Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

വ്രതം : ആത്മീയതയും ആയുര്‍വേദവും സംഗമിക്കുന്ന ആരോഗ്യ പഥം


ഡോ. ടിനു തമ്പി, ചീഫ് ഫിസിഷ്യന്‍,ഡെല്‍മ ആയുര്‍വ്വേദ സെന്റര്‍, ഷാര്‍ജ

വ്രതം മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ ആത്മീയ പരിശീലനങ്ങളിലൊന്നാണ്. മനുഷ്യന്‍ ദൈവത്തോട് അടുത്ത് നില്‍ക്കാന്‍ ശ്രമിച്ച എല്ലാ സംസ്‌കാരങ്ങളിലും വ്രതം പല രൂപത്തിലും കാണാം. മതപരമായ ഒരു ആചാരമെന്നതിലുപരി, അത് മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഒരുപോലെ സ്പര്‍ശിക്കുന്ന ഒരു ജീവിതശാസ്ത്രമാണ്.

ആധുനിക വൈദ്യശാസ്ത്രം പോലും ഇന്ന് വ്രതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതായി സമ്മതിക്കുന്നുണ്ട്.

ഭക്ഷണ നിയന്ത്രണത്തിന്റെ പല ആരോഗ്യഗുണങ്ങളും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ ആയുര്‍വേദം പോലുള്ള പുരാതന ചികിത്സാശാസ്ത്രങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.

വ്രതവും ആയുര്‍വേദവും തമ്മിലുള്ള ഈ ബന്ധം മനസ്സിലാക്കുമ്പോള്‍, വ്രതം ഒരു മതാചാരം മാത്രമല്ല അത് മനുഷ്യന്റെ സമഗ്ര സൗഖ്യത്തിനായുള്ള ഒരു പ്രകൃതിദത്ത മാര്‍ഗമാണെന്ന് വ്യക്തമാകുന്നു.

ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്വം വളരെ ലളിതമാണ്:
സമതുലിതാവസ്ഥ ഉണ്ടാകുമ്പോള്‍ ആരോഗ്യം ഉണ്ടാവും. അസമതുലിതാവസ്ഥ ഉണ്ടാകുമ്പോള്‍ രോഗങ്ങളും ഉണ്ടാകും. ശരീരത്തിലെ ദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ സുതാര്യമായ സമതുലിതാവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം എന്ന് ആയുര്‍വേദം പറയുന്നു. ഭക്ഷണക്രമവും ജീവിതരീതിയും ഈ സമതുലിതാവസ്ഥയെ നേരിട്ട് സ്വാധീനിക്കുന്നു.

ഇവിടെയാണ് വ്രതത്തിന്റെ പ്രാധാന്യം തെളിയുന്നത്. ശരീരത്തിന് ഇടവേള നല്‍കുന്ന ഒരു പ്രകൃതിദത്ത രീതിയാണ് വ്രതം. നമ്മള്‍ ദിവസേന ഭക്ഷണം കഴിക്കുമ്പോള്‍ ജീര്‍ണ്ണ പ്രവര്‍ത്തനം തുടര്‍ച്ചയായി നടക്കുന്നു. എന്നാല്‍ ചില മണിക്കൂറുകളോ ചില സമയപരിധിയോ ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരത്തിന് ഒരു ”വിശ്രമം” ലഭിക്കുന്നു. ആയുര്‍വേദത്തില്‍ ഇതിനെ ”അഗ്‌നി”യുടെ സംരക്ഷണം എന്ന് പറയാറുണ്ട് അഥവാ ജീര്‍ണ്ണശക്തിയുടെ സംരക്ഷണം എന്ന് പറയപ്പെടുന്നു..

ശരീരത്തില്‍ പൂര്‍ണ്ണമായി ജീര്‍ണ്ണിക്കാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ ”ആമ” എന്ന വിഷാംശമായി കെട്ടിക്കിടക്കുമെന്ന് ആയുര്‍വേദം വിശദീകരിക്കുന്നു. പല രോഗങ്ങള്‍ക്കും ഇതാണ് അടിസ്ഥാനം എന്ന് ആയുര്‍വേദം കരുതുന്നു. വ്രതം ഈ വിഷാംശങ്ങളെ കുറയ്ക്കാനും ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ ആയുര്‍വേദ ചികിത്സയില്‍ പലപ്പോഴും ഞങ്ങളെ രോഗാവസ്ഥയില്‍ സമീപിക്കുന്നവര്‍ക്ക് ലഘുഭക്ഷണവും ചില പ്രത്യേക ഭക്ഷണങ്ങള്‍ നിരാകരിക്കാനും നിര്‍ദ്ദേശിക്കാറുണ്ട്.

മനുഷ്യന്റെ മാനസികാരോഗ്യത്തിന് ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് നിയന്ത്രണം നഷ്ടപ്പെടുന്ന ജീവിതരീതിയാണ്. നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന ജീവിതം, അമിതഭക്ഷണം, അമിത വിവരപ്രവാഹം ഇതൊക്കെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. എന്നാല്‍ വ്രതം ഈ തിരക്കിനിടയില്‍ ഒരു ഇടവേള സൃഷ്ടിക്കുന്നു.

ആ ഇടവേളയില്‍ മനുഷ്യന്‍ തന്റെ ശരീരത്തെയും മനസ്സിനെയും വീണ്ടും കേള്‍ക്കാന്‍ തുടങ്ങുന്നു.
അതുകൊണ്ടുതന്നെ വ്രതം ഒരു സ്വകാര്യ ആത്മീയാനുഭവം മാത്രമല്ല;ശാരീരിക ആരോഗ്യത്തെ വീണ്ടെടുക്കാനുള്ള ഒരു ഉപാധി കൂടിയാണ് ‘

ഇന്നത്തെ ശാസ്ത്രലോകം ”ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്” പോലുള്ള രീതികളിലൂടെ വ്രതത്തിന്റെ ആരോഗ്യഗുണങ്ങളെ വീണ്ടും പഠിക്കുകയാണ്. ശരീരത്തിലെ കോശങ്ങള്‍ പുതുക്കപ്പെടുന്നതിലും, മെറ്റബോളിസം മെച്ചപ്പെടുന്നതിലും, പ്രതിരോധശേഷി വര്‍ധിക്കുന്നതിലും വ്രതത്തിന് പങ്കുണ്ടെന്നുള്ള പഠനങ്ങള്‍ ഇന്ന് മുന്നോട്ട് വരുന്നു.

അതായത് മതം പഠിപ്പിച്ച ഒരു ആത്മീയ പരിശീലനം, ആയുര്‍വേദം വിശദീകരിച്ച ഒരു ആരോഗ്യശാസ്ത്രം, ആധുനിക ശാസ്ത്രം വീണ്ടും കണ്ടെത്തുന്ന ഒരു ജീവശാസ്ത്രസത്യം ഈ മൂന്ന് വഴികളും ഒരിടത്ത് എത്തിച്ചേരുന്നു.

മനുഷ്യന്‍ തന്റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഒരുമിച്ച് പരിപാലിക്കാന്‍ പഠിക്കുന്ന നിമിഷത്തിലാണ് യഥാര്‍ത്ഥ സൗഖ്യം ജനിക്കുന്നത്. വ്രതം ആ സൗഖ്യത്തിലേക്കുള്ള ഒരു പഴയ വഴിയാണ് …

വ്രതം ശാരീരികവും ആത്മീയവുമായ സൗഖ്യം നല്‍കുന്ന സുപ്രധാനമായ ഒരു കര്‍മമാണ്.

Related Articles

Back to top button