‘സുലൈമാന്‍ സേട്ട് മതേതര ഇന്ത്യക്ക് മാതൃകയായ പോരാളി’: എളമരം കരീം എംപി
ഖത്തര്‍: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആറ് പതിറ്റാണ്ടിലേറെ ന്യൂനപക്ഷ അവകാശങ്ങള്‍ക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി നിരന്തരം പോരാടിയ മതനിരപേക്ഷ പോരാളിയായിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ടെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങളില്‍ ഇരകളാക്കപ്പെട്ട ആയിരങ്ങള്‍ക്ക് സാന്ത്വനം നല്‍കാനും അത്തരം വിഷയങ്ങളില്‍ ഭരണകൂടങ്ങളുടെ തെറ്റുകള്‍ക്കെതിരെ കലഹിക്കാനും സുലൈമാന്‍ സേട്ട് മുന്നില്‍ നിന്നതും ഏറെ ആവേശകരമായ അനുഭവങ്ങള്‍ ആണെന്നും ഐഎംസിസി ജിസിസി കമ്മറ്റി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ഇബ്രാഹിം സുലൈമാന്‍ സേട്ട് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഐഎംസിസി ജിസിസി ചെയര്‍മാന്‍ എഎം അബ്ദുല്ലകുട്ടി അധ്യക്ഷത വഹിച്ചു.
മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സുലൈമാന്‍ സേട്ടിനെ പോലെയുള്ള ആത്മാര്‍ത്ഥത നിറഞ്ഞ പോരാളികളെയാണ് ഇന്നത്തെ ഫാസിസ്റ്റ് കാലത്ത് രാജ്യം കൊതിക്കുന്നതെന്നും, രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഏറെ പഠിക്കാനും പകര്‍ത്താനും കഴിയുന്നതാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ജീവിതമെന്നും, നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഒരിക്കലും തയ്യാറാവാതിരുന്ന സേട്ട് തന്നെ ഏറെ ആകര്‍ഷിച്ച വ്യക്തിത്വമാണെന്നും അദ്ദേഹം അനുസ്മരിച്ചു.
ന്യൂനപക്ഷ വിഭാഗത്തിന്റെ പോരാളി എന്നതിനപ്പുറം, രാജ്യത്തെ മതനിരപേക്ഷ സമൂഹം ഒന്നടങ്കം എക്കാലവും ഓര്‍ക്കുന്ന നേതാവാണ് സേട്ട് സാഹിബെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മീഡിയവണ്‍ ഗള്‍ഫ് ബ്യൂറോ ചീഫുമായ എംസിഎ നാസര്‍ അനുസ്മരിച്ചു. ഇതിന് തനിക്ക് നേരിട്ട് അനുഭവമുള്ള ഉദാഹരണമായിരുന്നു, വിഭജന സമയത്ത് പാകിസ്ഥാനില്‍ അകപ്പെട്ടുപോയ ബന്ധുക്കളെ കാണാന്‍ ശുപാര്‍ശ കത്തിനായി പലപ്പോഴും ഡല്‍ഹിയിലെ സുലൈമാന്‍ സേട്ടിന്റെ വീട്ടിലെത്തിയിരുന്ന സിഖ് സമൂഹത്തിലെ നിരാലംബരായ ആളുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി അബ്ദുല്‍ വഹാബ്, സംസ്ഥാന സെക്രട്ടറി സത്താര്‍ കുന്നില്‍, ഐഎംസിസി മുന്‍ ജിസിസി ജനറല്‍ കണ്‍വീനര്‍ ഖാന്‍ പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍കോയ തങ്ങള്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്, എഎല്‍എം ഖാസിം, സയ്യിദ് ഷബീല്‍ ഹൈദ്രോസി തങ്ങള്‍, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍, ഒപി റഷീദ്, ജലീല്‍ പുനലൂര്‍, ബഷീര്‍ ബഡേരി, കൊച്ചുമുഹമ്മദ് വലത്ത്, സാലിഹ് മേടപ്പില്‍, നസ്റുദ്ധീന്‍ മജീദ്, എന്‍എം മഷ്ഹൂദ് തുടങ്ങിയവരും സംബന്ധിച്ചു.
ജനറല്‍ കണ്‍വീനര്‍ പിപി സുബൈര്‍ സ്വാഗതവും ട്രഷറര്‍ പുളിക്കല്‍ മൊയ്തീന്‍ കുട്ടി നന്ദിയും പറഞ്ഞു. മുഫീദ് കൂരിയാടന്‍, ഷരീഫ് കൊളവയല്‍, കാസിം മലമ്മല്‍, റഷീദ് താനൂര്‍, ഹമീദ് മധൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.