വിദ്യാര്‍ത്ഥികള്‍ക്കും, തൊഴിലന്വേഷകര്‍ക്കുമായി ‘കരിയര്‍ കണക്ട്’, കരിയര്‍ ഗൈഡന്‍സ് ക്ലിനിക്കുകള്‍ ആരംഭിച്ച് ഐ.സി. ബി.എഫ്.

ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി. ബി.എഫ്) 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കുമായി, ‘കരിയര്‍ കണക്ട്’ എന്ന പേരില്‍ ദ്വൈവാര കരിയര്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി ഖത്തര്‍) യുമായി സഹകരിച്ചാണ് കരിയര്‍ ക്ലിനിക്കുകള്‍ ആരംഭിച്ചത്.
ഐ.സി.ബി.എഫ് കാഞ്ചാനി ഹാളില്‍ നടന്ന ചടങ്ങില്‍, ഇന്ത്യന്‍ അംബാസ്സഡര്‍ വിപുല്‍, ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫിന്റെ ഇത്തരം സംരംഭങ്ങളെ അംബാസ്സഡര്‍ അഭിനന്ദിച്ചു. ഖത്തറിലെ തൊഴിലാളി സമൂഹത്തിന് ‘കരിയര്‍ കണക്ട്’ വലിയ സഹായകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും ഉള്ള പുതിയ അവസരങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക വഴി നാട്ടിലുള്ള അവരുടെ കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസ – തൊഴില്‍ പാതകള്‍ തിരഞ്ഞെടുക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വ്വീസ് പരീക്ഷാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ ക്ലിനിക്കുകള്‍ കൂടി ആരംഭിക്കുന്നതിനെപ്പറ്റി ഐ.സി.ബി.എഫും സിജി ഖത്തറും ചിന്തിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഐഷ് സിംഗാളും സന്നിഹിതനായിരുന്നു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അദ്ധ്യക്ഷനായിരുന്നു. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച്, കഴിഞ്ഞയാഴ്ച ഐ.സി.ബി.എഫ് സംഘടിപ്പിച്ച മയക്കു മരുന്നിനെയും, ഖത്തറിലെ നിരോധിത വസ്തുക്കളെയും കുറിച്ചുള്ള അവബോധ സെമിനാറടക്കം, ഐ.സി.ബി.എഫിന്റെ സമീപകാല സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. വളരെ വിജയകരമായി നടന്നു വരുന്ന , ഐ.സി.ബി.എഫ് ലീഗല്‍ ക്ലിനിക്കിന് സമാനമായ പുതിയൊരു തുടക്കമായിരിക്കും ‘കരിയര്‍ കണക്ട്’ എന്നും അദ്ദേഹം പറഞ്ഞു.
സിജി ഖത്തര്‍ ചെയര്‍മാനും, ഐ.എസ്.സി പ്രസിഡന്റുമായ ഇ.പി. അബ്ദുള്‍ റഹ്‌മാന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. ഇസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗതം ആശംസിച്ച ഐ.സി.ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ‘കരിയര്‍ കണക്ട്’ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനകം തന്നെ ആദ്യ സെഷനിലേക്കുള്ള സീറ്റുകള്‍ എല്ലാംതന്നെ വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും ബുക്ക് ചെയ്ത് കഴിഞ്ഞതായി അറിയിച്ചു.
‘കരിയര്‍ കണ്ക്ട്’ ദ്വൈവാര ക്ലിനിക്കുകള്‍ക്ക് നേതൃത്വം നല്കുന്ന 19 പേരടങ്ങുന്ന പാനല്‍, ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗം സെറീന അഹദ് അവതരിപ്പിച്ചു.
ഐ.സി.ബി.എഫ് സെക്രട്ടറി ടി. കെ. മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു. ഐ.സി.ബി.എഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അകമഴിഞ്ഞ പിന്തുണ നല്കുന്ന ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
ലോഞ്ചിംഗിന് ശേഷം ‘ക്രാഫ്റ്റിംഗ് യുവര്‍ ഫ്യൂച്ചര്‍: ദി പവര്‍ ഓഫ് കരിയര്‍ പ്ലാനിംഗ്’ എന്ന വിഷയത്തില്‍ മുഹമ്മദ് ഫൈസല്‍ നയിച്ച സെഷന്‍, ശരിയായ രീതിയിലുള്ള കരിയര്‍ പ്ലാനിംഗിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു.
ഐ.സി. ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗം നീലാംബരി സുശാന്ത് പരിപാടികള്‍ ഏകോപിപ്പിച്ചു.
ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയര്‍മാന്‍ എസ്.എ.എം ബഷീര്‍, അംഗം ടി. രാമശെല്‍വം, ഐ.എസ്.സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, വിവിധ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്മ്യൂണിറ്റി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഐ.സി ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര്‍ ഗൗഡ്, അബ്ദുള്‍ റൗഉഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഇത്തരം ബോധവത്കരണ പരിപാടികള്‍, ഖത്തറിലെ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളിലേക്ക് കൂടി വ്യാപിക്കുക വഴി, നാട്ടിലുള്ള തങ്ങളുടെ കുട്ടികളെ, ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ – തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കുവാന്‍ സഹായിക്കുമെന്നും ഐ.സി. ബി.എഫ് അറിയിച്ചു.
എല്ലാ മാസത്തിന്റെയും രണ്ടാമത്തെ വെള്ളിയാഴ്ചകളിലും, നാലാം ശനിയാഴ്ചകളിലും നടക്കുന്ന ‘കരിയര്‍ കണക്ട്’ ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 6683 6004, 6610 0744 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.