സ്വര്‍ഗ്ഗത്തിലെ പെരുന്നാള്‍
മുബീന

അന്നൊരു പെരുന്നാള്‍ ദിവസമായിരുന്നു. തലേന്ന് രാത്രി തന്നെ പെരുന്നാള്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രാവിലെ നേരത്തെ എണീറ്റ് ബിരിയാണി ഉണ്ടാക്കണം . പായസം വെക്കണം. അങ്ങനെ ഓരോന്ന് ആലോചിച്ചിട്ടാണ് കദീജ ഉമ്മ അന്ന് കിടന്നത്.
സുബ്ഹി ബാങ്ക് കൊടുക്കുന്നത് കേട്ടാണ് ആ ഉമ്മ ഉണര്‍ന്നത് . തന്റെ ഏക മകനായ ആസിഫിനെ വിളിച്ചു നമസ്‌കരിക്കാന്‍ പറഞ്ഞ ഉമ്മ തന്റെ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. വേഗത്തില്‍ ജോലി തീര്‍ത്ത് കുളിച്ചു തന്റെ മകന്‍ കൊണ്ടുതന്ന പുതിയ മാക്‌സി ധരിച്ചു. അപ്പോയെക്കും ആസിഫ് കുളിച്ചു പെരുന്നാള്‍ നമസ്‌കാരത്തിനു പള്ളിയില്‍ പോവാന്‍ ഇറങ്ങി . ഉമ്മാനോട് സലാം പറഞ്ഞു. ഒന്ന് കെട്ടിപിടിച്ചു യാത്ര പറഞ്ഞു അവന്‍ ഇറങ്ങി. തന്റെ കൂട്ടുകാരന്റെ വീട്ടില്‍ പോയി അവനുമായിട്ട് പള്ളിയില്‍ പോയി.
നമസ്‌കാരം കഴിഞ്ഞു തന്റെ കൂട്ടുകാരോടും നാട്ടുകാരോടും സലാം പറഞ്ഞു പരസ്പരം ആശംസകള്‍ പറഞ്ഞു അവന്‍ പള്ളിയില്‍ നിന്ന് ഇറങ്ങി. തന്റെ ഉമ്മ തനിക് വേണ്ടി ഉണ്ടാക്കിയ ബിരിയാണി കഴിക്കണം. പായസം കുടിക്കണം. ഉമ്മാനെ കൂട്ടി കുടുംബ വീട്ടില്‍ പോവണം എന്നല്ലാം ആലോചിച്ചു അവന്‍ തന്റെ ഒരാഴ്ച മുമ്പ് വാങ്ങിയ ബൈക്കില്‍ വീട്ടിലേക് പോവുകയായിരുന്നു. ആസിഫിന്റെ ചെറിയ പ്രായത്തില്‍ അവന്റെ ഉപ്പ ഗള്‍ഫില്‍ വെച്ച് ഒരു ആക്‌സിഡന്റില്‍ മരിച്ചിരുന്നു . അവന്റെ ഉമ്മാക് അവനും അവന്് ഉമ്മയും മാത്രമേ ഒള്ളൂ.
വീട്ടിലെത്താന്‍ നൂര്‍ മീറ്റര്‍ ബാക്കി നില്‍ക്കേ ഒരു ലോറി വന്നു ആസിഫിന്റെ ബൈക്കില്‍ ഇടിച്ചു. തികച്ചും അപ്രതീക്ഷിതമായ ഒരു അപകടമായിരുന്നു അത്. തന്റെ നാട്ടുകാരും കൂട്ടുകാരും നോക്കി നില്‍കെ ആസിഫിനേയും കൊണ്ട് ലോറി മുന്നോട്ട് നിങ്ങി. അവന്റെ ഒരു നിലവിളി മാത്രം കേട്ടു. അപ്പോയെക്കും ആളുകള്‍ ഓടി കൂടി അവനെ ഒരു നോക്ക് കാണാന്‍ പോലും പറ്റാതെ അവിടെ കൂടിയവര്‍ കരഞ്ഞു പോയി. തന്റെ കൂട്ടുകാരോടും തന്നെ കാത്തിരിക്കുന്ന ഉമ്മയോടും ഒരു വാക്ക് പോലും പറയാന്‍ പറ്റാതെ ആസിഫ് അവിടെ വെച്ച് തന്നെ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു ഇന്നാലില്ലാഹ്
കദീജ ഉമ്മ മകന്‍ വരുന്നതും കാത്ത് ഇരിക്കുകയാണ് അവന്‍ വന്നിട്ട് വേണം ഭക്ഷണം കഴിക്കാന്‍ . ആ ഉമ്മാനോട് എങ്ങനെ പറയും അവനെ കാത്ത് നിങ്ങള്‍ക്ക് മുമ്പ്് അവന്റെ ഉപ്പ സ്വര്‍ഗത്തില്‍ കാത്തു നില്‍കുന്നുണ്ട് എന്ന്. ആ ഉമ്മാനോട് എങ്ങനെ പറയും അവന്റെ മരണ വിവരം. അവര്‍ക്ക് അത് താങ്ങാന്‍ പറ്റുമോ. പറയുക അല്ലാതെ പറ്റില്ലല്ലോ. ആരോ വീട്ടില്‍ പോയി പറഞ്ഞു. ആസിഫിന് ചെറിയ ഒരു അപകടം പറ്റിയിട്ടുണ്ട്. ഹോസ്പിറ്റലില്‍ ആണെന്ന്. അത് കേട്ടതും ആ ഉമ്മ ഇടറിയ ശബ്ദത്തോടെ പറഞ്ഞു ”ഇത് പോലെ ഒരു പെരുന്നാള്‍ ദിവസം ആയിരുന്നു അവന്റെ ഉപ്പാക്കും ചെറിയ അപകടം പറ്റി എന്ന് പറഞ്ഞു ഫോണ്‍ വന്നത് യാ റബ്ബേ എന്റെ മോന്‍ ”ആ ഉമ്മാക് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല അപ്പോയെക്കും മുറ്റത്തു ആംബുലന്‍സ് വന്നു നിന്നു . തന്റെ മകന്റെ ചേതനയറ്റ ശരീരം ആണ് ആ വെള്ള പുതച്ചു കൊണ്ട് വരുന്നത് എന്ന് നിമിഷനേരം കൊണ്ട് ആ ഉമ്മ മനസിലാക്കി. പിന്നീട് അവിടെ നടന്നത് ആരെയും കരയിപ്പിച്ച രംഗമായിരുന്നു. തന്റെ മകന്റെ മുഖം ഒരു നോക്ക് കണ്ട ആ ഉമ്മ അവിടെ വീണു . അത് ആ ഉമ്മയുടെ ഹൃദയം പൊട്ടിയുള്ള വീഴ്ച ആയിരുന്നു. ആ ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞു. ഇനി സ്വര്‍ഗത്തില്‍ വെച്ച് ഉമ്മയും ഉപ്പയും ആസിഫും സന്തോഷത്തോടെ പെരുന്നാള്‍ ആഘോഷിക്കും.