ഖത്തര്‍ പ്രവാസി അസീസ് മഞ്ഞിയിലിന്റെ മഞ്ഞു തുള്ളികള്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തര്‍ പ്രവാസി അസീസ് മഞ്ഞിയിലിന്റെ മഞ്ഞു തുള്ളികള്‍ പ്രകാശനം ചെയ്തു. തൃശൂര്‍ സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടന്ന ശാന്ത ഗംഭീരമായ സദസ്സില്‍ കവയിത്രി സൈനബ് ചാവക്കാടിന് ആദ്യ പ്രതി നല്‍കി പ്രൊ.കെ സച്ചിദാനന്ദനാണ് പ്രകാശനം നിര്‍വഹിച്ചത്.
കാവ്യഭാഷയില്‍ മിടിക്കുന്ന ഒരു സൂക്ഷ്മ വാദ്യമാണ് മഞ്ഞു തുള്ളികളിലെ ഓരോ കവിതയുമെന്ന് പ്രകാശനം നിര്‍വഹിച്ച് സംസാരിച്ച പ്രൊ.കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. അനുഭവം മാത്രമല്ല ചരിത്രവും സ്വപ്നകാമനകളും സത്യസാക്ഷ്യവും സ്വത്വകാംക്ഷയും നീതിബോധവും സന്ദേഹവും കവിതയില്‍ പൊലിക്കുന്നു.മഞ്ഞു തുള്ളികള്‍ പോലെ നിഷ്‌കളങ്കമാണ് മഞ്ഞിയില്‍ കവിതകള്‍.
പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭൂതി ലോകങ്ങളെ ആവിഷ്‌ക്കരിക്കുന്നതാണ് കവിത.വര്‍ത്തമാന കാലവും ലോകവും രാഷ്ട്രീയവും എല്ലാം കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഈ കവിതാ സമാഹാരമെന്ന് സദസ്സ് വിലയിരുത്തി.
സാഹിത്യ നിരൂപകന്‍ പി.ടി കുഞ്ഞാലി മാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രകാശനച്ചടങ്ങില്‍,എ.വി.എം ഉണ്ണി പുസ്തക പരിചയം നടത്തി.സൈനബ് ചാവക്കാട്,സക്കീര്‍ (തനിമ),സൈനുദ്ദീന്‍ ഖുറൈഷി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.ഇര്‍ഫാന കല്ലയില്‍ താഴ്വരയുടെ കണ്ണീര്‍ എന്ന മഞ്ഞിയിലിന്റെ കവിത ആലപിച്ചു.അസിസ് മഞ്ഞിയില്‍ മറുപടി പറഞ്ഞു.വിമല്‍ വാസുദേവ് ആലപിച്ച പൊന്നുമ്മ എന്ന കവിതയുടെ ശബ്ദലേഖനത്തോടെ പ്രാരംഭം കുറിച്ച സായാഹ്ന സംഗമത്തില്‍ അഡ്വ.അറക്കല്‍ ഖാലിദ് സ്വാഗതവും വചനം ഡയറക്ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.