ചരിത്രം ആവര്‍ത്തിച്ച് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ 33-ാം രക്തദാന ക്യാമ്പ്

ദോഹ. ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച 33-ാമത് രക്തദാന ക്യാമ്പ് 13-02-2026 വെള്ളിയാഴ്ച രാവിലെ 7.00 മുതല്‍ വൈകിട്ട് 3.30 വരെ ഹമദ് ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വിജയകരമായി നടന്നു.
വേദി അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരോടൊപ്പം ദേശ-ഭാഷാ ഭേദമന്യേ വനിതകളടക്കം ഏകദേശം 660 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 411 പേര്‍ ദാതാക്കളായി. ഇതോടെ ഹമദ് ബ്ലഡ് ഡോണര്‍ യൂണിറ്റിലേക്ക് ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ എത്തിക്കുന്ന സംഘടനയായി സൗഹൃദ വേദി വീണ്ടും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ആതുരസേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന വേദിയുടെ സേവനം പ്രത്യേകം അഭിനന്ദനാര്‍ഹമാണ്.
രാവിലെ 10.00 മണിക്ക് നടന്ന ഔദ്യോഗിക ഉദ്ഘാടനം ലോക സമാധാനത്തിനായുള്ള മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. വേദി സെക്രട്ടറി ആര്‍.കെ റാഫിയുടെ ആമുഖ പ്രസംഗത്തിനുശേഷം ജനറല്‍ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു സംസാരിച്ചു. ഐസിസി പ്രസിഡന്റും വേദിയുടെ ഉപദേശക സമിതി അംഗവുമായ എ.പി മണികണ്ഠന്‍ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം വേദിയുടെ സേവന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
ഉപദേശക സമിതി ചെയര്‍മാന്‍ വി.എസ്. നാരായണന്‍, ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, വേദി ട്രഷറര്‍ തോമസ് ഔസേപ്പ്, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ രേഖ പ്രമോദ്, എച്ച്.എം.സി ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഇന്‍ചാര്‍ജ് മുഹമ്മദ് റസല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
വേദി കുടുംബസുരക്ഷാ പദ്ധതി വൈസ് ചെയര്‍മാന്‍ സുധന്‍ പ്രിന്‍സ്, കാരുണ്യം പദ്ധതി ചെയര്‍മാന്‍ കുഞ്ഞുമൊയ്ദു, സെക്ടര്‍ കോര്‍ഡിനേറ്റര്‍മാരായ ഷക്കീര്‍ (നാട്ടിക), ഷൗക്കത്ത് (മണലൂര്‍), വനിതാ കോര്‍ഡിനേറ്റര്‍മാരായ ഫസീല നവാസ്, റംഷിദ ബദറുദ്ധീന്‍, വനിതാ കൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്യാമ്പ് മുഖ്യ കോര്‍ഡിനേറ്റര്‍ നിഷാം ഇസ്മായില്‍ നന്ദി പ്രകാശിപ്പിച്ചതോടെ ഔദ്യോഗിക ചടങ്ങുകള്‍ സമാപിച്ചു.

