പ്രവാസി വെല്‍ഫെയര്‍ സര്‍വീസ് കാര്‍ണിവല്‍ നവംമ്പര്‍ 29 വെള്ളിയാഴ്ച
ദോഹ : പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സര്‍വീസ് കാര്‍ണിവല്‍ നവംമ്പര്‍ 29 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വകറ ബര്‍വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പരിപാടി നടക്കുക .
പ്രവാസി മലയാളികളുടെ സര്‍വ്വതോന്മുഖ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘം എന്ന നിലക്ക് പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന പരിപാടികളില്‍ ഏറെ വ്യത്യസ്തമാണ് സര്‍വീസ് കാര്‍ണിവല്‍. പ്രവാസികളുടെ കാതലായ ആവശ്യങ്ങളെ അഭിസംബോധനം ചെയ്യുന്ന വിധമാണ് ഈ കാര്‍ണിവലിനെ സംവിധാനിച്ചിരിക്കുന്നത് . പ്രവാസികളുടെ സാമ്പത്തികം ,നിക്ഷേപം , ആരോഗ്യം , തൊഴില്‍ നൈപുണ്യം , വിദ്യാഭാസം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാര്‍ണിവല്‍ , പ്രവാസികള്‍ക്ക് ഉപകരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍, വിവിധ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ എന്നിവയുടെ ആധികാരിക വിവരങ്ങളും സേവനങ്ങളും നല്‍കുന്ന ഒന്നായിരിക്കും .
ഖത്തറിലെ ഗവണ്മെന്റ്-ഗവണ്‍മെന്റേതര സ്ഥാപനങ്ങളുടെ സേവനങ്ങളെ കൂടി പരിചയപ്പെടാന്‍ ഉപകരിക്കുന്ന കാര്‍ണിവല്‍ , സേവനത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കും വിധം വിവിധങ്ങളായ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുമിച്ചു അവതരിപ്പിക്കുന്ന ഒന്നായിരിക്കും.
കാര്‍ണിവലില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ , സാമ്പത്തിക വിദഗ്ദ്ധരായ നിഖില്‍ ഗോപാല കൃഷ്ണന്‍ , ഷഫീഖ് സി.പി , ഹാരിസ് പടിയത്ത്, വിദാഭ്യസ പ്രവര്‍ത്തകനും ഗവേഷകനുമായ എന്‍ എം ഹുസൈന്‍ കരിയര്‍ വിദഗ്ധന്‍ സുലൈമാന്‍ ഊരകം , വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഖത്തറിലെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ഉദോഗസ്ഥര്‍ , അപെക്‌സ് ബോഡി പ്രസിഡന്റ്മാര്‍, വിവിധ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും . പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം വൈകുന്നേരം 5 .15 ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ നിര്‍വഹിക്കും
പ്രത്യേകം സജ്ജീകരിച്ച ടെന്റില്‍ വിവിധ വിഷയങ്ങളിലുള്ള അന്‍പതോളം സ്റ്റാളുകള്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ പ്രവര്‍ത്തിക്കും . കേരള സര്‍ക്കാരിന്റെ നോര്‍ക്ക അംഗ്വത്വം , പ്രവാസി പെന്‍ഷന്‍ , ഐ .സി ബി എഫ് ഇന്‍ഷുറന്‍സ് , കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പ്രവാസി സേവന പരിപാടികള്‍ എന്നിവയെ കുറിച്ച് അറിയാനും അംഗ്വത്വം എടുക്കാനും കാര്‍ണിവലില്‍ സൗകര്യം ഉണ്ടാകും . പ്രാഥമിക ആരോഗ്യ പരിശോധന , ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന പഠന ക്ലാസ്സും പരിശോധനയും , ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നുള്ള രക്തദാനം തുടങ്ങിയ സൗകര്യങ്ങളും കാര്‍ണിവലില്‍ ഉണ്ടാകും .
സര്‍വീസ് കാര്‍ണിവലിന്റെ ഭാഗമായി നടന്ന എം ഐ എ ടെസ്റ്റില്‍ പങ്കെടുത്ത കുട്ടികളുടെ റിസള്‍ട്ട് അസ്സസ്‌മെന്റ് നവംബര്‍ 29 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ നടക്കും . ഉച്ചക്ക് 12.30 ന് വിവിധ സംഘടന ഭാരവാഹികളും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരും പങ്കെടുക്കുന്ന ഫൈനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പരിപാടിയില്‍ നിഖില്‍ ഗോപാല കൃഷ്ണന്‍ , ഷഫീഖ് സി.പി , ഹാരിസ് പടിയത്ത് എന്നിവര്‍ സംസാരിക്കും.
വൈകുന്നേരം 5 മണി മുതല്‍ നടക്കുന്ന കരിയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെഷനില്‍ എന്‍ . എം ഹുസൈന്‍ , സുലൈമാന്‍ ഊരകം എന്നിവര്‍ പങ്കെടുക്കും . രാത്രി 7.30 നു നടക്കുന്ന സമാപന പരിപാടിയില്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തും . നിഖില്‍ ഗോപാല കൃഷ്ണന്‍ ,എന്‍ . എം ഹുസൈന്‍ എന്നിവര്‍ സംസാരിക്കും . പ്രവാസികള്‍ക്കുള്ള വിവിധ സേവനങ്ങളെ കുറിച്ച് അറിയാന്‍ സഹായകരമാകുന്ന പ്രവാസി ഡിജിറ്റല്‍ ആപ്പ് പ്രകാശനവും സമാപന പരിപാടിയില്‍ നടക്കും .
സര്‍വീസ് കാര്‍ണിവെല്ലിന്റെ ഭാഗമായി നടക്കുന്ന കലാസാംസ്‌കാരിക പരിപാടികള്‍.’ സ്ട്രീറ്റ് കള്‍ച്ചറല്‍ പ്രോഗ്രാം’ വൈകുന്നേരം 4 മണിമുതല്‍ ആരംഭിക്കും . മുട്ടിപ്പാട്ട് , ശിങ്കാരി മേളം , മാജിക് ഷോ, ഇന്‍സ്ട്രുമെന്റ് മ്യൂസിക് , ഫ്‌ലാഷ് മോബ് , ഫണ്‍ കാര്‍ണിവല്‍ , ഫേസ് പെയിന്റിംഗ് , തെരുവ് നാടകം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ നടക്കും.
കേരള തനിമ വിളിച്ചറിയിക്കുന്ന ഫുഡ് സ്റ്റാള്‍ , കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ചെടികളുടെ പ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികളും സര്‍വീസ് കാര്‍ണിവല്‍ ഭാഗമായി നടക്കും.
പത്താം വാര്‍ഷിക ഉപഹാരമായി പ്രവാസി വെല്‍ഫെയര്‍ താഴന്ന വരുമാനക്കാരായ നൂറ് പേര്‍ക്ക് കാര്‍ണിവല്‍ നഗരിയില്‍ നിന്നും സൗജന്യമായി നോര്‍ക്ക കാര്‍ഡ് നല്‍കും . ഖത്തറിലെ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന കെ .സി അബ്ദുറഹ്‌മാന്റെ പേരില്‍ ഖത്തറിലെ ജീവകരുണ്യ പ്രവര്‍ത്തകന് പ്രത്യേക പുരസ്‌ക്കാരം കാര്‍ണിവലില്‍ വെച്ച് സമ്മാനിക്കും . പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസികളായ രണ്ടു പേര്‍ക്ക് വീട് നിര്‍മ്മിക്കാനാവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്നും സംഘാടകര്‍ പറഞ്ഞു .
സംഘാടക സമിതി ചീഫ് പാട്രണ്‍ പി.എന്‍ ബാബുരാജന്‍ , പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്‍ . ചന്ദ്ര മോഹന്‍ , മുന്‍പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ഡോ : താജ് ആലുവ , റിയാദ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍കലാം, സര്‍വീസ് കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദ് അലി, പ്രവാസി വെല്‍ഫെയര്‍ മീഡിയ സെക്രട്ടറി റബീഹ് സമാന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.