ഖത്തര്‍ ജീവിതത്തിന്റെ നേര്‍കാഴ്ചകളുമായി അഹ് മദ് പാതിരിപ്പറ്റയുടെ ‘ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍’ പ്രകാശനം ഇന്ന്

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക നേതാവുമായ അഹ് മദ് പാതിരിപ്പറ്റയുടെ കന്നി പുസ്തകമായ ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍ പ്രകാശനം ഇന്ന് വൈകുന്നേരം വൈകുന്നേരം പാതിരിപ്പറ്റ യു.പി. സ്‌കൂളില്‍ നടക്കുന്ന പ്രൗഡഗംഭാീരമായ സദസ്സില്‍ പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പ്രകാശനം ചെയ്യും.
നാല്‍പത്തിയേഴ് സംവല്‍സരക്കാലത്തെ ഖത്തര്‍ ജീവിതത്തിലെ അനുഭവങ്ങള്‍, ജീവിതയാത്രയില്‍ ശ്രദ്ധയില്‍പ്പെട്ട ചില നുറുങ്ങുകള്‍.
പഴയ കാലഘട്ടത്തില്‍ സ്വന്തം നാട്ടില്‍ നിന്നകന്ന് ജീവിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ മനസ്സില്‍ പടര്‍ത്തിയ വിരഹത്തിന്റെ നോവുകള്‍ എല്ലാം പകര്‍ത്തപ്പെടണമെന്ന ചിന്തയില്‍ നിന്നാണ് ഒരു കൊച്ചു പുസ്തകം രൂപപ്പെട്ടത്.
ഗള്‍ഫിലേക്ക് ജീവിതം പറിച്ചു നട്ടപ്പോള്‍ സാമൂഹ്യ രംഗത്തുണ്ടായ പുതിയ ഉന്മേഷം. പ്രവാസ ജീവിതത്തില്‍ പ്രശ്‌നങ്ങളില്‍ നീറിപ്പുകയുന്നവരെക്കുറിച്ചുള്ള ചിന്തകള്‍ ജനങ്ങള്‍ക്കിടയിലേക്കിറക്കിയ സന്ദര്‍ഭങ്ങള്‍ എല്ലാം പുതിയ തലമുറയ്ക്ക് പാഠമാകട്ടെ എന്ന ആഗ്രഹത്തില്‍ നിന്നാണ് അതെല്ലാം അക്ഷരച്ചാര്‍ത്തായി മാറിയത്.
ഒരു ഗ്രാമീണാന്തരീക്ഷത്തില്‍ നിന്നെത്തി ഒരു രാജ്യ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകനായപ്പോള്‍ എന്നെത്തേടിയെത്തിയ അപൂര്‍വ്വാവസരങ്ങള്‍ .’ലോകത്തിലെ വിവിധരാജ്യങ്ങളിലെ ഭരണത്തലവന്മാരെ, കായിക പ്രമുഖരെ കലാകാരന്മാരെ, മറ്റു ഉന്നത വ്യക്തികളെ നേരില്‍ സംവദിക്കാന്‍ കിട്ടിയ അപൂര്‍വ്വ സൗഭാഗ്യ നിമിഷങ്ങള്‍, അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നേരിട്ടെത്തി റിപ്പോര്‍ട്ടു ചെയ്യാന്‍ കിട്ടിയ അവസരങ്ങള്‍ എല്ലാം പുസ്തകത്താളുകളിലൂടെ വായനക്കാരിലെത്തിക്കുകയാണ് ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍ എന്ന കൊച്ചു കൃതിയിലൂടെ.
ജീവിതത്തില്‍ മനസ്സിനെ നൊമ്പരപ്പെടുത്തിയ സംഭവങ്ങള്‍, വിനിമയ സൗകര്യങ്ങള്‍ വിരളമായ എണ്‍പതുകളില്‍ വിവരങ്ങളറിയാന്‍ ഗള്‍ഫിലുള്ളവര്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടി വന്ന അനുഭവങ്ങള്‍ സാങ്കേതിക സൗകര്യങ്ങള്‍ നിറഞ്ഞ സോഷ്യല്‍ മീഡിയയുടെ കാലത്തെ പ്രവാസികള്‍ക്ക് അവിശ്വസനീയമായി തോന്നുമെങ്കിലും ഇങ്ങിനെയൊരു കാലഘട്ടത്തിലാണ് നമ്മുടെ പൂര്‍വ്വികരായ പ്രവാസികള്‍ മരുഭൂമിയില്‍ ജീവിതം തള്ളി നീക്കിയതെന്ന ഓര്‍മ്മപ്പെടുത്തലാണി പുസ്തകത്തെ സവിശേഷമാക്കുന്നത്.

