IM Special

ഖത്തര്‍ വേദികളിലെ ശ്രദ്ധേയ ഗായികയായി മേഘ സുനില്‍


അമാനുല്ല വടക്കാങ്ങര

ഖത്തര്‍ വേദികളില്‍ വയനാട്ടില്‍ നിന്നുള്ള യുവ ഗായിക മേഘ സുനില്‍ ശ്രദ്ധേയയാകുന്നു. ഏത് തരം പാട്ടുകളും തന്മയത്തത്തോടെ അവതരിപ്പിച്ച് ജനമനസുകളില്‍ കൂട് കൂട്ടുന്ന ഈ പാട്ടുകാരി കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ദോഹയില്‍ നടന്ന ചെറുതും വലുതുമായ നിരവധി സ്‌റ്റേജുകളിലാണ് തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയത്. ഷാഫി കൊല്ലം, അക്ബര്‍ ഖാന്‍ തുടങ്ങി പല പ്രമുഖ ഗായകരുമായും ഇതിനകം തന്നെ വേദി പങ്കിട്ട മേഘ സംഗീത മേഖലയില്‍ കൂടുതല്‍ സജീവമാകാനൊരുങ്ങുകയാണ്.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ സുനിലിന്റേയും റീനയുടേയും സീമന്ത പുത്രിയായാണ് മേഘ ജനിച്ചത്. ചെറുപ്പം മുതലേ പാട്ടുകളോട് കമ്പമുണ്ടായിരുന്നു. അമ്മ ചെറുതായി പാടുമായിരുന്നു. അതില്‍ നിന്നാകാം പാട്ടുകളോട് പ്രത്യേക താല്‍പര്യം തോന്നി തുടങ്ങിയത്.

മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ അധ്യാപികയായിരുന്ന ബുഷ്‌റ ടീച്ചറാണ് മേഘയുടെ സംഗീതം ആദ്യം തിരിച്ചറിയുന്നത്. ടീച്ചറുടെ പ്രോല്‍സാഹനവും പിന്തുണയും മേഘയിലെ കലാകാരിയ ഉണര്‍ത്തി. അതോടെ സ്‌കൂളിലെ വിവിധ വേദികളിലും മല്‍സരങ്ങളിലും പങ്കെടുക്കുകയും മികച്ച പ്രകടനത്തിന് എ ഗ്രേഡ് നേടുകയും ചെയ്തു. സ്‌കൂള്‍ കലോല്‍സവങ്ങളില്‍ ഒപ്പന, ലളിത ഗാനം, മലയാളം പദ്യം ചൊല്ലല്‍ മുതലായവയിലും മേഘയുടെ പങ്കാളിത്തമുണ്ടായിരുന്നു.

സര്‍വജന ഹയര്‍ സോക്കണ്ടറി സ്‌കൂളിലെ ജിബി ടീച്ചറും മേഘയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. 8,9,10 ക്‌ളാസുകളില്‍ പഠിക്കുമ്പോഴൊക്കെ പലമല്‍സരങ്ങളിലും പങ്കെടുക്കുവാനും സമ്മാനം നേടുവാനും ജിബി ടീച്ചറുടെ പ്രോല്‍സാഹനം കാരണമായി.

ഖത്തറിലേക്ക് വരുന്നതിന് മുമ്പ് തന്നെ അബ്ദുറഊഫ് മലയില്‍ അഡ്മിനായ കരോക്കി ദോഹ എന്ന സംഗീത പ്രധാനമായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമായിരുന്ന മേഘ ഖത്തറിലെത്തിയ ശേഷം വിവിധ വേദികളില്‍ സജീവമായി. റഊഫ് മലയിലിന്റേയും കൂട്ടായ്മയുടേയും പ്രോല്‍സാഹനം നന്ദിയോടെയാണ് മേഘ ഓര്‍ക്കുന്നത്.
പാടിയ വേദികളില്‍ നിന്നും ലഭിച്ച പ്രോല്‍സാഹനവും ഖത്തറിലെ സഹൃദയ ലോകത്തിന്റെ നിറഞ്ഞ പിന്തുണയുമാണ് മേഘയെ ഒരു നല്ല പാട്ടുകാരിയും പെര്‍ഫോമറുമാക്കിയത്.

ഒന്ന് രണ്ട് ആല്‍ബങ്ങളിലും മേഘയുടെ പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്ത് കഴിഞ്ഞു. താമസിയാതെ ആല്‍ബങ്ങള്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ തരം പാട്ടുകളും മേഘക്ക് വഴങ്ങുമെങ്കിലും മെലഡികളോടാണ് ഈ ഗായികക്ക് ഏറെ പ്രിയം. മലയാളം, ഹിന്ദി , തമിഴ് പാട്ടുകളൊക്കെ പാടാറുണ്ട്. ഫാസ്റ്റ് നമ്പറുകളും മെലഡികളുമൊക്കെ വഴങ്ങും. എങ്കിലും മെലഡികള്‍ പാടുമ്പോള്‍ ലഭിക്കുന്ന സുഖം മറ്റെവിടെയും ലഭിക്കില്ലെന്നാണ് മേഘ പറയുന്നത്.

പ്രൊഫഷണലായി പാട്ടു പഠിച്ചിട്ടില്ലെങ്കിലും പഠിക്കണമെന്ന ആഗ്രഹമുണ്ട്. പലവട്ടം കേട്ടു പഠിച്ചാണ് മേഘ ഓരോ പാട്ടും സ്റ്റേജുകളില്‍ അവതരിപ്പിക്കാറുള്ളത്. പാട്ടുകള്‍ കേള്‍ക്കുന്നതും പാടുന്നതുമൊക്കെ വല്ലാത്തൊരനുഭൂതിയാണ് .

മനുഷ്യ ജീവിതത്തില്‍ പാട്ടുകളുടെ സ്വാധീനം അനിഷേധ്യമാണ് . കേവലം ആസ്വാദനത്തിനുമപ്പുറം ഒട്ടേറെ രചനാത്മകമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരുവാന്‍ പാട്ടുകള്‍ക്ക് കഴിയും. നല്ല പാട്ടുകള്‍ കേള്‍ക്കുന്നതും ആസ്വദിക്കുന്നതുമൊക്കെ സര്‍ഗാത്മകമായ പ്രവര്‍ത്തനമാണ് .

എന്റെ പാട്ടുകള്‍ കൂടുതല്‍ ആസ്വദിക്കുന്നതും ഏറ്റവും വലിയ പ്രോല്‍സാഹനം നല്‍കുന്നതും അമ്മയാണ് . ആ പിന്തുണയും പ്രചോദനവുമാണ് വേദികളില്‍ നിന്നും വേദികളിലേക്കുള്ള തന്റെ പ്രയാണത്തിന് കരുത്ത് പകരുന്നത്. അമ്മയുടെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഇടപെടലുകളും തന്റെ സര്‍ഗസഞ്ചാരത്തിന് ഏറെ സഹായകമാകുന്നതായി മേഘ പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരി ,ചൂതുപാറ സ്വദേശി ആര്‍മി ഓഫിസറായ ജിഷ്ണു ഗിരീഷാണ് ഭര്‍ത്താവ്. മേഘയുടെ പാട്ടുകള്‍ക്ക് പ്രിയതമന്റെ പൂര്‍ണപിന്തുണയും പ്രോല്‍സാഹനവുമുണ്ട്.

Related Articles

Back to top button
error: Content is protected !!