ജനവിധി പ്രതീക്ഷാ ജനകം: പ്രവാസി വെല്‍ഫയര്‍ ‘വോട്ടറുടെ സ്വരം’
ദോഹ : 2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണെന്ന് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ‘വോട്ടറുടെ സ്വരം’ തെരഞ്ഞെടുപ്പ് അവലോകന സദസ്സ് അഭിപ്രായപ്പെട്ടു.
കുറച്ചുകൂടി സൂക്ഷ്മതയോടും ഐക്യത്തോടെയും പ്രവര്‍ത്തിച്ചാല്‍ സംഘപരിവാര്‍ ശക്തികളെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നത് അസാധ്യമായ കാര്യമായിരുന്നില്ല. വര്‍ഗീയതയും വിഭാഗീയതയും ഇന്ത്യയുടെ ഭൂരിപക്ഷ മതേതര മനസ്സ് വച്ച് പൊറുപ്പിക്കില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനോഹരമായ തിരിച്ചുവരവിന്റെ തുടക്കമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും ചര്‍ച്ച സദസ്സ് അഭിപ്രായപ്പെട്ടു. വര്‍ഗീയ കാര്‍ഡു ഇറക്കിയ മണ്ഡലങ്ങളിലെ തെരഞ്ഞെടൂപ്പ് ഫലങ്ങളും അതിനു നേതൃത്വം നല്‍കിയവരുടെ ഭൂരിപക്ഷങ്ങളിലെ കുത്തനെയുള്ള ഇടിവും ജനാധിപത്യത്തിന്റെ ശുഭ സൂചനയാണ്. രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ വേണ്ടത്ര ജാഗ്രത കാണിക്കാത്തതിനാലാണ് കേരളത്തിലെ ചില മണ്ഢലങ്ങളുള്‍പ്പടെയുള്ളിടങ്ങളില്‍ പരാജയം സംഭവിച്ചത്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വരും നാളുകളില്‍ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അടിസ്ഥാന വികസനം സാധാരണക്കാരില്‍ എത്തുന്ന രീതിയില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ മതേതരകക്ഷികള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ജനറ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട്, യുവ കലാസാഹിതി കേന്ദ്ര കോഡിനേറ്റര്‍ സിറാജ്, വണ്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി ഷാജി ഫ്രാന്‍സിസ്, ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വൈസ് പ്രസിഡണ്ട് അനീസ് റഹ്‌മാന്‍ ചര്‍ച്ച നിയന്ത്രിച്ചു. കറന്റ് അഫയേഴ്സ് കണ്‍വീനര്‍ ഷാദിയ ഷരീഫ് നന്ദി പറഞ്ഞു. മലപ്പുറം ജില്ലാക്കമ്മറ്റി നടത്തിയ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.