നാലായിരത്തിലധികം തൊഴിലാളികള്‍ക്ക് വീട്ടിലുണ്ടാക്കിയ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് സി.ഐ.സി

ദോഹ. വിമന്‍ ഇന്ത്യയുടേയും ഗേള്‍സ് ഇന്ത്യയുടേയും മേല്‍നോട്ടത്തില്‍ നാലായിരത്തിലധികം തൊഴിലാളികള്‍ക്ക് വീട്ടിലുണ്ടാക്കിയ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് സി.ഐ.സി. കഴിഞ്ഞ പത്തു ദിവസത്തോളമായി നടത്തിയ ഒരുക്കങ്ങളെ തുടര്‍ന്നാണ് ഇന്നലെ മാസ് ഇഫ്താര്‍ കിറ്റ് വിതരണം നടത്തിയത്. മിക്കവരും വീടുകളിലുണ്ടാക്കിയ ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്. എന്നാല്‍ കുറച്ച് കിറ്റുകള്‍ ഹോട്ടലില്‍ നിന്നും വാങ്ങിയവയും ഉണ്ട്.

ഖത്തറിന്റെ വിവിധ ഭാഗങ്ങളെ (സൗദി ബോര്‍ഡര്‍ മുതല്‍) അഞ്ച് സോണുകളാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കിയതും വിതരണം ചെയ്തതുമെന്ന് കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കിയ സിദ്ധീഖ് വേങ്ങര പറഞ്ഞു.
വിമന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷമാണ് തൊഴിലാളികള്‍ക്ക് വീട്ടിലുണ്ടാക്കിയ ഇഫ്താര്‍ കിറ്റ് എന്ന ആശയത്തിന് തുടക്കം. മൂവായിരത്തോളം കിറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത്. ഈ വര്‍ഷം 3500 കിറ്റുകളാണ് പ്ളാന്‍ ചെയ്തിരുന്നതെങ്കിലും വിവിധ ഏരിയകളില്‍ നിന്നുള്ള ഡിമാന്‍ഡ് പരിഗണിച്ച് കിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയായിരുന്നു.
സി.ഐ.സി, യൂത്ത് ഫോറം, സ്റ്റുഡന്‍സ് ഇന്ത്യ എന്നിവയുടെ പരിചയ സമ്പന്നരായ വളണ്ടിയര്‍മാര്‍ വളരെ ഭംഗിയായും സമയ ബന്ധിതമായും കിറ്റുകള്‍ അര്‍ഹരായവരിലേക്കെത്തിച്ചുവെന്നതില്‍ സംഘാടകര്‍ നിറഞ്ഞ സംതൃപ്തിയാണുള്ളതെന്നും വരും വര്‍ഷങ്ങളിലും കൂടുതല്‍ സജീവമായി ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും സിദ്ധീഖ് പറഞ്ഞു.