Breaking News

പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ ക്ഷേമനിധി , ഇന്‍ഷുറന്‍സ് ക്യാമ്പ് ശ്രദ്ധേയമായി

ദോഹ. പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ഊന്നല്‍ നല്‍കുന്ന പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ നടത്തിയ ക്ഷേമനിധി, ഐസിബിഎഫ് ഇന്‍ഷുറന്‍സ് ക്യാമ്പ് വളരെ പ്രയോജനപ്രദമായി. ദോഹ അല്‍ അറബി സ്റ്റേഡിയത്തിനടുത്തുള്ള മോഡേണ്‍ ആര്‍ട്‌സ് സെന്ററില്‍ വെള്ളിയാഴ്ച്ച നടന്ന ക്യാമ്പില്‍ ധാരാളം പേര്‍ വിവിധ പദ്ധതികളില്‍ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി.
പ്രസിഡണ്ട് സിദ്ദിഖ് ചെറുവല്ലൂരിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാമ്പ് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ സുധീര്‍ എലന്തോളി ഉത്ഘാടനം ചെയ്തു. നോര്‍ക്ക, പ്രവാസി ക്ഷേമനിധി, ഐസിബിഎഫ് ഇന്‍ഷുറന്‍സ്, കേന്ദ്ര, കേരള സര്‍ക്കാര്‍ ഇന്‍ഷുറന്‍സുകള്‍, സര്‍ക്കാര്‍ പ്രവാസികള്‍ക്ക് നല്‍കി വരുന്ന വിവിധ സഹായങ്ങള്‍ മുതലായവയെക്കുറിച്ച് ക്യാമ്പുകളിലെത്തിയും, ക്യാമ്പുകള്‍ നടത്തിയും ഏഴുവര്‍ഷമായി പ്രചരിപ്പിക്കുകയും, അംഗങ്ങളാക്കുകയും ചെയ്യുന്നു എന്നത് വളരെ മഹത്തരമാണെന്നും സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്ന ഈ സംഘടനക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹകരണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡറും,ക്ഷേമനിധി മുന്‍ ഡയറക്ടറുമായ ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ഐസിസി സെക്രട്ടറി അബ്രഹാം ജോസഫ് എന്നിവര്‍ മാതൃകാ പരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും ഉണ്ടാവട്ടെയെന്നും ആശംസിച്ചു. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ ക്യാമ്പുകള്‍ നടത്തുന്നതിന്നും എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തു. സതീശന്‍ വിളവില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

ലോക കേരള സഭ മെമ്പറും,ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി അംഗവും പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ അഡൈ്വസറുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പ്രവാസികള്‍ക്ക് ഗുണകരമായ വിവിധ ഇന്‍ഷുറന്‍സുകളെക്കുറിച്ച് വിശദീകരിച്ചു. പ്രവാസികള്‍ വേണ്ടത്ര അറിവുകള്‍ നേടിയിട്ടും, ക്ഷേമ പദ്ധതികളില്‍ വിമുഖത കാണിക്കുന്നത് എന്താണെന്നറിയില്ലെന്നും ഇത്തരം ക്യാമ്പുകളില്‍ എത്തി കൂടുതല്‍ മനസിലാക്കുകയും മറ്റുള്ളവരിലേക്ക് സന്ദേശം കൈമാറുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് സിദ്ദിഖ് ചെറുവല്ലൂര്‍ വിശദീകരണം നല്‍കി.
ജനറല്‍ സെക്രട്ടറി നിമ്മി ജയദേവന്‍ സ്വാഗതം പറഞ്ഞു. അബ്ബാസ് കല്ലന്‍, ഫൈസല്‍ തിരുവനന്തപുരം, ജയദേവന്‍ കോഴിക്കോട് എന്നിവര്‍ ക്യാമ്പിന്റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!