Uncategorized

സംസ്‌കൃതി ഖത്തര്‍ സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌ക്കാരം സമ്മാനിച്ചു

ദോഹ : സംസ്‌കൃതി ഖത്തര്‍ പതിനൊന്നാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം, ചൈനയില്‍ സ്ഥിരതാമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫര്‍സാനക്ക് സമ്മാനിച്ചു. ദോഹയിലെ സാവിത്രിബായ് പുലെ പുണെ യൂണിവേഴ്‌സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകനും, നടനും, തിരക്കഥാകൃത്തും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ മധുപാലാണ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിച്ചത്. സി വി ശ്രീരാമന്റെ എക്കാലവും പ്രസക്തമായ കഥകളുടെ അതേ വഴിയിലൂടെ ഉള്ള കഥയാണ് ഫര്‍സാനയുടെ സമ്മാനാര്‍ഹമായ ‘ഇസ്തിഗ്ഫാര്‍’ എന്ന ചെറുകഥയെന്ന് സിവിശ്രീരാമന്‍ അനുസ്മരണ പ്രസംഗത്തില്‍ മധുപാല്‍ പറഞ്ഞു.

സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര സമിതി കണ്‍വീനര്‍, ശ്രീനാഥ് ശങ്കരന്‍കുട്ടി പുരസ്‌കാരത്തിന്റെ നാള്‍ വഴികളും പുരസ്‌ക്കാര നിര്‍ണയരീതികളും വിശദമാക്കി. ജപ്പാന്‍, ചൈന, ആസ്‌ത്രേലിയ, ന്യൂസിലന്റ്, ഫിലിപ്പീന്‍സ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫുനാടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളി എഴുത്തുകാരില്‍നിന്നു ലഭിച്ച 70-ലധികം ചെറുകഥകളാണ് ഈ വര്‍ഷം പുരസ്‌കാരത്തിനായി മത്സരിച്ചത്.
പ്രശസ്ത കവിയും നോവലിസ്റ്റും ഈ വര്‍ഷത്തെ സരസ്വതിസമ്മാന്‍ ജേതാവുമായ പ്രഭാവര്‍മ്മ ചെയര്‍മാനും പ്രമുഖ ചെറുകഥാകൃത്തുക്കളായ വി ഷിനിലാലും എസ് സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

കേരള പ്രവാസി ക്ഷേമബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ ആശംസകള്‍ അര്‍പ്പിച്ചു. പുരസ്‌കാര ജേത്രി ഫര്‍സാന മറുപടി പ്രസംഗം നടത്തി. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരികുളം സ്വാഗതവും ജിജേഷ് കൊടക്കല്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!