ഖത്തറില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചന നിരക്ക് പഠിക്കാന്‍ ശൂറ കൗണ്‍സില്‍ ഇടക്കാല സമിതി രൂപീകരിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചന നിരക്ക് പഠിക്കാന്‍ ഇടക്കാല സമിതി രൂപീകരിക്കാനും അതിന്റെ റിപ്പോര്‍ട്ട് കൗണ്‍സിലിന് സമര്‍പ്പിക്കാനും ശൂറാ കൗണ്‍സില്‍ തീരുമാനിച്ചു.
തിങ്കളാഴ്ച സ്പീക്കര്‍ ഹസന് ബിന്‍ അബ്ദുല്ല അല്‍ ഗാനിം അധ്യക്ഷനായ ശൂറ കൗണ്‍സില്‍, ‘സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചന നിരക്കുകള്‍’ എന്ന വിഷയത്തില്‍ നിരവധി അംഗങ്ങള്‍ സമര്‍പ്പിച്ച പൊതു ചര്‍ച്ചയ്ക്കുള്ള അഭ്യര്‍ത്ഥന അവലോകനം ചെയ്തതിന് ശേഷമാണ് തീരുമാനം എടുത്തത്.
കുടുംബമാണ് സമൂഹത്തിന്റെ കേന്ദ്രമെന്നും അത് സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിലെ അടിസ്ഥാന കെട്ടിടത്തെ പ്രതിനിധീകരിക്കുന്നുവെന്നും ചര്‍ച്ച തുടങ്ങവെ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
‘കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനം, മതം, ധാര്‍മ്മികത, ദേശസ്നേഹം എന്നിവയില്‍ സ്ഥാപിതമായ ഖത്തറി കുടുംബ സംവിധാനം ഭദ്രമായി നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്, സ്പീക്കര്‍ പറഞ്ഞു.
