പ്രവാസ യൗവനത്തിന്റെ രണ്ട് പതിറ്റാണ്ട്, ആഘോഷ പരിപാടികള്‍ ഇന്ന് സമാപിക്കും

ദോഹ: സന്നദ്ധ സേവന രംഗത്ത് വ്യത്യസ്തവും സര്‍ഗാത്മഗവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസ യുവതയെ മുന്നോട്ട് നയിച്ച ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍, അതിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നു. വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളുമായി ഒരു വര്‍ഷക്കാലം നീണ്ടു നിന്ന വാര്‍ഷികാഘോഷങ്ങള്‍ക്കാണ് ജനുവരി 16 വെള്ളിയാഴ്ച വിരാമമാകുന്നത്. ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തില്‍ ‘നെക്സ്റ്റ്’ എന്ന പേരില്‍ സംഘടിപ്പിക്കപ്പെടുന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി നജീബ് കാന്തപുരം എം എല്‍ എ സംബന്ധിക്കും. വൈകിട്ട് 3.30 മുതല്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ‘നാളെയുടെ ടെക്‌നോളജി മനസ്സിലാക്കാം, നിങ്ങളുടെ ഭാവി ശക്തിപ്പെടുത്താം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ട്രൈനറും, മദ്രാസ് ഐ ഐ ടി അലൂമ്‌നിയും, എക്‌സ് ആന്റ് വൈ ലേര്‍ണിംഗ് അക്കാദമി സി ഇ ഒ യുമായ മുഹമ്മദ് അജ്മല്‍ സി സംസാരിക്കും. എ ഐ യുഗത്തിലെ സുപ്രധാന കോഴ്‌സുകള്‍, പുതിയ വിദ്യാഭ്യാസ പാതകളും അവസരങ്ങളും, വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, രക്ഷിതാക്കള്‍ക്കായുള്ള പ്രായോഗികമായ അവബോധം തുടങ്ങി വിവിധ വിഷയങ്ങള്‍ ചടങ്ങില്‍ ചര്‍ച്ച ചെയ്യും.
