ങള്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും നിക്ഷേപത്തിനും വളര്‍ച്ചയ്ക്കും സുരക്ഷിതമായ അന്തരീക്ഷം രൂപപ്പെടുത്തുകയാണ്.
നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി തത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സഹായത്തിനുള്ള ഉപകരണങ്ങളും നല്‍കിക്കൊണ്ട് ഡാറ്റ സംരക്ഷണത്തെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനുള്ള സജീവമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
”സൈബര്‍ സുരക്ഷ നിങ്ങളുടെ ഡിജിറ്റല്‍ ഡാറ്റ ഓണ്‍ലൈനില്‍ സുരക്ഷിതമാക്കുന്നു. ഇന്റര്‍നെറ്റില്‍ ഡാറ്റ സുരക്ഷിതമാക്കാന്‍ ചില അടിസ്ഥാനകാര്യങ്ങള്‍ ആവശ്യമാണ്, ഉദാഹരണത്തിന് ശക്തമായ ഒരു പാസ്വേഡും സുരക്ഷിതമായ ഉപകരണവും. കൂടാതെ, ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ നെറ്റ്വര്‍ക്ക് സുരക്ഷിതമായ ഒരു നെറ്റ്വര്‍ക്ക് ആയിരിക്കണം, ”അല്‍ മന്നായ് പറഞ്ഞു.
ഖത്തറിനുള്ള സൈബര്‍ ഇടം സുരക്ഷിതമാക്കുകയാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ദൗത്യമെന്ന് അഭിപ്രായപ്പെട്ടു. സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രോജക്ടുകളിലൂടെയും പ്രോഗ്രാമുകളിലൂടെയും ശുഷ്‌കാന്തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള പ്രതിബദ്ധത ഏജന്‍സി ഉറപ്പിക്കുന്നു.
വിവര വിനിമയ സാങ്കേതിക വിദ്യ, ഡിജിറ്റല്‍ പരിവര്‍ത്തനം, സൈബര്‍ വെല്ലുവിളികള്‍ നേരിടുന്നതിന് വിലപ്പെട്ട പരിഹാരങ്ങള്‍ നല്‍കല്‍, നിര്‍മ്മാണം, വികസനം എന്നിവ കൈവരിക്കുന്നതിന് അത്തരം മേഖലയിലെ ഏറ്റവും പുതിയ സംവിധാനങ്ങള്‍ക്കും അന്താരാഷ്ട്ര മികച്ച സമ്പ്രദായങ്ങള്‍ക്കും അനുസൃതമായി സുരക്ഷിതമായ സൈബര്‍ അന്തരീക്ഷം ഇത് പ്രദാനം ചെയ്യുന്നു.