ഖത്തറില്‍ സ്വദേശികളും വിദേശികളും സമുചിതമായി ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ: നീണ്ട ഒരു മാസത്തെ വ്രതാനുഷ്ഠാനം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ഖത്തറില്‍ സ്വദേശികളും വിദേശികളും സമുചിതമായി ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ച 690 പള്ളികളിലും ഈദ് ഗാഹുകളിലും ആയിരക്കണക്കിനാളുകളാണ് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തത്. പുതുപുത്തന്‍ വസ്ത്രങ്ങളണിഞ്ഞും തക്ബീര്‍ ധ്വനികള്‍ മുഴക്കിയും ആവേശത്തോടെ ഒഴുകിയെത്തിയ ജനസമൂഹം രാവിലെ 5.43 നാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ലുസൈല്‍ ഈദ് ഗാഹിലാണ് പെരുന്നാള്‍ നമസ്‌കരിച്ചത്.
വിവിധ ഈദ് ഗാഹുകളില്‍ ഖുതുബയുടെ മലയാളം പരിഭാഷയുണ്ടായിരുന്നത് മലയാളികള്‍ക്ക് അനുഗ്രഹമായി.
രാത്രി ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്ത വെടിക്കെട്ടുകള്‍ ആഘോഷത്തിന് പൊലിമയേകി. അല്‍ വക്ര ഓള്‍ഡ് സൂഖിലും കതാറയിലുമാണ് വെടിക്കെട്ട് കാണാന്‍ കൂടുതലാളുകളെത്തിയത്. അല്‍ വക്ര ഓള്‍ഡ് സൂഖില്‍ രാത്രി 8 മണിക്കും കതാറയില്‍ രാത്രി 8.30 നും ഇന്നും വെടിക്കെട്ടുണ്ടാകും.
കോര്‍ണിഷിലും പാര്‍ക്കുകളിലും ബീച്ചുകളിലുമൊക്കെയാണ് നിരവധി പേര്‍ ഈദ് ആഷോഷമാക്കിയത്. സൂഖ് വാഖിഫ്, മുശൈരിബ് ഡൗണ്‍ ടൗണ്‍, ഓള്‍ഡ് ദോഹ പോര്‍ട്ട് എന്നിവിടങ്ങളും ജനസാഗരമായിരുന്നു.