ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഗാന്ധിജയന്തി ആഘോഷിച്ചു

ദോഹ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഗാന്ധിജയന്തി ആഘോഷിച്ചു. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആദരാഞ്ജലികളും ഗാന്ധിജിയുടെ ജീവിതത്തെയും മൂല്യങ്ങളെയും ഉയര്‍ത്തിക്കാട്ടുന്ന പ്രത്യേക ഏകാംഗ നാടകവും അരങ്ങേറി.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു. ഐസിസി പ്രസിഡന്റ് മണികണ്ഠന്‍ എ.പി, ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ് , വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, രാകേഷ് വാഗ് എന്നിവര്‍ സംസാരിച്ചു.
പ്രശസ്ത സിനിമാ-സ്റ്റേജ് ആര്‍ട്ടിസ്റ്റ് മകരന്ദ് ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഇന്ത്യയില്‍ നിന്നുള്ള ഒരു സംഘം അവതരിപ്പിച്ച ‘ഗാന്ധി’ എന്ന ഏകാംഗ നാടകമായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്. ഗാന്ധിജയന്തിയുടെ ഭാഗമായി ഐസിസി സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന പ്രവര്‍ത്തന പരമ്പരയുടെ പരിസമാപ്തിയും കൂടിയായിരുന്നു ഈ പരിപാടി.
ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ (ചാന്‍സറി, കോണ്‍സുലാര്‍ മേധാവി) ഡോ. വൈഭവ് എ. ടണ്ടലെ, ഐഎസ്സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്‌മാന്‍, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിസി ഉപദേശക സമിതി പ്രസിഡന്റ് പി.എന്‍. ബാബു രാജന്‍, ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മറ്റ് മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം പരിപാടിയെ മനോഹരമാക്കി.
