Uncategorized

തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം, യൂസേഴ്‌സ് ഫീസ് കൂട്ടാന്‍ ഉള്ള തീരുമാനം പിന്‍വലിക്കണം – പ്രവാസി വെല്‍ഫെയര്‍

ദോഹ. തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീസ് കൂട്ടാന്‍ ഉള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ വര്‍ദ്ധന ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് പ്രവാസികളെയാണ്. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ സംഭവിക്കുന്ന ഇത്തരം ചൂഷണങ്ങള്‍ ഒരുതരത്തിലും നീതികരിക്കാന്‍ ആവുകയില്ല. ഭീമമായ ടിക്കറ്റ് ചാര്‍ജ് നല്‍കിയാണ് പ്രവാസികള്‍ നാട്ടിലെത്തുന്നത്. പുതിയ പ്രവാസ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്നവരാണ് അധികം പ്രവാസികളും. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ മുന്നോട്ടുപോകുമ്പോഴും ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ലഭിക്കുന്ന വാര്‍ഷിക അവധിക്ക് നാട്ടില്‍ വരാന്‍ ഭീമമായ ടിക്കറ്റ് ചാര്‍ജിന് പുറമേ എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫീസും നല്‍കേണ്ടിവരുന്നത് പ്രയാസകരമാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വര്‍ദ്ധിച്ച ചാര്‍ജ് പിന്‍വലിക്കാനുള്ള ഇടപെടല്‍ നടത്തണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നസീര്‍ ഹനീഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുന്ദരന്‍, സാബു സുകുമാരന്‍, ജില്ലാ സെക്രട്ടറിമാരായ മുബീന്‍ അമീന്‍, റിയാസ് മാഹീന്‍, അസീം എം.ടി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!