ഡിസ്ട്രിക്ട് 116 ടോസ്റ്റ് മാസ്റ്റേഴ്‌സ് വാര്‍ഷിക സമ്മേളനം 2025 വിജയകരമായി സമാപിച്ചു

ദോഹ. മാസങ്ങളോളം നീണ്ട അതിസൂക്ഷ്മമായ ആസൂത്രണത്തിനും കാത്തിരിപ്പിനുമൊടുവില്‍, ഡിസ്ട്രിക്ട് 116-ന്റെ പ്രധാന ടോസ്റ്റ് മാസ്റ്റേഴ്‌സ് സമ്മേളനമായ DTAC 2025 ദോഹയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് വിജയകരമായി അരങ്ങേറി. ‘Amplify Your Voice’എന്നതായിരുന്നു ഇത്തവണത്തെ സമ്മേളന പ്രമേയം. 500-ലധികം പേരുടെ റെക്കോര്‍ഡ് പങ്കാളിത്തത്തോടെ, DTAC 2025 ഖത്തര്‍ ടോസ്റ്റ്മാസ്‌റ്റേര്‍സിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഏറ്റവും വലിയ സമ്മേളനമായി മാറി.
ഡിസ്ട്രിക്ട് ഡയറക്ടര്‍ സബീന എം കെ, DTM സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു. DTAC ചെയര്‍മാന്‍ ഹമദ് മൊഹ്‌സിന്‍ അല്‍ യാഫി, DTAC കോ-ചെയര്‍മാന്‍ മന്‍സൂര്‍ മൊയ്ദീന്‍ DTM എന്നിവര്‍ സംയുക്തമായി സ്വാഗതം ആശംസിച്ചു.
ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും മികവിന്റേയും പ്രതീകമായി മാറിയ ഈ വര്‍ഷത്തെ DTAC, ഖത്തറില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള ടോസ്റ്റ് മാസ്റ്റേഴ്‌സിന്റെയും ആഗോള അതിഥികളുടെയും ചിന്തോദ്ദീപകമായ പ്രഭാഷണങ്ങള്‍, പ്രഭാഷണ മത്സരങ്ങള്‍, പരിശീലന സെഷനുകള്‍, സേവനങ്ങളുടെയും നേതൃനിരയുടെയും അംഗീകാരങ്ങള്‍ എന്നിവയിലൂടെ സമൃദ്ധമായ അനുഭവമായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.