ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ‘ഇമ്മിണി ബല്യ സുല്‍ത്താന്‍’ എന്ന പേരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു
ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ‘ഇമ്മിണി ബല്യ സുല്‍ത്താന്‍’ എന്ന പേരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.
വിട പറഞ്ഞ് മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷവും ആ മഹാ പ്രതിഭ നമ്മുടെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത് സാഹിത്യത്തിലെ മേത്തരം ഭാഷാസങ്കല്‍പങ്ങളെയും നായക പരികല്പനകളെയുമൊന്നും കൂസാത്ത അദ്ദേഹത്തിന്റെ സവിശേഷമായ രചനാ രീതിയും ദാര്‍ശനികതയും കാരണമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ വിലയിരുത്തി.
അദ്ദേഹത്തിന്റെ ലാളിത്യമാര്‍ന്ന ഭാഷയും സരസമായ ശൈലിയും രചനകളിലെ മാനവികതയും അദ്ദേഹത്തെ ഏതൊരു സാധാരണക്കാരന്റെയും സാഹിത്യകാരനാക്കി.
ബഷീറിനെയും അദ്ദേഹത്തിന്റെ കഥകളെയും ജീവസ്സുറ്റ കഥാ പാത്രങ്ങളെയും ചടങ്ങില്‍ പങ്കെടുത്തവര്‍ ഓര്‍ത്തെടുത്തു പുനര്‍ജീവിപ്പിക്കുകയായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിനാ ബഷിറിന്റെ ഓണ്‍ലൈന്‍ ആശംസകളോടെ ആരംഭിച്ച
ചടങ്ങില്‍ ഡോ. പ്രതിഭ രതീഷ് ബഷീര്‍ കൃതികളിലെ സ്ത്രീ പ്രതിനിധാനങ്ങള്‍, ജാബിര്‍ റഹ്‌മാന്‍ ബഷീറിന്റെ സൗഹൃദങ്ങളും സാമൂഹ്യ ബന്ധങ്ങളും , പ്രദോഷ് കുമാര്‍ ബഷീറിന്റെ സാമൂഹ്യവീക്ഷണവും സാമൂഹ്യ വിമര്‍ശനങ്ങളും, ഹുസൈന്‍ വാണിമേല്‍ കാലത്തെ അതിജയിച്ച ബഷീര്‍ ശൈലികള്‍ എന്നീ വിഷയങ്ങളിലൂന്നി സംസാരിച്ചു.
ചടങ്ങിന്റെ മോഡറേറ്റര്‍ ആയ തന്‍സീം കുറ്റ്യാടി ബഷീര്‍ കൃതികളിലെ ഫിലോസഫിയും കാവ്യാത്മകതയും പരാമര്‍ശിച്ച് സംസാരിച്ചു.
ഫോറം പ്രസിഡണ്ട് ഡോ. സാബു കെ സി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഷംനാ ആസ്മി സ്വാഗതവും ഷംലാ ജഅഫര്‍ നന്ദിയും പറഞ്ഞു.
അഷ്‌റഫ് മടിയാരി, അബ്ദു റഊഫ് കൊണ്ടോട്ടി, എം. ടി നിലമ്പൂര്‍, ഹിജാസ് മുഹമ്മദ്, ശോഭാ നായര്‍, മജീദ് നാദാപുരം, അസീസ് മഞ്ഞിയില്‍, റഫീഖ് മേച്ചേരി,നസീഹാ മജീദ്, ഹുമൈറ തുടങ്ങിയവര്‍ സദസ്സില്‍ നിന്നും ഇടപെട്ട് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ കടന്നമണ്ണ, ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര, അബ്ദുല്‍ മജീദ് പുതു പറമ്പ്, സുബൈര്‍ വെള്ളിയോട്, അമല്‍ ഫെര്‍മിസ്, ശീകലാ ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.
ബഷീറിയന്‍ സാഹിത്യ വിശേഷങ്ങളെ പ്രതിപാദിക്കുന്ന വീഡിയോ പ്രദര്‍ശനം, ബഷീര്‍ കൃതികളെ അവലംബിച്ചുള്ള ശബ്ദാവിഷ്‌കാരം എന്നിവ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നു.