യൂത്തോണം’ സംഘടിപ്പിച്ചു

ദോഹ: പ്രവാസി മലയാളി കൂട്ടായ്മയായ ഒഐസിസി-ഇന്‍കാസ് ഖത്തര്‍ യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ ‘യൂത്തോണം’ എന്ന പേരില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ തുമാമയിലെ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വര്‍ണ്ണാഭമായി നടന്നു. ഓണത്തിന്റെ സ്‌നേഹവും സൗഹൃദവും വിളിച്ചോതുന്ന ആഘോഷങ്ങള്‍ക്ക് നിരവധി പ്രവാസി മലയാളികള്‍ സാക്ഷ്യം വഹിച്ചു.
ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ലഘുഭക്ഷണശാലകളിലെ അമിതവില, പാലിയേക്കര ടോള്‍ ബൂത്ത് ഉള്‍പ്പെടെയുള്ള വിവിധ ജനകീയ വിഷയങ്ങളില്‍ നിയമപോരാട്ടം നടത്തി ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കി ശ്രദ്ധേയനായ സാമൂഹ്യ പ്രവര്‍ത്തകനും കെപിസിസി സെക്രട്ടറിയുമായ അഡ്വ. ഷാജി കോടങ്കണ്ടത്ത് ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥി. ആഘോഷ ചടങ്ങുകള്‍ അദ്ദേഹം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
യൂത്ത് വിങ് പ്രസിഡന്റ് നദീം മനാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാംനസ് മാലൂര്‍ സ്വാഗതം ആശംസിച്ചു. യൂത്ത് വിങ് ട്രഷററും പ്രോഗ്രാം കമ്മറ്റി ചെയര്‍മാനുമായ പ്രശോഭ് നമ്പ്യാര്‍, പ്രോഗ്രാം കണ്‍വീനര്‍ മാഷിക് മുസ്തഫ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
തൃശ്ശൂര്‍ ഡിസിസി അംഗം റോബിന്‍ വടക്കേത്തല, ഒഐസിസി-ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി ആക്റ്റിംഗ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത്, ശ്രീജിത്ത് എസ്, ജീസ് ജോസഫ്, ജോര്‍ജ്ജ് അഗസ്റ്റിന്‍ എന്നിവരടക്കം നിരവധി സാമൂഹ്യ-രാഷ്ട്രീയ നേതാക്കള്‍ ആശംസകളര്‍പ്പിച്ചു.
വിപുലമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ വിവിധ കലാകാരന്മാര്‍ അണിനിരന്ന കലാപ്രകടനങ്ങള്‍, മെന്റലിസം ഷോ തുടങ്ങിയവയാല്‍ സമ്പന്നമായിരുന്നു. തുടര്‍ന്നു നടന്ന ഡിജെ പാര്‍ട്ടിയോടെ യൂത്തോണം പരിപാടികള്‍ക്ക് തിരശ്ശീല വീണു. പ്രശോഭ് നമ്പ്യാര്‍ സദസ്സിന് നന്ദി പറഞ്ഞു
