യാത്രാ വിവരണം സാഹിത്യപരവും സാംസ്‌കാരികവുമായ മാനങ്ങളുളളത് : ഡോ.അമാനുല്ല വടക്കാങ്ങര

പെരിന്തല്‍മണ്ണ. യാത്രാ വിവരണം സാഹിത്യപരമായ മാനങ്ങള്‍ക്കപ്പുറം സാംസ്‌കാരികവും ചരിത്രപരവുമായ തലങ്ങളുമുള്ളതാണെന്ന് പ്രശസ്ത ഗ്രന്ഥകാരനും വിവിധ ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതിനുള്ള ഗ്‌ളോബല്‍ രത്‌ന അവാര്‍ഡ് ജേതാവുമായ ഡോ.അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു
പെരിന്തല്‍മണ്ണ ഗ്രീന്‍ ഹോസ്പിറ്റാലിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ പ്രവാസി അഫ്‌സല്‍ കിളയിലിന്റെ
യാത്രാനുഭവങ്ങളിലൂടെ എന്ന കൃതി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനിച്ച നിമിഷം മുതല്‍ അവസാന ശ്വാസം വരെ നാം കടന്നുപോകുന്ന ഓരോ ഘട്ടവും സവിശേഷമായൊരു യാത്രയുടെ ഭാഗമാണെന്നും കണ്ട ലോകം സമ്മാനിക്കുന്ന വിസ്മയങ്ങളുടെ കലവറയും കാണാത്ത ലോകം കൊതിപ്പിക്കുന്ന സ്വപ്നങ്ങളുടെ മനോഹാരിതയും ജീവിത യാത്രയെ കൂടുതല്‍ സജീവമാക്കുമ്പോള്‍ കണ്ടും പഠിച്ചും പകര്‍ന്നും നുകര്‍ന്നും സംസ്‌കാരവും ചരിത്രവും മാത്രമല്ല മാനവികതയും സാഹോദര്യവും അലങ്കരിക്കുന്ന സര്‍ഗസഞ്ചാരത്തിന്റെ സായൂജ്യമാണ് സാര്‍ഥകമാകുകയെന്നും അദ്ദേഹം പറഞ്ഞു. അഫ്‌സലിന്റെ പിതാവ് ഉസ്മാന്‍ ഹാജി കിളയിലും ഭാര്യാ പിതാവ് സൈനുദ്ധീന്‍ പൂക്കാടനും ചേര്‍ന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സ് അധ്യക്ഷത വഹിച്ചു. ഗ്രീന്‍ ജോബ്‌സ് സിഇഒ റാസിഫ്, ശ്രീജു അങ്ങാടിപ്പുറം, അബ്ദുസ്സലാം കിഴിശ്ശേരി, കുഞ്ഞി ബീവി, ഫരീദ ഫര്‍സാന, ഫാത്തിമ നബ തുടങ്ങിയവര്‍ സംബന്ധിച്ചു. അഫ്‌സല്‍ കിളയില്‍ നന്ദി പറഞ്ഞു.


