പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം

ദോഹ: ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തര്‍ ഫോട്ടോഗ്രാഫി സെന്ററിന്റെ
പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം .
ആറ് പ്രധാന വിഭാഗങ്ങളിലായി പ്രായമോ അനുഭവമോ പരിഗണിക്കാതെ ഖത്തറിനകത്തും പുറത്തുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം .
രാജ്യത്തിന്റെ ലാന്‍ഡ്മാര്‍ക്കുകള്‍ എടുത്തുകാണിക്കുന്ന ഖത്തര്‍ വിഭാഗം; ജനറല്‍ – കളേഴ്സ് വിഭാഗം; ജനറല്‍ – ബ്ലാക്ക് ആന്‍ഡ് വൈറ്റ് വിഭാഗം, സ്പെഷ്യല്‍ തീം – ഇമോഷന്‍സ് വിഭാഗം, ഒരു സമ്പൂര്‍ണ്ണ ദൃശ്യകഥ വിവരിക്കുന്ന ഫോട്ടോഗ്രാഫുകളുടെ ഒരു പരമ്പരയ്ക്കുള്ള കഥപറച്ചില്‍ വിഭാഗം; 18 വയസ്സിന് താഴെയുള്ള വളര്‍ന്നുവരുന്ന ഖത്തരി ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള സ്പെഷ്യല്‍ തീം വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മല്‍സരം നടത്തുക.
സമ്മാനങ്ങളുടെ ആകെ മൂല്യം 2 മില്യണ്‍ റിയാലില്‍ കൂടുതലാണ്. ഖത്തര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 300,000 റിയാലിന്റെ ഗ്രാന്‍ഡ് സമ്മാനം ലഭിക്കും. മറ്റ് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്തിന് 150,000 റിയാലും രണ്ടാം സ്ഥാനത്തിന് 100,000 റിയാലും മൂന്നാം സ്ഥാനത്തിന് 75,000 റിയാലും സമ്മാനമായി ലഭിക്കും.
എല്ലാ ചിത്രങ്ങളും പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിച്ച് എടുത്തവയാകണം. കൃത്രിമബുദ്ധി സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ഫോട്ടോകള്‍ പരിഗണിക്കില്ല.
ഒക്ടോബര്‍ 2 വരെ അപേക്ഷകള്‍ സ്വീകരിക്കും.


