Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

മുഹമ്മദ് കുട്ടി അരിക്കോട് : മണ്ണിട്ടു മൂടിയാലും മാപ്പിളപ്പാട്ടിന്റെ വര്‍ണ്ണ ചരിത്രമായി കത്തിജ്വലിക്കുന്ന പാട്ടുകാരന്‍

ഏതാനും ദിവസം മുമ്പ് വിളിച്ചപ്പോള്‍ കൈകള്‍ തീരെ പൊക്കാന്‍ വയ്യ എന്ന പരാതി പറഞ്ഞിരുന്നു. ഡയലിസിന് വിധേയമായിട്ടും രണ്ട് കണ്ണുകള്‍ക്കും കാഴ്ച നഷ്ടമായിട്ടും ഇല്ലാത്ത ദുഃഖവും സങ്കടവും ആ പറച്ചിലില്‍ നിഴലിക്കുന്നത് കേട്ടപ്പോള്‍ ഒട്ടൊന്നുമല്ല മനസ്സ് നൊമ്പരപ്പെട്ടത്. തന്റെ സംഗീത സപര്യയിലൂടെ ലക്ഷകണക്കിന് സംഗീതാസ്വകരുടെ മനസ്സിന് കുളിര് ചൊരിഞ്ഞ ആ വിരലുകള്‍ വേദനിക്കാന്‍ കാലം കൂട്ടുനില്‍ക്കുകയോ? കാലത്തിന് കാവ്യനീതിയുള്ളത് പോലെ ക്രൂരവിനോദവും അതിന്റ പര്യായപദമായി തീരുന്ന സന്ദര്‍ഭങ്ങള്‍.

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് മമ്മൂട്ടിക്കയെ എനിക്ക് പരിചയപ്പെടാന്‍ സാഹചര്യമുണ്ടായത്. പ്രശസ്ത ഗായകന്‍ നിലമ്പൂര്‍ഷാജിയാണ് മമ്മുട്ടിക്കയെ പരിചയപ്പെടുത്തിയത്. ഞങ്ങള്‍ രണ്ട് പേരും കോഴിക്കാടുള്ള രാജശ്രീ സ്റ്റുഡിയോവില്‍ ചെല്ലുമ്പോള്‍ നിറപുഞ്ചിരിയോടെ ഒരാള്‍ കാത്തു നില്‍ക്കുന്നു. സലാം ചൊല്ലി അകത്ത് കടക്കുമ്പോള്‍ അദ്ദേഹം ആരാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു.

ഏതാനും നിമിഷങ്ങള്‍ കൊണ്ട് തന്നെ തന്റെ സൗമ്യഭാവവും നിഷ്‌കളങ്കമായ പുഞ്ചിരിയും കൊണ്ട് മനസ്സിലേക്ക് മമ്മൂട്ടിക്ക കുടിയേറി.
‘പാട്ടാരംഭിച്ചപ്പോഴാണ് ഞാനറിയുന്നത് ഷാജി പാടിയ പാട്ടിന്റെ ‘ മ്യൂസിക് ഡയറക്ടര്‍ മമ്മൂട്ടിക്കയാണെന്നുള്ളത്. പാട്ടിനോട് കാണിക്കുന്ന അര്‍പ്പണ മനോഭാവം എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്നെസംബന്ധിച്ചെടുത്തോളം വലിയൊരു നിധി കണ്ടത്തിയ സന്തോഷമായിരുന്നു.

പാട്ട് കഴിഞ്ഞപ്പോള്‍ ഷാജി മമ്മൂട്ടിക്കാക്ക് എന്നെ പരിചയപ്പെടുത്തി. ഗാനരചയിതാവാണ് മുറുകെ പിടിച്ചോളൂ,
ഉടന്‍ തന്നെ മമ്മൂട്ടിക്കയില്‍ നിന്നും ആവശ്യമുയര്‍ന്നു. കുറച്ച് വരികള്‍ക്ക് സംഗീതം പകരാനുള്ള അവസരം തന്ന് പരിഗണിക്കണം .അന്ന് തുടങ്ങിയ ബന്ധം മാപ്പിളപ്പാട്ടില്‍ പല വര്‍ണ്ണവിസ്മയങ്ങളും തീര്‍ത്തു എന്ന് പറഞ്ഞാല്‍ തെറ്റാവില്ല.

മമ്മൂട്ടിക്കയെപോലൊരാള്‍ മാപ്പിളപ്പാട്ടിന്റെ ചരിത്രവഴിയില്‍ കൂടി സഞ്ചരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കാരണം എം.എ അസീസ്, റംലാ ബീഗം, കെ.ടി.മുഹമ്മദ് വി.എം. കൂട്ടി, എസ്.എ.ജമീല്‍, കെ.സി. ചെലവൂര്‍, മുഹമ്മദ്,മഞ്ചേരി ബ്ലൈന്‍ഡ് ബ്രദേഴ്‌സ് , പള്ളിക്കല്‍ മൊയ്തീന്‍, സി.വി.എ കുട്ടി എന്നിവര്‍ക്കൊപ്പവും മറ്റനേകം പാട്ടുകാര്‍ക്കൊപ്പവും ഹാര്‍മോണിയം വായിച്ച് കൊണ്ട് പതിനായിരക്കണക്കിന് വേദിയില്‍ അദ്ദേഹമുണ്ടായിരുന്നു.

ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സിന് വേണ്ടി ഞാന്‍ 5 പാട്ടുകളെഴുതിയപ്പോള്‍ 4 ന്റെയും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് മമ്മൂട്ടിക്കയായിരുന്നു. അതില്‍ ഒരു പാട്ട് പ്രശസ്ത ഗായകന്‍ നൗഷാദ് ബാബുവുമൊത്ത് ആലപിക്കാന്‍ അദ്ദേഹം തയാറായി. അദ്ദേഹത്തിന്റെ സംഗീത യാത്രയില്‍ ആദ്യമായി ഒരു പാട്ട് റിക്കാര്‍ഡ് ചെയ്യപ്പെടുന്നത് അതില്‍ കൂടിയായിരുന്നു. അതിനെ തുടര്‍ന്നാണ് ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധവും, സംഗീത വഴിയും കൂടുതല്‍ ആഴമേറിയതായി തീര്‍ന്നത്..

അദ്ദേഹത്തെ ഞാന്‍ ഖത്തറില്‍ കൊണ്ട് വന്ന ശേഷം ഖാലിദ് ഭായിക്കും, മന്മൂട്ടിക്കാക്കും രചനകള്‍ തുല്യമായി വീതിച്ചു നല്‍കി തുടങ്ങി. ഖാലിദ് ഭായി നല്‍കുന്നഈണത്തിന് പോലും മമ്മൂട്ടിക്കയുടെ ബിറ്റുകളാണ് ഉപയോഗിക്കുക. മമ്മൂട്ടിക്ക ഹാര്‍മോണിയത്തില്‍ കൈവിരല്‍ ഓടിച്ചു തുടങ്ങിയാല്‍ അത് നിലക്കാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നവരായിരിക്കും പാട്ടുകാരും ആസ്വാദകരും.

നാട്ടിലെത്തുന്ന സന്ദര്‍ഭങ്ങളില്‍ പ്രധാന ഹോബി മമ്മൂട്ടിക്കയുമൊത്ത് പഴയ കാല പ്രതിഭകളെ ഇരുത്തിയുള്ള മെഹ്ഫിലുകളാണ്. എവിടെ പോയാലും താരമാകാന്‍ മമ്മൂട്ടിക്കക്ക് കഴിയും. പഴയ കാലത്തെ മിക്കവാറും പാട്ടുകളുടെ കൃത്യമായ ബിറ്റുകള്‍ അതേ പടി വായിക്കുക എന്നതാണ് അദ്ദേഹത്തിന്റെ വിജയം. സംഗീതത്തില്‍ അസാമാന്യമായ ഓര്‍മ്മശക്തിയുള്ളവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണത്. മറ്റൊന്ന് മാപ്പിളപ്പാട്ടും ,മലയാള സിനിമ പ്പാട്ടും, ഹിന്ദിയും ഒരു പോലെ പാടാന്‍ കഴിവുള്ളത് കൊണ്ട് മെഹ്ഫില്‍ മന്മൂട്ടിക്ക കൈയടക്കും.

എന്റെ പത്തിലേറെ രചനകള്‍ അദ്ദേഹത്തിനും പാടാനും മുപ്പതിലധികം പാട്ടിന് സംഗീതമൊരുക്കാനും അവസരമുണ്ടാക്കി കൊടുത്തു വാക്ക് പാലിക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു അഭിമാനമാണെനിക്ക്.അതൊക്കെ GEEPEE SONGS എന്ന യൂ ട്യൂബ് ചാനലില്‍ ഒന്നൊന്നായി വന്ന് കൊണ്ടിരിക്കുകയാണ്. ഒന്ന് സസ്‌ക്രൈബ് ചെയ്താല്‍ എല്ലാപാട്ടുകളും നിങ്ങള്‍ക്ക് ലഭിക്കും.
മമ്മൂട്ടിക്കയുടെ വായന കേള്‍ക്കുമ്പോള്‍ പല മഹല്‍ വ്യക്തികളും പറയുന്നത് കേള്‍ക്കാറുണ്ട്. ഇദ്ദേഹത്തിന്റെ കൈവിരലുകള്‍ നിറയെ ദൈവാനുഗ്രഹം നിറഞ്ഞു തുളുമ്പുകയാണെന്ന്.

ഒരിക്കല്‍ ഞാനും മമ്മൂട്ടിക്കയും കോഴിക്കോട്ടൊരു വേദിയില്‍ എത്തിയപ്പോള്‍ റംല ബീഗവും എം കുഞ്ഞി മൂസ്സയും എന്തോ കുശലം പറഞ്ഞിരിക്കുകയായിരുന്നു. കണ്ടയടനെ റംല ബീഗം മമ്മൂട്ടിക്കയെ വിളിച്ചു നിങ്ങളെ കുറേ നാളായി കാണാന്‍ കൊതിക്കുന്നു എന്ന് പറഞ്ഞു. എന്താ കാര്യം എന്നാരാഞ്ഞപ്പോള്‍ എനിക്കൊന്ന് മനസ്സ് നിറഞ്ഞ് പാടണം. അതിന് നിങ്ങള്‍ തന്നെ വേണം. ഇത് കേട്ട് കുഞ്ഞി മൂസ്സക്ക പറഞ്ഞു. എന്നെ കൂടി ഒന്നപരിഗണിക്കണേ. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ മമ്മൂട്ടിക്ക എന്നെ വിളിച്ചു . ഞാന്‍ ഹാര്‍മോണിയവുമായി വടകരയെത്താം. നിങ്ങള്‍ വരണം. മൂസ്സക്കയെ വിളിച്ചു പറഞ്ഞു. മൂസ്സക്കയും, കുട്ടിക്കയും മത്സരിച്ചു പാടി 6 മണിക്കൂറോളം നീണ്ട മെഹ്ഫില്‍ .മൂസ്സക്ക പാടിയ പല പാട്ടുകളും ഇരിങ്ങള്‍ പാറകളെ തഴുകി തലോടി അറബികടലിന്റെ തിരമാലകള്‍ക്കൊപ്പം നര്‍ത്തനമാടി. യാത്രയാക്കാന്‍ ഗയിറ്റിനടുത്ത് വന്ന് ഇരുവരും കെട്ടിപ്പിടിച്ചു ചുംബിച്ച് കരഞ്ഞ രംഗം ഇന്നും കണ്‍മുമ്പില്‍ തെളിഞ്ഞു വരാറുണ്ട്.

രണ്ട് ദിവസം കഴിഞ്ഞ് ഞങ്ങള്‍ റംലാബീഗത്തിന്റെ വീട്ടിലെത്തുമ്പോള്‍ നവാസ് പാലേരിയുമുണ്ടായിരുന്നു. അവിടെ വെച്ചാണ് മാപ്പിളപ്പാട്ടിന്റെ വര്‍ണ്ണ ചരിത്രത്തിന്റെ ആദ്യവരികള്‍ കുത്തി കുറിച്ചത് . 2 മണിക്ക് തുടങ്ങിയ മെഹ്ഫില്‍ രാത്രി 8 മണിക്ക് പിരിയുമ്പോള്‍ റംലാ ബീഗം പറഞ്ഞ ഒരു വാക്കുണ്ട്. സലാംക്ക (ഭര്‍ത്താവ്) മരിച്ചതില്‍ ശേഷം ഇത്രയും നല്ല ഒരു ദിവസം ഉണ്ടായിട്ടില്ല. അതെ, കുട്ടിക്കയുടെ വായനയില്‍ അവര്‍ മതി മറന്ന് പാടി. മേല്‍ പറഞ്ഞ രണ്ട് മഹാപ്രതിഭകളേക്കാള്‍ ഒരു പണതൂക്കം കഴിവ് തനിക്കുണ്ടെന്നറിയാമായിരുന്നിട്ടും മമ്മൂട്ടിക്ക കാണിക്കാറുള്ള വിനയത്തിന്റെ മുന്നില്‍ കണ്ട്‌നില്‍ക്കുന്നവര്‍ തോറ്റിട്ടേ ഉള്ളൂ.
മറെറാരു ദിവസം ഞങ്ങള്‍ കെ.സി ചെലവൂരിന്റെ വീട്ടില്‍ പോയി. പല മേഖലകളിലും പ്രതിഭ തെളിയിച്ച ഒരു വ്യക്തിത്തമായിരുന്നു അദ്ദേഹം. ജോലി ആധാരമെഴുത്തായിരുന്നെങ്കിലും പ്രശസ്തമായ ചെലവൂര്‍ കളരിയുടെ പ്രധാന കുരിക്കള്‍ കൂടിയായിരുന്നു. ഗാനരചനയും ആലാപനവും മാത്രമല്ല മാപ്പിളപ്പാട്ടിന് ഒട്ടനേകം പ്രതികളെ കണ്ടെത്തി രംഗത്ത് കൊണ്ട് വന്ന ആള് കൂടിയാണ്. ഉറുദുവിലും രചന നിര്‍വ്വഹിച്ച ചെലൂവുര്‍ സി.എച്ച്. മുഹമ്മദ് കോയയുടെ ഉറ്റമിത്രമായിരുന്നു. അത്തോളിയില്‍ നിന്നു തന്റെ വണ്ടി പുറപ്പെട്ടാല്‍ കെ.സി യുടെ വീട്ടിന്റെ മുന്നിലാണ് ആദ്യ സ്റ്റോപ്പ്. കെസി യേയും കൂട്ടിയിട്ടാണ് കോഴിക്കോട്ടെക്കുള്ള യാത്ര. സിഎച്ചിന്റെ കാലശേഷം തികച്ചും രാഷ്രീയത്തില്‍ നിന്നും ഉള്‍ വലിഞ്ഞ അദ്ദേഹം ഞങ്ങളെ കണ്ട ഉടനെ പ്രായാധിക്യം മറന്ന് എഴുന്നേറ്റ് വന്ന് സ്വീകരിച്ചു. മമ്മുട്ടിക്ക
കെസിക്ക് എന്നെ പരിചയപ്പെടുത്തി. എന്റെ പട്ടുകള്‍ കേള്‍ക്കണാമെന്നദ്ദേഹം പറഞ്ഞു. ഓഫിസ് റൂമില്‍ കൂട്ടി കൊണ്ട്പോയി അദ്ദേഹത്തിന്റെ ഹാര്‍മോണിയം എടുത്തു വെച്ചു. മമ്മൂട്ടിക്ക എന്റെ കുറേ പാട്ടുകള്‍ പാടി .കെസി അദ്ദേഹത്തിന്റെ മലയാളത്തിലും ഉറുദുവിലും എഴുതിയ പാട്ടുകളുമായി മണിക്കൂറുകളാളം അവിടെ കഴിച്ച് കൂട്ടി. അവസാനം തിരിച്ച് പോരുമ്പോള്‍ ആ ഹാര്‍മോണിയം എടുത്ത് മേശ പുറത്ത് വെചിട്ട് പറഞ്ഞു. പിടിക്ക് ശേഷം മാപ്പിളപ്പാട്ട് അന്യമാവുകയില്ല എന്ന് . ജിപിയുടെ രചനകളില്‍ തെളിയുനുണ്ട്. ഞാനിത് ബാബുരാജിനോട് വാങ്ങിയ താണ്. ഇനി എഴുതുന്ന വരികള്‍ക്ക് ഈ പെട്ടി വെച്ച് വേണം ഈണം നല്‍കാന്‍.ശരിക്കും മമ്മൂട്ടിക്ക കരഞ്ഞ് പോയി. ഇത്തരത്തില്‍ ഒത്തിരി ആളുകളെ മമ്മൂട്ടിക്ക എനിക്ക് പരിചയപ്പെടുത്തിയിരുന്നു.. ചെറിയ മുണ്ടം അബ്ദുറസാഖ് , അഷ്‌റഫ് പാലപ്പെട്ടി മുതലായവര്‍ അതില്‍ ഉള്‍പ്പെടും. ചെലൂവൂര്‍ കെസി യെ മാപ്പിളപ്പാന്റെ വര്‍ണ്ണചരിത്രത്തില്‍ ഞാന്‍ അടയാളപ്പെടുത്താന്‍ കാരണം മമ്മുട്ടിക്കയാണ്.

കുട്ടിക്കയെ പോലെ പാട്ടെഴുതുകയും സംഗീതം പകരുകയും പാടുകയും ചെയ്തവര്‍ മാപ്പിളപ്പാട്ടില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.

കുട്ടിക്ക ദോഹയില്‍ വന്ന കാലത്തെ കുറിച്ച് പറയാന്‍ ഒട്ടനേകം കഥകളുണ്ട്. അദ്ദേഹം വായിച്ചു കൊണ്ടിരുന്ന രാഗബലത്തില്‍ എന്റെ രചനയില്‍ പിറന്ന അനേകം പാട്ടുകളുമുണ്ട്. ഓരോ രചനയും അക്ഷരസ്ഫുടതയോടെ പാടാനും ഭാവലയതാളങ്ങളാല്‍ അവതരിപ്പിക്കാനും മമ്മൂട്ടിക്ക കാണിക്കാറുള്ള സൂക്ഷ്മത അതിശയകരമാണ്.ഖത്തറിലെ കലാ രംഗം മമ്മൂട്ടിക്കയെ പെട്ടന്ന് തന്നെ നെഞ്ചേറ്റി പക്ഷെ ഇവിടെയുള്ള സംഘടകള്‍ക്കാന്നും അദ്ദേഹത്തെ ഒന്നാദരിക്കാന്‍ പോലും സന്മനസ്സുണ്ടായില്ല.അവരെന്നും ആദരാഞ്ജലി കമ്മിറ്റികളാണല്ലോ.

ഞങ്ങള്‍ ഒരാഴ്ച കാലം ദുബായി സദര്‍ശിച്ചിരുന്നു. മമ്മൂട്ടിക്കയെ കാണാനും ,കേള്‍ക്കാനും ഒട്ടേറെ ആസ്വദകര്‍ അവിടെയുമെത്തിയിരുന്നു.
ദോഹയില്‍ നൂറിലേറെ മെഹ്ഫില്‍ സംഘടിപ്പിച്ച് ഫാസിലും മറ്റനേകം പ്രോഗ്രാം വെച്ച് മമ്മൂട്ടിക്കയെ അംഗീകരിക്കാന്‍ തുനിഞ്ഞ ഗാനാസ്വദകര്‍ക്കും ഒരുനന്ദി പറയാതെ ഈ കുറിപ്പ് നിര്‍ത്തുന്നത് ശരിയല്ല എന്ന് തോനുന്നു. മാപ്പിള കലാലോകം വാഴ്ത്തപ്പെടുന്ന ഒരു പ്രതിയായി താങ്കളുടെ ഓര്‍മ്മകള്‍ നിലനില്‍ക്കട്ടെ.അതാണെന്റെ പ്രത്യാശ.
മമ്മൂട്ടിക്കയുടെ കുടുംബത്തിനും ,പതിനായിരക്കണക്കിന് ആസ്വാദകര്‍ക്കും നേരിട്ട ഈ ദു:ഖത്തോടൊപ്പം ഞാനും പങ്ക് ചേരുന്നു.

മമ്മൂട്ടിക്കയുടെ കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തെ ജീവിത യാത്രക്ക് ചെറിയ തോതിലെങ്കിലും ഒരു സഹായ ഹസ്തമായി ഉണ്ടാവാന്‍ കഴിഞ്ഞത് എന്റെ കലാജീവിതത്തിലെ ധന്യമായ ഓര്‍മ്മകളാണ്.

ഖാലിദ് വടകരയുടെ വേര്‍പാടോടെ എന്റെ പാട്ടുകളുടെ ഈണമാണ് നഷ്ടമായതെങ്കില്‍, മമ്മൂട്ടിക്കയുടെ വിയോഗം ഭാവനയുടെ രാഗവും ഭാവവും നഷ്ടപ്പെടുത്തിയിരിക്കുന്നു.
സംഗീതമറിയാത്ത എന്റെ ഭാവനകള്‍ക്ക് ഈണവും ഭാവവും ഇനി ആകാശത്തോളം അകലെയായിരിക്കുമോ?

ഇന്നലെമരണവിവരമറിയുമ്പോള്‍ സമയം രാത്രി 8 മണിയോടുത്തിരുന്നു. അവസാനമായി ഒന്ന് കാണണമെന്ന്അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ജനാസ എടുക്കുന്നതിന് മുമ്പ് എത്തിച്ചോ രാനുള്ള ഒരു വിമാനവുംഇല്ലഎന്നറിഞ്ഞപ്പോള്‍ മനസ്സ് വല്ലാതെ വിഷമിച്ചു. പ്രവാസത്തില്‍ഇത്തരം നൊമ്പരങ്ങള്‍ ദുഃഖത്തിന്റെ കണ്ണീര്‍ പൂക്കളായി മാറുന്നത് സഹിക്കുകയേ നിര്‍വ്വാഹമുള്ളൂ.
എന്റെ രചനയില്‍മമ്മൂട്ടിക്ക ചെയ്തു വെച്ച ഒരു പാട്ടിന്റെ നാല് വരി ഇവിടെ ഓര്‍മ്മിക്കട്ടെ.
ആറടിമണ്ണിതിലന്തിയുറങ്ങാന്‍ആയിരമായിരം ജന്മങ്ങള്‍
ആഴം ഖബറുള്ളില്‍ നീറിപുകയാന്‍ അതിലുണ്ടേറെ സ്വപ്നങ്ങള്‍
ഉന്നതങ്ങള്‍ കീഴടക്കാനുള്ള കഴിവുണ്ടായിട്ടും അവിടേക്ക് എത്തിപ്പെടാന്‍ കരുത്തില്ലാതെ പോയ ആ മഹാ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ബാഷ്പാഞ്ജലികളോട

Related Articles

Back to top button