‘ഉത്തമ വൃക്ഷം’ ഖത്തറില്‍ പ്രകാശനം ചെയ്തു
ദോഹ.മുരളി വാളൂരാന്റെ കഥാസമാഹാരമായ ഉത്തമ വൃക്ഷം ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറവും ഐ സി സി സാഹിത്യ സമാജവും സംയുക്തമായി ഐസി സി മുംബൈ ഹാളില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ പരിപാടിയില്‍ പ്രകാശനം ചെയ്തു.
ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ പ്രകാശനം നിര്‍വ്വഹിച്ച ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ പുസ്തകം ഏറ്റു വാങ്ങി. കുമാരി നദാലിയ കഥാകൃത്തില്‍ നിന്നും ആദ്യ പ്രതി ഏറ്റു വാങ്ങി. കഥാ കഥന രീതികളും വായനയും മാറി വരുന്ന ഈ സാഹചര്യത്തില്‍ എഴുത്തും വായനയും കുറച്ചു കൂടി ജനകീയാവുകയാണ് എന്ന് ചടങ്ങില്‍ സംസാരിച്ച എ പി മണി കണ്ഠന്‍ അഭിപ്രായപ്പെട്ടു.
സ്മിത ആദര്‍ശ് പുസ്തക പരിചയപ്പെടുത്തി. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, എം സി താജുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പുസ്തക ചര്‍ച്ചയില്‍ അഷ്‌റഫ് മടിയാരി, ഡോക്ടര്‍ പ്രതിഭ, തന്‍സീം കുറ്റ്യാടി, സുനില്‍ പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വയനാനുഭവം പങ്കുവെച്ചു. സദസ്സില്‍ നിന്നുള്ള പൊതു ഇടപെടലിനു ശേഷം കഥാകൃത്ത് മുരളി വാളൂരാന്‍ മറുമൊഴി നല്‍കി.
ശ്രീകല ജിനന്‍ അവതാരകയായ പരിപാടിയില്‍ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡണ്ട് ഡോക്ടര്‍ സാബു കെ സി അധ്യക്ഷത വഹിച്ചു ഷംനാ ആസ്മി സ്വാഗതവും ഷംല ജാഫര്‍ നന്ദിയും പറഞ്ഞു.
പുസ്തകത്തില്‍ നിന്നുള്ള കഥാ ശകലങ്ങള്‍ക്ക് അന്‍സാര്‍ അരിമ്പ്ര , ശ്രീകല ജിനന്‍ തുടങ്ങിയവര്‍ ശബ്ദം നല്‍കി.