ഗ്‌ളോബല്‍ റിഥം കള്‍ചറല്‍ ക്‌ളബ് ഉദ്ഘാടനം നാളെ

ദോഹ. കലയും സാംസ്‌കാരവും സാഹിത്യവും ഇഴ ചേര്‍ന്ന്, ഖത്തറിന്റെ സാംസ്‌കാരിക ഭൂമികയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്ന ഗ്‌ളോബല്‍ റിഥം കള്‍ചറല്‍ ക്‌ളബ് ( ജി.ആര്‍.സി.സി )ഉദ്ഘാടനം നാളെ വൈകുന്നേരം 6 മണിക്ക് ഡൈനാമിക് സ്‌പോര്‍ട്‌സ് ക്‌ളബ്ബില്‍ നടക്കും. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ക്‌ളബ്ബിന്റെ ഉദ്ഘാടനം നടക്കുക.
പരിപാടിയുടെ പോസ്റ്റര്‍ ലോഞ്ചിംഗ് റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു.
ചടങ്ങില്‍ രോഷ്‌നി കൃഷ്ണന്‍ എസ് എ എം. ബഷീര്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, റാഫി പാറക്കാട്ടില്‍, നീതു, നദാനിയ, വിനേഷ് ഹെഗ്ഡെ, രഞ്ജിത്ത് ചെമ്മാട്, എന്നിവര്‍ പങ്കെടുത്തു
വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങളുടെ വിവിധ ഭാവങ്ങളുമായാണ് ജി ആര്‍ സി സി, ഈ സാംസ്‌കാരിക ഭൂമികയില്‍ പിറവിയെടുക്കുന്നത്. ഒരു വര്‍ഷത്തോളമായി നിശബ്ദമായി പ്രവര്‍ത്തിക്കുകയും സാംസ്‌കാരിക രംഗത്ത് സജീവമായ നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്ത് വന്ന ജി ആര്‍ സി സി, വ്യത്യസ്തമായ നിരവധി ഭാവി പരിപാടികള്‍ സമഗ്രമായി ആവിഷ്‌കരിച്ചു കൊണ്ടാണ്, രംഗ പ്രവേശനം ചെയ്യുന്നത്..
ഇതിന്റെ സ്ഥാപകയും മാര്‍ഗദര്‍ശിയുമായ രോഷ്‌നി കൃഷ്ണന്‍ വ്യത്യസ്തവും നവീനവുമായ ഒരുപിടി ആശയങ്ങള്‍ സമൂഹത്തില്‍ നടപ്പിലാക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ഇതിന്റെ പിറകില്‍ അഹോരാത്രം ഇടപെട്ട് ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത്.
ദോഹയിലെ മദീനത്തുല്‍ ബര്‍വ്വ, ഡൈനാമിക് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന മാസ്മരികമായ ചടങ്ങില്‍ ആര്‍ട്ട് എക്‌സിബിഷന്‍ , നൃത്ത നൃത്യങ്ങള്‍, യോഗ ഡാന്‍ഡ്, സംഗീത വിരുന്ന്, ലൈവ് ബേക്കിങ്ങ്, മോട്ടിവേഷണല്‍ സ്പീച്ച്, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍ തുടങ്ങി വ്യത്യസ്തമായ വിവിധ ഇനം പരിപാടികളോട് കൂടിയാണ് ഔദ്യോഗിക രംഗപ്രവേശനം നടത്തുന്നത്.
കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവരുടെ കഴിവുകള്‍ പരിപോഷിപ്പിച്ച് ഓരോരുത്തരുടെയും വ്യക്തിത്വത്തിന് അനുസരിച്ച് കുടുംബത്തിനുംസമൂഹത്തിനും മാതൃകയാകുന്ന രീതിയിലുള്ള ഉന്നമനം ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ ആവിഷ്‌കരിക്കുന്നത്.
പല കുടുംബങ്ങളിലെയും കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ നിരന്തരമായ സാമീപ്യവും ഇടപെടലുകളും ഇല്ലാത്തതിനാല്‍ അവരുടെ സാധാരണമായ വിദ്യാഭ്യാസം എന്നതിലുപരി, മറ്റു കഴിവുകള്‍ കണ്ടെത്തുന്നതിനോ അതിനുവേണ്ട പ്രോത്സാഹനം നല്‍കുന്നതിനോ ഉള്ള സാഹചര്യം പ്രവാസ ജീവിതത്തിലെ ജോലിത്തിരക്കിനിടയില്‍ കുറവാണ്. അത്തരം വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും അവരുടെ കുടുംബത്തോടു കൂടി അവരെ അവരുടെതായ വേദിയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും സമൂഹത്തിന്റെയും സംസ്‌കാരിക ലോകത്തിന്റെയും അഭിവാജ്യ ഘടകം ആക്കി മാറ്റുകയും ചെയ്യുക എന്ന, ലക്ഷ്യം മുന്നില്‍ കണ്ടാണ് ഈ സംഘടനയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
ചിത്രകല അധ്യാപിക കൂടിയായ ഇതിന്റെ സാരഥി രോഷ്‌നി ടീച്ചര്‍ക്ക് ചിത്രകല സംഗീതം എന്നീ വിഷയങ്ങളില്‍ താല്‍പര്യരായ കുട്ടികളെ തിരിച്ചറിഞ്ഞ് അവരോടൊപ്പം ചിലവഴിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടു വരിക എന്നുള്ള പദ്ധതി അവരുടെ ജീവിത ലക്ഷ്യമായി മാറ്റിവെച്ചിരിക്കുകയാണ്..
അതുപോലെ പ്രത്യേക പരിഗണന വേണ്ടുന്ന കുട്ടികളുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ് അവ വേദികളിലേക്ക് ആനയിപ്പിക്കപ്പെട്ട പൊതുജനത്തിനു മുന്നില്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുകയും അതുവഴി അവര്‍ക്ക് ഉണ്ടാകുന്ന ലക്ഷ്യബോധവും ആത്മവിശ്വാസവും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യബോധവും കര്‍മ്മ പദ്ധതിയും ഈ സംഘടനയുടെ രൂപീകരണത്തിന് പിന്നിലുണ്ട്, സ്‌കൂള്‍ അധ്യാപകരും സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യ പ്രവര്‍ത്തകരുമായ ഒരു പിടി നല്ല മനുഷ്യരുടെ ഹൃദയങ്ങളുടെ കൂട്ടായ്മയാണ് ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ്
