മല്‍ഖ റൂഹി ചികിത്സ സഹായം – പ്രവാസി വെല്‍ഫെയര്‍ രണ്ടാം ഘട്ട ഫണ്ട് കൈമാറി
ദോഹ. എസ്. എം.എ ടൈപ്പ് 1 രോഗം ബാധിച്ച മലയാളി ബാലിക മല്‍ഖ റൂഹിയുടെ ചില്‍കിത്സ ഫണ്ടിലേക്ക് പ്രവാസി വെല്‍ഫെയര്‍ രണ്ടാം ഘട്ട ധനസമാഹരണത്തിന്റെ ഭാഗമായി നടത്തിയ ‘കളേര്‍സ്സ് ഓഫ് കെയര്‍’ ചിത്ര രചനമത്സരത്തിലൂടെ സമാഹരിച്ച തുക ഖത്തര്‍ ചാരിറ്റിക്ക് കൈമാറി.
ജനകീയ ഫണ്ട് സമാഹരണം, ഏകദിന സാലറി ചലഞ്ച്, പവാസി വെല്‍ഫെയര്‍ പ്രവര്‍ത്തക സംഗമത്തിലെ ബക്കറ്റ് കലക്ഷന്‍ എന്നിവയിലൂടെ ലഭിച്ച തുക നേരത്തെ കൈമാറിയിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സേര്‍സ് മീറ്റ്, വിവിധ സംഘടന ഭാരവാഹികളുടെ യോഗം തുടങ്ങിയവ സംഘടിപ്പിച്ചും ഖത്തറിലെ പൗര പ്രമുഖരുടെയും, വ്യവസായ പ്രമുഖരുടെയും, സ്ഥാപങ്ങളുടെയും ശ്രദ്ധയില്‍ വിഷയം എത്തിച്ചും ഫണ്ട് വിജയിപ്പിക്കാനുമുള്ള വ്യത്യസ്തങ്ങളായ ഇടപെടലുകളാണ് പ്രവാസി വെല്‍ഫെയര്‍ തുടക്കം മുതല്‍ തന്നെ നടത്തിയത്. കൂടാതെ നടുമുറ്റത്തിന്റെ നേതൃത്വത്തിലും വിവിധ പരിപാടികളിലൂടെ ഫണ്ട് സമാഹരിച്ച് നല്‍കി.
ഖത്തര്‍ ചാരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞിയുടെ സാന്നിദ്ധ്യത്തില്‍ പ്രവാസി വെല്‍ഫെയര്‍ സസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഫണ്ട് കൈമാറി . വൈസ് പ്രസിഡണ്ട് സാദിഖലി, ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി, സെക്രട്ടറിമാരായ അബ്ദു റഹീം വെങ്ങേരി, റബീഅ് സമാന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മഖ്ബൂല്‍ അഹമ്മദ്, ലത കൃഷണ, നടുമുറ്റം പ്രസിഡണ്ട് സന നസീം, നിസ്താര്‍ കളമശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.