Local NewsUncategorized

മലയാളി കൂടുതല്‍ വായിക്കുന്നത് നാട് വിട്ട് പുറത്ത് പോയാല്‍ – കെ.പി രാമനുണ്ണി

ദോഹ. മലയാളി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതും കൂടുതല്‍ വായിക്കുന്നതും നാട് വിട്ട് പുറത്ത് പോയാലാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും എഴുത്തുകാരനുമായ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. വായനാ ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ‘പുതിയ കാലത്തെ വായനകള്‍’ ചര്‍ച്ച സദസ്സില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാര്‍ട്ടിള്‍ ഭൗതിക വികസനത്തെ കുറിച്ച് മാത്രം സംസാരിക്കുകയും സംവദിക്കുകയും ചെയ്തു. അവന്റെ ആത്മീയാവശ്യങ്ങളെ അവഗണിച്ചു. മതമെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്വംസക ശക്തികള്‍ ആ സാഹചര്യം മുതലെടുത്ത് ജനങ്ങളില്‍ വെറുപ്പിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചു. മറ്റുള്ളവരെ കുറിച്ച് കൂടി ആധിയുള്ള ആത്മീയതയാണ് വേണ്ടത്. ഉത്തമ സമൂഹത്തിന് മതമൂല്യങ്ങള്‍ വേണം. മതം എന്നത് ജനനം മുതല്‍ മരണം വരെ കൂടെയുള്ളതാണ്. അതിനെ അഡ്രസ് ചെയ്യാതെ മുന്നോട്ട് പോകാനാവില്ല.

ഇന്ത്യ വിഭജനമാണ് ന്യൂനപക്ഷത്തെ ഗതികേടിലാക്കിയത്. ഗാന്ധിയന്‍ ദര്‍ശനങ്ങളിലേക്ക് തിരിച്ച് പോകണം. നാം ഭയപ്പെടാതിരുന്നാല്‍ രാജ്യം തോല്‍ക്കുകയില്ല, നിരക്ഷരരെന്ന് നാം പുച്ഛിക്കുന്നവര്‍ നല്ല ഫലങ്ങള്‍ തന്നപ്പോള്‍ പ്രബുദ്ധ മലയാളിക്ക് പാളിച്ചയുണ്ടായി. വരും നാളുകളില്‍ ജാഗ്രതയോടെ നമുക്ക് ഇരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രമോഹന്‍ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് അനീസ് മാള, എം.ടി നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!