അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് വരുന്നവര്‍ക്ക് പ്രീ-രജിസ്ട്രേഷന്‍ സേവനം പ്രയോജനപ്പെടുത്താം

ദോഹ : അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് വരുന്ന താമസക്കാര്‍ക്കും സ്വദേശികള്‍ക്കും മെട്രാഷ് 2 ഉപയോഗിച്ച് പ്രീ രജിസ്ട്രേഷന്‍ സേവനം പ്രയോജനപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. ഇത് ഐച്ഛികമാണെങ്കിലും തിരക്കുള്ള സമയങ്ങളില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നത് നടപടികള്‍ ലഘൂകരിക്കുവാനും സമയം ലാഭിക്കുവാനും സഹായകമാകും. പ്രീ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ തന്നെയുണ്ട്.
പ്രീ-രജിസ്ട്രേഷന്‍ സേവനം അബു സമ്ര അതിര്‍ത്തി വഴിയുള്ള യാത്രക്കാരുടെ എന്‍ട്രി, എക്‌സിറ്റ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയതായും കാത്തിരിപ്പ് സമയം ഗണ്യമായി കുറച്ചതായും ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിലെ (ജിഎസി) ലാന്‍ഡ് കസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ അഹമ്മദ് യൂസഫ് അല്‍ സഹേല്‍ ഖത്തര്‍ റേഡിയോയുമായി സംസാരിക്കവേ അഭിപ്രായപ്പെട്ടു.