സ്വാതന്ത്ര്യദിനാഘോഷം: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

ദോഹ: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഫോക്കസ് ഖത്തറിന്റെ നേതൃത്വത്തില്‍ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. തുമാമയിലെ ഫോക്കസ് വില്ലയില്‍ വെച്ച് നടന്ന ചടങ്ങ് ഐ.സി.സി. ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വൈവിധ്യങ്ങളെയും മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിച്ച് പരസ്പര സഹകരണത്തോടെയും സാഹോദര്യത്തിലൂടെയും ജനാധിപത്യവിശ്വാസികള്‍ ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ജീവനും രക്തവും നല്‍കി ഇന്ത്യയെ വൈദേശികാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്രപുരുഷന്മാരെ മാറ്റി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയുടെ ഭരണഘടന നല്‍കുന്ന സമത്വത്തെയും മതേതരത്വമുള്‍പ്പടെയുള്ള അടിസ്ഥാന മൂല്യങ്ങളെ കൂടി മാറ്റി പ്രതിഷ്ഠിക്കുന്നതിന്റെ ഭാഗമാണെന്ന് ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ച ഗ്ലോബല്‍ കെ.എം.സി.സി വൈസ് പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് രാജ്യത്തിന്റെ സംവിധാനങ്ങളെ അട്ടിമറിക്കുന്ന ഫാസിസ്റ്റ് അജണ്ടകളെ തിരിച്ചറിയണമെന്ന് അടയാളം ഖത്തര്‍ പ്രതിനിധി പ്രദോഷ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ ജനങ്ങളുടെ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ഒരോന്നായി ഹനിക്കപ്പെടുമ്പോള്‍ ഡോ: ബി ആര്‍ അംബേദ്കറുടെ സാമൂഹ്യ ദര്‍ശനത്തിന്റെ ഊന്നല്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ തിരിച്ച്പിടിക്കണമെന്ന് യൂത്ത് ഫോറം പ്രതിനിധി ആരിഫ് അഹമ്മദ് അഭിപ്രായപ്പെട്ടു.
രാഷ്ട്രത്തെ കാര്‍ന്നു തിന്നുന്ന ഇരുട്ടിന്റെ ശക്തികളെ, അവരുടെ പദ്ധതികളെ പ്രതിരോധിക്കാന്‍ നമ്മുടെ രാജ്യത്തിന്റെ സൗഹൃദത്തിന്റെ, മതേതരത്വത്തിന്റെ, സാഹോദര്യത്തിന്റെ, മത നിരപേക്ഷയുടെ ചരിത്രം വര്‍ത്തമാന കാലത്ത് പറഞ്ഞു കൊണ്ടേ ഇരിക്കുക. യുവ ജന സംഘടനകള്‍ അതിന് മുന്നിട്ടിറങ്ങണമെന്ന് ഫോക്കസ് ഖത്തര്‍ ഡെപ്യൂട്ടി സി.ഇ.ഒ സഫീറുസ്സലാം പറഞ്ഞു. ചടങ്ങില്‍ ഫായിസ് എളയോടന്‍ സ്വാഗതവും മോഡറേറ്ററായ മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.
