പുതിയ കാലത്ത് അറബി ഭാഷാ പഠനത്തിന് സാധ്യതകള്‍ ഏറുന്നു : ഡോ. ടി.എ. അബ്ദുല്‍ മജീദ്
അമാനുല്ല വടക്കാങ്ങര
ദോഹ. പുതിയ കാലത്ത് അറബി ഭാഷാ പഠനത്തിന് സാധ്യതകള്‍ ഏറി വരികയാണെന്നും വേദ ഭാഷ എന്നതിനപ്പുറത്ത് വാണിജ്യ വ്യവസായ മേഖലയില്‍ അറബി ഭാഷയുടെ സാധ്യതകള്‍ ഏറി വരികയാണെന്നും കാലിക്കറ്റ് സര്‍വകലാശാല മുന്‍ രജിസ്ട്രാറും അറബിക് വിഭാഗം പ്രൊഫസറുമായ ഡോ. ടി.എ. അബ്ദുല്‍ മജീദ് അഭിപ്രായപ്പെട്ടു. മലപ്പുറം ഗവ. കോളേജിലെ അറബിക് വിഭാഗം സംഘടിപ്പിച്ച മെറിറ്റ് ഡേയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക ക്‌ളാസിക് ഭാഷകളില്‍ സഹസ്രാബ്ദങ്ങള്‍ക്കുശേഷവും മരണമില്ലാതെ വിനിമയഭാഷയായും സാഹിത്യഭാഷയായും അവശേഷിക്കുന്ന അപൂര്‍വഭാഷകളിലൊന്നാണ് അറബി. ഭാഷയുടെ പേരില്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ ദേശീയതലത്തില്‍ സക്രിയമായി നിലനില്‍ക്കുന്നതും അറബിയുടെ സവിശേഷത തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ. ഗീതാ നമ്പ്യാര്‍ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു.
ബിരുദ തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഫാതിമ ഹന്നത്ത്, മുര്‍ഷിദ, നിദ ഫാത്വിമ എന്നിവര്‍ക്ക് മുഖ്യാതിഥി ക്യാഷ് പ്രൈസുകള്‍ സമ്മാനിച്ചു.
അറബിക് പഠന വിഭാഗം മേധാവി ഡോ. പി. ജൗഹറ അധ്യക്ഷയായി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആബിദ് കോട്ട, മൊയ്തീന്‍ കുട്ടി കല്ലറ, ഡോ. മൊയ്തീന്‍ കുട്ടി കണ്ണിയത്ത്, ഡോ. മുഹമ്മദ് സലീം നീര്‍മുണ്ട , മുബശിര്‍ എന്നിവര്‍ സംസാരിച്ചു.